ഹിന്ദുത്വം വിദ്വേഷം പ്രചരിപ്പിക്കുന്നില്ല; പാര്‍ലമെന്റില്‍ ശിവന്റെ ചിത്രമുയര്‍ത്തി രാഹുല്‍ ഗാന്ധി

ശിവന്റെ ചിത്രം ഉയര്‍ത്തിയത് സ്പീക്കര്‍ ഓം ബിര്‍ള എതിര്‍ത്തു.
ഹിന്ദുത്വം വിദ്വേഷം പ്രചരിപ്പിക്കുന്നില്ല; പാര്‍ലമെന്റില്‍ ശിവന്റെ ചിത്രമുയര്‍ത്തി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ശിവന്റെ ചിത്രം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. വിദ്വേഷവും വെറുപ്പും തെറ്റുകള്‍ പ്രചരിപ്പിക്കുന്നതുമല്ല ഹിന്ദുത്വം എന്നു പറഞ്ഞാണ് ലോക്‌സഭയില്‍ രാഹുല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത്. എന്നാല്‍ ബിജെപി ഇക്കാര്യങ്ങള്‍ മാത്രമാണ് പ്രചരിപ്പിക്കുന്നതെന്നും രാഹുല്‍ കടന്നാക്രമിച്ചു. ധൈര്യത്തെക്കുറിച്ചാണ് എല്ലാമതത്തിലും പരാമര്‍ശിക്കുന്നത്. ഭയരഹിതനായിരിക്കണമെന്നാണ് സിക്കിസത്തിലും ഇസ്ലാമിസത്തിലും പറയുന്നതെന്നും രാഹുല്‍ പരാമര്‍ശിച്ചു.

എന്നാല്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയത് സ്പീക്കര്‍ ഓം ബിര്‍ള എതിര്‍ത്തു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുന്നത് റൂള്‍സിന് എതിരാണെന്ന് സ്പീക്കര്‍ പറഞ്ഞു.ഭരണഘടനക്കെതിരെ നിരന്തരം ആസൂത്രിതമായ ആക്രമണം നടക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി ചൂണ്ടികാട്ടി.

'ഇന്ത്യ, ഭരണഘടന, ഭരണഘടനയ്ക്കെതിരായ ആക്രമണത്തെ ചെറുത്തുനില്‍ക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആസൂത്രിതമായ ആക്രമണം നടന്നിട്ടുണ്ട്. ഞങ്ങളില്‍ പലരും ആക്രമിക്കപ്പെട്ടു. ചില നേതാക്കള്‍ ഇപ്പോഴും ജയിലിലാണ്. അധികാരത്തിന്റെയും സമ്പത്തിന്റെയും വികേന്ദ്രീകരണത്തെ എതിര്‍ത്തവരും ദരിദ്രരും ദലിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെട്ടു. രാഹുല്‍ ഗാന്ധി പറഞ്ഞു.

'അഭയമുദ്രയാണ് കോണ്‍ഗ്രസിന്റെ ചിഹ്നം. അത് നിര്‍ഭയത്വം, ഉറപ്പ്, സുരക്ഷ എന്നിവയെ ചൂണ്ടികാട്ടുന്നു. മഹാന്മാരായ നമ്മുടെ നേതാക്കളെല്ലാം അഹിംസയ്ക്ക് വേണ്ടിയും ഭയരഹിതരായിരിക്കാനും വാദിച്ചവരാണ്. ഇവിടെ ഹിന്ദുവെന്ന് അവകാശപ്പെടുന്നവര്‍ അക്രമം, വെറുപ്പ്, അസത്യം എന്നിവ പ്രചരിപ്പിക്കുന്നു. നിങ്ങള്‍ യഥാര്‍ത്ഥ ഹിന്ദുക്കളല്ല' രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം നല്‍കിയ സര്‍ക്കാര്‍ ഉത്തരവില്‍ ഞാനും ആക്രമിക്കപ്പെട്ടു. അതില്‍ ഏറ്റവും ആസ്വാദ്യകരമായത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ 55 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ ആയിരുന്നുവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

അതേസമയം രാഹുല്‍ ഗാന്ധി രാജ്യത്തെ മുഴുവന്‍ ഹിന്ദുക്കളെയും അപമാനിച്ചെന്നും ഹിന്ദുക്കള്‍ അക്രമകാരികളാണെന്ന് പരാമര്‍ശം ഗുരുതരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു.

അഗ്നിവീറുകള്‍ സര്‍ക്കാരിനെ സംബന്ധിച്ച് ആവശ്യം കഴിയുമ്പോള്‍ ദൂരേക്ക് എറിയുന്ന തൊഴിലാളികള്‍ ആണെന്നും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി കത്തുന്ന മണിപ്പൂരില്‍ സന്ദര്‍ശനം നടത്തിയില്ല. ബിജെപിയുടെ രാഷ്ട്രീയമാണ് മണിപ്പൂരില്‍ കത്തുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അയോധ്യ വിഷയവും രാഹുല്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തി. അയോധ്യ പാര്‍ലമെന്റില്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി. രാമന്റെ ജന്മഭൂമി ബിജെപിക്ക് സന്ദേശം നല്‍കിയെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. അയോധ്യ എന്ന വാക്ക് ഉപയോഗിച്ചപ്പോള്‍ തന്നെ മൈക്ക് ഓഫായി എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അയോധ്യയില്‍ ജനങ്ങളില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് എയര്‍പോര്‍ട്ട് ഉണ്ടാക്കി. ഇതുവരെ നഷ്ടപരിഹാരം പോലും നല്‍കിയിട്ടില്ല. അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ അയോധ്യ വാസികള്‍ ഉണ്ടായിരുന്നില്ല. അവരില്‍ മോദി ഭയം ഉണ്ടാക്കി. അവരില്‍ നിന്നും കെട്ടിടവും ഭൂമിയും കവര്‍ന്നെടുത്തുവെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

സ്വന്തം മണ്ഡലമായ വാരാണസിയില്‍ ഇത്തവണ മോദി കഷ്ടിച്ച് രക്ഷപ്പെട്ടതാണ്. മോദി ബിജെപിക്കാരെ തന്നെ ഭയപ്പെടുത്തി നിര്‍ത്തുകയാണ്. മോദി വരും മുമ്പ് ചിരിച്ചുകൊണ്ട് നമസ്‌തെ പറഞ്ഞ് രാജ്‌നാഥ് സിംഗ് പിന്നീട് ഗൗരവത്തിലായെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com