Top

'യുവാക്കള്‍ക്ക് സമയമാകുമ്പോള്‍ അവസരം'; കോണ്‍ഗ്രസ് ഇപ്പോള്‍ പ്രതിസന്ധി ഘട്ടത്തിലാണെന്ന് ഗെഹ്‌ലോട്ട്

തങ്ങള്‍ക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കും നല്‍കിയതുപോലുള്ള അവസരങ്ങള്‍ കേന്ദ്ര നേതൃത്വം അവര്‍ക്കും നല്‍കുമെന്ന് ഗെഹ്‌ലോട്ട്

17 Oct 2022 3:07 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവാക്കള്‍ക്ക് സമയമാകുമ്പോള്‍ അവസരം; കോണ്‍ഗ്രസ് ഇപ്പോള്‍ പ്രതിസന്ധി ഘട്ടത്തിലാണെന്ന് ഗെഹ്‌ലോട്ട്
X

ജയ്പൂര്‍: കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ക്ക് സമയമാകുമ്പോള്‍ അവസരം ലഭിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. പാര്‍ട്ടിയുടെ ഒരു തലത്തിലും അനുഭവപരിചയത്തിന് പകരം വെക്കാന്‍ മറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജോതിരാദിത്യ സിന്ധ്യയേയും ജിതിന്‍ പ്രസാദയേയും രൂക്ഷമായി വിമര്‍ശിച്ച ഗെഹ്‌ലോട്ട് പാര്‍ട്ടി വിട്ടവര്‍ അവസരവാദികളാണെന്ന് കുറ്റപ്പെടുത്തി. വളരെ ചെറുപ്രായത്തില്‍ തന്നെ അവര്‍ കേന്ദ്രമന്ത്രിമാരായി. യാതൊരു അധ്വാനവും കൂടാതെയാണ് അവര്‍ ഈ സ്ഥാനങ്ങള്‍ നേടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

യുവനേതാക്കള്‍ അവസരങ്ങള്‍ക്കായി കാത്തിരിക്കണം. അവര്‍ കഠിന പ്രയത്‌നം നടത്തണം. തങ്ങള്‍ക്കും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കും നല്‍കിയതുപോലുള്ള അവസരങ്ങള്‍ കേന്ദ്ര നേതൃത്വം അവര്‍ക്കും നല്‍കുമെന്ന് ഗെഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പ്രതിസന്ധിയെ കുറിച്ച് ചോദിച്ചപ്പോള്‍ സച്ചിന്‍ പൈലറ്റിന്റെ പേര് എടുത്ത് പറയാതെയായിരുന്നു ഗെഹ്‌ലോട്ടിന്റെ പ്രതികരണം.

തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടപ്പോഴും പാര്‍ട്ടി വെല്ലുവിളികള്‍ നേരിടുമ്പോഴും ഞങ്ങള്‍ കോണ്‍ഗ്രസിനായി പണിയെടുത്തു. നല്ല ദിനങ്ങള്‍ വരുമ്പോള്‍ എല്ലാവര്‍ക്കും അവസരം ലഭിക്കും. കോണ്‍ഗ്രസില്‍ ഇപ്പോഴുള്ളവര്‍ക്ക് എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്ന ഗെഹ്‌ലോട്ട് അത്തരത്തിലുള്ളവര്‍ പ്രവര്‍ത്തിക്കേണ്ട പ്രതിസന്ധി ഘട്ടത്തിലാണ് ഇപ്പോള്‍ പാര്‍ട്ടിയുള്ളതെന്നും കൂട്ടിച്ചേര്‍ത്തു.

Story highlights: Ashok Gehlot said that Congress is now in critical situation

Next Story