ഒമിക്രോണ്‍ ബാധിതന് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്; നാല് പേര് അറസ്റ്റില്‍
രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ സെല്‍ഫ് ഐസൊലേഷന്‍ മതിയെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു
14 Dec 2021 7:37 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബംഗളൂരു: കര്‍ണാടകയില്‍ ഒമിക്രോണ്‍ ബാധിതനായ ദക്ഷിണാഫ്രിക്കന്‍ പൗരന് വ്യാജ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്കി രാജ്യം വിടാന്‍ സഹായിച്ച സംഭവത്തില്‍ നാല് പേര് അറസ്റ്റില്‍. ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ഒമിക്രോണ്‍ കേസുകളിലൊരാളാണ് വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിട്ടത്. സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയില്‍ ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ട് പേരില്‍ ഒരാളായിരുന്നു 66 കാരനായ ദക്ഷിണാഫ്രിക്കന്‍ പൗരന്. എന്നാല്‍ ഇദ്ദേഹത്തിന് ഒമിക്രോണുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ സാമ്പിള്‍ പരിശോധന നടക്കവെ ഇദ്ദേഹം ഇന്ത്യ വിട്ടിരുന്നു. ഒമിക്രോണ്‍ സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പൗരന് ഇന്ത്യയിലുണ്ടായിരുന്നില്ല.
നവംബര്‍ 20 നാണ് ദുബായ് വഴി ദക്ഷിണാഫ്രിക്കന്‍ പൗരന് ബെംഗ്ളൂരുവിലെത്തുന്നത്. വനപ്പോള്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ ഡോക്ടറെത്തി പരിശോധിക്കുകയും ചെയ്തിരുന്നു. രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ സെല്‍ഫ് ഐസൊലേഷന്‍ മതിയെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നയാളായതിനാല്‍ ഇദ്ദേഹത്തിന്റെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കയച്ചു. എന്നാല്‍ ഈ പരിശോധന ഫലം വരുന്നതിന് മുമ്പ് നവംബര്‍ 23 ന് ഇദ്ദേഹം ഒരു സ്വകാര്യ പരിശോധന കേന്ദ്രത്തില്‍ വെച്ച് കൊവിഡ് പരിശോധന നടത്തി. പരിശോധന ഫലം നെഗറ്റീവായിരുന്നു. ഈ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വെച്ചാണ് ഇദ്ദേഹം രാജ്യം വിട്ടത്. വ്യാജ പരിശോധന ഫലമാണോ ഇദ്ദേഹത്തിന് ലഭിച്ചതെന്നും അന്വേഷിക്കും. അതേസമയം ഇദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്ന ആര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല.