Top

'പാവങ്ങളെ സഹായിക്കണം, ഇനി പേര് മോശമാക്കില്ല'; കൗൺസിലിങ്ങിൽ ആര്യൻ ഖാൻ

17 Oct 2021 11:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാവങ്ങളെ സഹായിക്കണം, ഇനി പേര് മോശമാക്കില്ല; കൗൺസിലിങ്ങിൽ ആര്യൻ ഖാൻ
X

ഇനി തന്റെ പേര് മോശമാക്കുന്ന ഒരു കാര്യവും ചെയ്യില്ലെന്ന് മയക്കു മരുന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. ഭാവിയില്‍ താന്‍ പാവങ്ങളെ സഹായിക്കാനാഗ്രഹിക്കുന്നെന്നും ആര്യന്‍ എന്‍സിബിയോട് പറഞ്ഞു.

കേസിന്റെ നടപടികളുടെ ഭാഗമായുള്ള കൗണ്‍സിലിങ്ങിലാണ് ആര്യന്റെ പ്രതികരണം. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്ക്‌ഡെയും സാമൂഹ്യ പ്രവര്‍ത്തകരും കൗണ്‍സിലിങ്ങിനുണ്ടായിരുന്നു.

നിലവില്‍ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യനുള്ളത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സമൂഹത്തില്‍ താഴേക്കടിയിലുള്ളവരെ സാമ്പത്തികമായി മുന്നേറാന്‍ സഹായിക്കുമെന്നാണ് ആര്യന്‍ പറയുന്നത്. ഒക്ടോബര്‍ 20 നാണ് ആര്യന്റെ ജാമ്യപേക്ഷയില്‍ കോടതി വിധിപറയുക.

കഴിഞ്ഞ ദിവസം ആര്യന്‍ ഖാന്റെ ചിലവിന് 4500 രൂപ പിതാവ് ഷാരൂഖ് ഖാന്‍ അയച്ചു കൊടുത്തിരുന്നു. തടവുകാരന് വീട്ടില്‍ നിന്നും 4500 രൂപ അയച്ചു കൊടുക്കാമെന്ന നിയമം നിലനില്‍ക്കെയാണ് താരം പണം നല്‍കിയത്. ജയിലിലെ കാന്റീന്‍ ചിലവുകള്‍ക്ക് മറ്റുമായാണ് ഈ തുക ഉപയോഗിക്കുക. ആര്യന്‍ ഖാന് വീഡിയോ കോള്‍ വഴി പത്ത് മിനിറ്റ് വീട്ടുകാരുമായി സംസാരിക്കാനും അവസരം ലഭിച്ചു. കോവിഡ് സാഹചര്യത്തില്‍ സന്ദര്‍ശനത്തിന് അനുമതി ഇല്ലാതായതോടെ വീഡിയോ കോളിനുള്ള അനുമതി ഹൈക്കോടതി നല്‍കുകയായിരുന്നു.

ആഴ്ചയില്‍ രണ്ടു തവണ വീട്ടുകാരുമായി സംസാരിക്കാന്‍ അവസരമുണ്ടെങ്കിലും ആര്യന്‍ ഒരു തവണ മാത്രമാണ് വീഡിയോ കോള്‍ സൗകര്യം ഉപയോഗപ്പെടുത്തിയത്. ആര്യന്‍ ജയിലില്‍ നിന്നും ഭക്ഷണം ഇഷ്ടമായില്ലെന്നും കഴിക്കുന്നില്ലെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതേതുടര്‍ന്ന മകന് ഭക്ഷണവുമായി അമ്മ ഗൗരി എത്തിയിരുന്നെങ്കിലും പോലീസ് തടയുകയായിരുന്നു.

Next Story