ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്ക് ഇന്ന് തുടക്കം; രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും

രഥയാത്രയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാവിലെ ക്ഷേത്ര ദർശനം നടത്തി.

dot image

ഭുവനേശ്വർ: ഈ വർഷത്തെ ജഗന്നാഥ രഥയാത്ര ഇന്ന് ആരംഭിക്കും. മഹാരഥ യാത്രയിൽ രാഷ്ട്രപതി ദ്രൗപതി മുർമു പങ്കെടുക്കും. രഥയാത്രയുടെ അനുബന്ധ ചടങ്ങുകളും ഇന്ന് നടക്കും. ഈ വർഷം രണ്ട് ദിവസത്തെ പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. 1971ന് ശേഷം ഇതാദ്യമായാണ് രണ്ട് ദിവസത്തെ പരിപാടി സംഘടിപ്പിക്കുന്നത്.

രഥയാത്രയ്ക്ക് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് രാവിലെ ക്ഷേത്ര ദർശനം നടത്തി. അതിരാവിലെ നടന്ന മംഗള ആരതിയിലും അമിത് ഷാ പങ്കെടുത്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും കഴിഞ്ഞ ദിവസം പുരി ജഗന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ഒഡീഷ ഗവർണർ, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവരെല്ലാം ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്.

രഥയാത്രയുടെ സുഗമമായ നടത്തിപ്പും രാഷ്ട്രപതിയുടെ സുരക്ഷയും കണക്കിലെടുത്ത് ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ഭക്തർ രഥയാത്രയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. സന്ദർശനത്തിനായി പ്രത്യേക സജ്ജീകരണങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഭക്തരുടെ സുരക്ഷയ്ക്കായി 15,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.

ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്നുണ്ടായ അപകടം; മരണസംഖ്യ മൂന്നായി

നൂറ്റാണ്ടുകളുടെ പഴക്കമുളള ജഗന്നാഥ രഥയാത്ര എല്ലാ വർഷവും നടത്തപ്പെടാറുണ്ട്. ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിച്ച ക്ഷേത്രത്തിലേക്കാണ് രഥയാത്ര നടക്കുക. ഭഗവാൻ ജഗന്നാഥന്റെയും സഹോദരന് ബലഭദ്രന്റെയും സഹോദരി സുഭദ്രയുടെയും യാത്രയെ അനുസ്മരിക്കുന്നതാണ് ഈ യാത്ര. രഥയാത്ര അവസാനിക്കുന്നത് ഗുണ്ടിച്ച ക്ഷേത്രത്തിലാണ്. 'ബഹുദ യാത്ര' എന്നറിയപ്പെടുന്ന മടക്കയാത്ര ഒമ്പത് ദിവസത്തിന് ശേഷമാണ് നടത്തപ്പെടുക. രഥങ്ങൾ പൊളിക്കുന്നതോടെ ഉത്സവം സമാപിക്കും.

dot image
To advertise here,contact us
dot image