ഇരു സഭകളിലും കത്തി കയറി നീറ്റ്; രാഹുലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ, ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു

നീറ്റ് പരീക്ഷാ വിവാദം ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനും സഭാസ്‌തംഭനത്തിനും ഒടുവിൽ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു
ഇരു സഭകളിലും കത്തി കയറി നീറ്റ്; രാഹുലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ, ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു

ന്യൂഡൽഹി: നീറ്റ് പരീക്ഷാ വിവാദം ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനും സഭാ സ്‌തംഭനത്തിനും ഒടുവിൽ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്സഭയിൽ സഭാ നടപടികൾ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ ആവശ്യത്തിൽ സഭ സ്തംഭിക്കുകയും ഉച്ചയ്ക്ക് 12 മണി വരെ സഭ നടപടികൾ നിർത്തിവെക്കുകയും ചെയ്തിരുന്നു. പിന്നീട് 12 മണിക്ക് സഭ പുനരാരംഭിച്ചതിന് ശേഷമാണ് ഇന്നത്തേക്ക് പിരിഞ്ഞതായും തിങ്കളാഴ്ച്ച വീണ്ടും സഭ കൂടുമെന്നും സ്പീക്കറുടെ അറിയിപ്പുണ്ടായത്.

നീറ്റ് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ സ്പീക്കർ അനുകൂല സമീപനം സ്വീകരിച്ചിരുന്നില്ല. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച നടക്കേണ്ടതിനാൽ വിഷയം ഇന്ന് ചർച്ച ചെയ്യാനാവില്ലെന്നാണ് സ്പീക്കർ ഓം ബിർള ലോക്സഭയിൽ അറിയിച്ചത്. പ്രതിപക്ഷം സ്പീക്കറുടെ ഈ നിർദേശം അംഗീകരിക്കാൻ തയ്യാറാവാത്തതോടെ ബഹളത്തെ തുടർന്ന് ലോക്സഭ താത്കാലികമായി നിർത്തിവെച്ചു. സുപ്രിയ സുലെയാണ് ലോക്സഭയിൽ വിഷയം ആദ്യം ഉന്നയിച്ചത്. ശേഷം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതികരണം നടത്തി. രാജ്യത്തെ യുവാക്കളുടെ ഭാവിയെ ബാധിക്കുന്ന പ്രശ്നത്തിന് അടിയന്തര പ്രാധാന്യം നൽകണമെന്നായിരുന്നു രാഹുലിന്റെ ആവശ്യം. പ്രസംഗത്തിനിടയിൽ രാഹുലിന്റെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തതും പ്രതിഷേധത്തിന് ഇടയാക്കി.

12 മണിക്ക് ശേഷം പുനരാരംഭിച്ച സഭയിൽ ഒരു ലോക്സഭ അംഗത്തിന്റെ സത്യപ്രതിജ്ഞയും നടന്നു. രാജ്യസഭയിലും സഭ നിർത്തി വെച്ച് കൊണ്ട് വിഷയം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. ചട്ടം 262 പ്രകാരം സഭ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് രാജ്യസഭയിൽ കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര വിദ്യഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയും പ്രതിപക്ഷം ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് എംപിമാർ രാജ്യസഭയിൽ നടുക്കളത്തിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്കിടയിലും രാജ്യസഭയിൽ രാഷ്‌ട്രപതിക്കുള്ള നന്ദി പ്രമേയ ചർച്ച ആരംഭിച്ചു. ചർച്ചയിൽ കേന്ദ്ര പാർലമെന്ററി മന്ത്രിയായ കിരൺ റിജിജു പരസ്യമായി പ്രതിപക്ഷത്തിനെതിരെ രംഗത്തെത്തി.

സഭാ മുന്നോട്ട് കൊണ്ട് പോകാനുള്ള ഉത്തരവാദിത്തം എല്ലാവരുടെതുമാണെന്നും നന്ദി പ്രമേയ ചർച്ചയ്ക്ക് മുൻപ് മറ്റ് വിഷയങ്ങളിൽ ചർച്ച ചെയ്യുന്ന കീഴ്വഴക്കം ഇല്ലെന്നും പ്രതിപക്ഷത്തിന് ചോദ്യങ്ങളുണ്ടെങ്കിൽ നന്ദി പ്രമേയ ചർച്ചയിൽ വിഷയം ഉന്നയിക്കൂവെന്നും കിരൺ റിജിജു പറഞ്ഞു. 'എല്ലാ വിഷയത്തിലും സർക്കാർ മറുപടി നൽകും, പ്രതിപക്ഷം ചർച്ച ആഗ്രഹിക്കുന്നില്ല, ബഹളമുണ്ടാക്കി സഭാ നടപടികൾ തടയാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്', കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി ആരോപിച്ചു.

ഇരു സഭകളിലും കത്തി കയറി നീറ്റ്; രാഹുലിന്റെ മൈക്ക് ഓഫ് ചെയ്ത് സ്പീക്കർ, ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു
'ചർച്ച വേണം'; നീറ്റിൽ സ്തംഭിച്ച് ലോക്സഭയും രാജ്യസഭയും

Related Stories

No stories found.
logo
Reporter Live
www.reporterlive.com