ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും ബിജെഡിക്കും ഒരേ സീറ്റ്;ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍

അഞ്ച് മുതൽ എട്ട് വരെ സീറ്റുകളുമായി കോൺഗ്രസ് മൂന്നാമതെത്തുമെന്നും എക്സിറ്റ് പോൾ പറയുന്നു
ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും ബിജെഡിക്കും ഒരേ സീറ്റ്;ഇന്ത്യ ടുഡേ എക്‌സിറ്റ് പോള്‍

ന്യൂഡല്‍ഹി: ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും ബിജെഡിക്കും ഒരേ സീറ്റുനില പ്രവചിച്ച് ഇന്ത്യ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍. 62 മുതല്‍ 80 സീറ്റുകള്‍ വരെ ബിജെപിക്കും നവീൻ പട്‌നായിക്കിൻ്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളി(ബിജെഡി)നും ലഭിക്കുമെന്നാണ് പ്രവചനം. 147 അംഗ നിയമസഭയില്‍ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു. അഞ്ച് മുതൽ എട്ട് വരെ സീറ്റുകളുമായി കോൺഗ്രസ് മൂന്നാമതെത്തുമെന്നും എക്സിറ്റ് പോൾ പറയുന്നു.

പ്രവചനം ശരിയായാല്‍ 2004-ന് ശേഷം ബിജെഡിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത ആദ്യ തിരഞ്ഞെടുപ്പാവും ഇത്തവണത്തേത്. 2019-ലെ തിരഞ്ഞെടുപ്പില്‍ ബിജെഡി ഒഡീഷയിൽ 112 സീറ്റുകളിലാണ് വിജയിച്ചത്. ബിജെപി 23 സീറ്റുകളും നേടി. കോണ്‍ഗ്രസ് ഒമ്പതു സീറ്റുകൾ നേടിയപ്പോൾ സിപിഐഎം ഒരു സീറ്റിലാണ് വിജയിക്കാന്‍ സാധിച്ചത്.147 സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നാല് ഘട്ടങ്ങളിലായി മെയ് 13, മെയ് 20, മെയ് 25, ജൂൺ 1 എന്നിങ്ങനെയാണ് നടന്നത്.

ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ 98 മുതല്‍ 120 സീറ്റുകള്‍വരെ നേടിയേക്കുമെന്നാണ് പ്രവചനം. ചന്ദ്രബാബു നായിഡുവിന്റെ തെലങ്കുദേശം പാര്‍ട്ടിയും പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയും ബിജെപിയും ചേര്‍ന്നതാണ് ആന്ധ്രാപ്രദേശിലെ എന്‍ഡിഎ. ഭരണകക്ഷിയായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 55- 77 എന്ന സീറ്റ് നിലയിലേക്ക് ഇടിയുമെന്നാണ് സർവേ ഫലം. 78 മുതല്‍ 96 വരെ സീറ്റ് നേടി ടിഡിപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു. ജനസേനയ്ക്ക് 16 മുതല്‍ 18 വരെ സീറ്റുകളും ബിജെപിക്ക് നാലുമുതല്‍ ആറുസീറ്റുകള്‍ വരെയുമാണ് പ്രവചനം. കോണ്‍ഗ്രസ്- സിപിഐ- സിപിഎം സഖ്യം പൂജ്യംമുതല്‍ രണ്ട് സീറ്റുവരെ നേടുമെന്നും എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com