നീറ്റ് കേസ്: വീഡിയോ വ്യജമെന്ന് സത്യവാങ്മൂലം; കേന്ദ്രത്തെ പിന്തുണച്ച് എൻടിഎ സുപ്രീം കോടതിയിൽ

മെയ് നാലിന് ചോദ്യപേപ്പ‍ർ ചോർന്നുവെന്ന് കാണിക്കാൻ സമയത്തിൽ കൃത്രിമം കാണിച്ചുവെന്നാണ് എൻടിഎ പറയുന്നത്
Supreme Court
Supreme Court

ഡൽഹി: നീറ്റ് - യുജി പരീക്ഷയിൽ കൂട്ടക്രമക്കേട് നടന്നിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റ സത്യവാങ്മൂലത്തിനെ പിന്തുണച്ച് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ). സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്രത്തെ പിന്തുണയ്ക്കുകയായിരുന്നു എൻടിഎ. പരീക്ഷാ പേപ്പർ ചോർന്നതും ഒഎംആർ ഷീറ്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലുമായി ഇതുവരെ 47 പേരെ മാത്രമാണ് സംശയിക്കുന്നത്. ഇതിൽ 17 പേർ പാറ്റ്നയിൽ നിന്നും 30 പേർ ​ഗോധ്രയിൽ നിന്നുമുള്ളവരാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മെഡിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കാൻ ഒരു ദിവസം ബാക്കി നിൽക്കെയാണ് എൻടിഎ സത്യവാങ്മൂലം നൽകിയിരിക്കുന്നത്. ടെല​ഗ്രാമിൽ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് അം​ഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. തെറ്റിദ്ധാരണയുണ്ടാക്കാൻ കൃത്രിമം കാണിച്ചു. മെയ് നാലിന് ചോദ്യപേപ്പ‍ർ ചോർന്നുവെന്ന് കാണിക്കാൻ സമയത്തിൽ കൃത്രിമം കാണിച്ചു. വീഡിയോയിലെ സ്ക്രീൻ ഷോട്ട് വ്യാജമായി നിർമ്മിച്ചതാണെന്നും എൻടിഎ സത്യവാങ്മൂലത്തിൽ പറയുന്നു. മാർക്ക് വിതരണത്തെ സ്വാധീനിക്കുന്ന ബാഹ്യഘടകങ്ങൾ ഉണ്ടായിട്ടില്ലെന്നും എൻടിഎ സത്യവാങ്മൂലത്തിൽ അറിയിച്ചു.

ജൂലൈ എട്ടിന് കേസ് പരി​ഗണിക്കവെ, പരീക്ഷാ പേപ്പർ ചോർന്നതടക്കമുള്ള വിഷയങ്ങളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്രത്തോടും നാഷണൽ ടെസ്റ്റിങ് ഏജൻസിയോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിൽ ഐഐടി മദ്രാസിന്റെ പഠന റിപ്പോർട്ടാണ് സത്യവാങ്മൂലത്തിനൊപ്പം കേന്ദ്രം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

നീറ്റ് പരീക്ഷയിൽ ദുരുപയോഗം നടന്നതിന്റെയോ ‌വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിച്ചതിൻ്റെയോ സൂചനയില്ലെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. മാർക്ക് നൽകുന്നതിൽ യാതൊരുവിധ ക്രമക്കേടും നടന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രവേശനവുമായി ബന്ധപ്പെട്ട കൗൺസിലിങ്ങിന്റെ ആദ്യ നാല് ഘട്ടങ്ങൾ ജൂലൈ മൂന്നാമത്തെ ആഴ്ച ആരംഭിക്കുമെന്ന് സത്യവാങ്മൂലത്തിൽ കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഒരു പരീക്ഷാ‍ർത്ഥി ക്രമക്കേട് കാണിച്ചതിനായി കണ്ടെത്തിയാൽ കൗൺസിലിംഗ് പ്രക്രിയയിലോ അതിനുശേഷമോ ഉള്ള ഘട്ടങ്ങളിൽ പ്രവേശനം റദ്ദാക്കപ്പെടുമെന്നും സത്യവാങ്മൂലത്തിൽ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

പരീക്ഷാ പേപ്പർ ചോർന്നുവെന്നത് അം​ഗീകരിച്ച യാഥാർ‌ത്ഥ്യമാണ്. എന്നാൽ പുനഃപരീക്ഷ നടത്തുന്നതിൽ തീരുമാനമെടുക്കും മുമ്പ് ക്രമക്കേടിന്റെ വ്യാപ്തി അറിയണമെന്നാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡ‍് ജൂലൈ എട്ടിന് നടന്ന വാദത്തിൽ നിരീക്ഷിച്ചത്. 23 ലക്ഷം കുട്ടികളുടെ ഭാവിയാണ് കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ട് സംഭവിച്ച ക്രമക്കേടിന്റെ ആഴമറിയണമെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ വാക്കുകൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com