അദാനിയുടെ നഷ്ടത്തിന്റെ കണക്ക് ഉയരുന്നു; ഇതുവരെ നഷ്ടമായത് 3.60 ലക്ഷം കോടി
സെന്‍സെക്‌സ് 874 പോയിന്റും നിഫ്റ്റി 285 പോയിന്റും ഇടിഞ്ഞു
27 Jan 2023 12:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുംബൈ: ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഓഹരിമൂല്യം ഇടിയുന്നതിന് പിന്നാലെ ഇന്ത്യന്‍ ഓഹരി വിപണിക്കും കനത്ത നഷ്ടം. ആദാനി ഓഹരികള്‍ക്ക് പിന്നാലെ ബാങ്ക് ഓഹരികളിലും വലിയ ഇടിവാണ് ഉണ്ടായത്. സെന്‍സെക്‌സ് 874 പോയിന്റും നിഫ്റ്റി 285 പോയിന്റും ഇടിഞ്ഞു. ഇതോടെ അദാനി ഗ്രൂപ്പിന്റെ നഷ്ടം 3.60 ലക്ഷം കോടിയായെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം കഴിഞ്ഞ ദിവസം ഇടിഞ്ഞിരുന്നു. ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നുവെന്ന റിപ്പോര്‍ട്ടാണ് ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരായി പുറത്ത് വിട്ടത്. ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ അദാനി ഗ്രൂപ്പ് നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ്. അദാനി എന്റര്‍പ്രൈസസിന്റെ എഫ് പി ഒ അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നാണ് കമ്പനി ആരോപിക്കുന്നത്.
അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ ഇടിയുന്നത് തുടരുന്നതിനിടെ ആഗോള ധനികരുടെ പട്ടികയിലും ഗൗതം അദാനി കൂപ്പുകുത്തിയിരുന്നു. വിപണി മൂലധനത്തില്‍ ഏകദേശം രണ്ട് ലക്ഷം കോടി രൂപ നഷ്ടപ്പെട്ടതോടെ ലോക കോടീശ്വരന്മാരുടെ ആദ്യ അഞ്ചിലെ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ഒരു ദിവസം കൊണ്ട് നാലാം സ്ഥാനത്ത് നിന്ന് ഏഴാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്.
STORY HIGHLIGHTS: Adani group lose nearly three lakh crore in market value