Top

താലിബാൻ അനുകൂല പോസ്റ്റിന്റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റ്; ജാമ്യം നൽകി കോടതി

12 Oct 2021 3:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താലിബാൻ അനുകൂല പോസ്റ്റിന്റെ പേരിൽ യുഎപിഎ ചുമത്തി അറസ്റ്റ്; ജാമ്യം നൽകി കോടതി
X

അഫ്​ഗാനിസ്താനിലെ താലിബാൻ ഭരണത്തെ അനുകൂലിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ അസമിൽ അറസ്റ്റിലായവർക്ക് ജാമ്യം അനുവദിച്ച് കോടതി. അറസ്റ്റിലായ 16 പേരിൽ 14 പേർക്കാണ് പ്രാദേശിക കോടതികളിൽ നിന്നും ജാമ്യം ലഭിച്ചത്. അറസ്റ്റിലായ ഭൂരിഭാ​ഗം പേരുടെയും മേൽ യുഎപിഎ ചുമത്തിയിരുന്നു. എന്നാൽ ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ അറസ്റ്റിലായവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാൽ ജയിലിൽ തുടരേണ്ട കാര്യമില്ലെന്ന് കാട്ടി ജാമ്യം അനുവദിക്കുകയായിരുന്നു.

അറസ്റ്റിലായവരിൽ മാധ്യമപ്രവർത്തകരും അധ്യാപകരും വിദ്യാർത്ഥികളും ഓട്ടോ ഡ്രൈവറും ഉൾപ്പെട്ടിരുന്നു. 16 പേരിൽ രണ്ട് പേർക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കേസിൽ അടുത്ത വാദം ഒക്ടോബർ 22 നാണ്. അന്ന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇവരുടെ അഭിഭാഷകൻ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആ​ഗ്സറ്റ് 21, 22 തിയ്യതികളിലായി അസമിൽ താലിബാൻ അനുകൂല പോസ്റ്റിന്റെ പേരിൽ അറസ്റ്റ് നടന്നത്. മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ്മയാണ് അറസ്റ്റിന് നിർദ്ദേശം നൽകിയത്. അസം സെപ്ഷ്യൽ ഡിജിപി ജിപി സിം​ഗിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ജാമ്യം ലഭിച്ചതിനെ പറ്റി ചോദിച്ചപ്പോൾ കോടതിയുടെ പ്രത്യേക അധികാരത്തിനുള്ളിൽ വരുന്നതാണ് ജാമ്യമെന്ന് അദ്ദേഹം പ്രതികരിച്ചു.

Next Story