'നീറ്റ്' ക്രമക്കേട് ഇന്ന് സുപ്രീം കോടതിയിൽ; പരിഗണിക്കുക 26 ഹർജികൾ

പുനഃപരീക്ഷ വേണ്ട എന്ന് ആവശ്യപ്പെട്ടും ഹർജികൾ വന്നിട്ടുണ്ട്
'നീറ്റ്' ക്രമക്കേട് ഇന്ന് സുപ്രീം കോടതിയിൽ; പരിഗണിക്കുക 26 ഹർജികൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകൾ സംബന്ധിച്ച ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. മൊത്തം 26 ഹർജികളാണ് സുപ്രീം കോടതി പരിഗണിക്കുക.

പരീക്ഷ റദ്ദാക്കുക, ഗ്രേസ് മാർക്ക് നൽകിയതിൽ വിശദമായ അന്വേഷണം നടത്തുക, പുനഃപരീക്ഷ അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുള്ളത്. ഇവയിൽ ഇന്ന് സുപ്രീം കോടതി വിശദമായ വാദം കേൾക്കും. പുനഃപരീക്ഷ വേണ്ട എന്ന് ആവശ്യപ്പെട്ടും ഹർജികൾ വന്നിട്ടുണ്ട്. കൗൺസിലിങ് നടപടികൾ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹർജിക്കാരിൽ ചിലർ ഉന്നയിച്ചിരുന്നെങ്കിലും ഇതിന് അവധിക്കാല ബെഞ്ച് തയ്യാറായിരുന്നില്ല.

അതിനിടെ ഹർജികൾ പരിഗണിക്കുന്നതിന് മുന്നോടിയായി സോളിസിറ്റർ ജനറൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. കോടതിയിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യം ചർച്ചയിൽ ഉണ്ടായതായാണ് സൂചന. ചില സംസ്ഥാനങ്ങളിൽ മാത്രം നടന്ന ചോദ്യപ്പേപ്പർ ചോർച്ച പരീക്ഷയെ മൊത്തമായി ബാധിച്ചിട്ടില്ല എന്നാണ് സർക്കാർ നിലപാട്. കേസ് ഇന്ന് പരിഗണിക്കാനിരിക്കെ കൗൺസിലിങ് ഈ മാസം ഇരുപതിന് ശേഷമേ ഉണ്ടാകുകയുള്ളൂ എന്നും സർക്കാർ നിലപാട് വ്യക്തമാക്കിയിരുന്നു. അങ്ങനെയെങ്കിൽ ഇന്ന് ഹർജികൾ പരിഗണിച്ച് കോടതി പുറപ്പെടുവിക്കുന്ന വിധിന്യായം കൗൺസിലിങ് സംബന്ധിച്ച തീരുമാനത്തിൽ നിർണായകമാകും.

അതേസമയം, രാജ്യമെങ്ങും ചോദ്യപ്പേപ്പർ ചോർച്ച വലിയ വിവാദമായിരിക്കെ, അവ സുരക്ഷിതമാക്കാൻ ഉത്തർപ്രദേശ് സർക്കാർ ഒരു ആശയം കണ്ടെത്തിയതായി വാർത്തകളുണ്ട്. ചോർച്ച ഭയന്ന് ഉത്തര്‍പ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ (യുപിപിഎസ്‌സി) മൾട്ടി-ലേയേർഡ് ഡിജിറ്റൽ ലോക്കുകളുള്ള ബോക്സുകൾ സ്ഥാപിക്കുന്നതായിയാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷവും രണ്ട് പരീക്ഷകൾക്ക് യുപിപിഎസ്‌സി സമാനമായ രീതിയാണ് ഉപയോഗിച്ചത്. ഇനിമുതല്‍ ഈ സംവിധാനം എല്ലാ റിക്രൂട്ട്‌മെൻ്റ് പരീക്ഷകൾക്കും ബാധകമാകും. എല്ലാ റിക്രൂട്ട്‌മെൻ്റ് ബോർഡിലും സെലക്ഷൻ കമ്മീഷനിലും ഒരു കൺട്രോൾ റൂം സ്ഥാപിക്കും. അവിടെ നിന്ന് എല്ലാ പരീക്ഷകളും നിരീക്ഷിക്കാനാകും.

ട്രഷറിയിൽ നിന്ന് പേപ്പറുകൾ എടുക്കുന്നത് മുതൽ പരീക്ഷാ കേന്ദ്രത്തിലെ പേപ്പർ ബണ്ടിൽ തുറക്കുന്നത് വരെയുള്ള മുഴുവൻ നടപടികളും സിസിടിവി ക്യാമറകളിലൂടെ നിരീക്ഷിക്കും. ഇവയുടെ റെക്കോർഡിംഗുകള്‍ ഒരു വർഷത്തേക്ക് സേവ് ചെയ്യും. ചോദ്യപേപ്പറുകൾ പ്രിൻ്റിംഗ് പ്രസിൽ നിന്ന് എടുത്ത ശേഷം മൾട്ടി ലെയേർഡ് ഡിജിറ്റൽ ലോക്കുകളുള്ള ഇരുമ്പ് ബോക്സുകളിൽ സൂക്ഷിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

തുടർന്ന് അവ അതത് ജില്ലകളിലെ ട്രഷറിയിൽ സൂക്ഷിക്കുകയും അതേ പെട്ടികളിൽ പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിക്കുകയും ചെയ്യും. ഡിജിറ്റൽ ലോക്ക് കോഡ് ഒരു ഉദ്യോഗസ്ഥൻ്റെ പക്കലുണ്ടാകും. പരീക്ഷയ്ക്ക് 30 മിനിറ്റ് മുമ്പ് മാത്രമേ അത് വെളിപ്പെടുത്തൂ. ബോക്സുകൾക്ക് ഇരുവശത്തും ലോക്കുകളുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com