രാത്രി മുഴുവൻ ധ്യാനമണ്ഡപത്തിൽ, ചൂടുവെള്ളം മാത്രം കുടിച്ചു, സൂര്യോദയം കണ്ടു; ധ്യാനത്തിലലിഞ്ഞ് മോദി

45 മണിക്കൂർ നീളുന്ന ധ്യാനം ഇന്നലെ രാത്രി ഏഴരയോടെ ആരംഭിച്ചു
രാത്രി മുഴുവൻ ധ്യാനമണ്ഡപത്തിൽ, ചൂടുവെള്ളം മാത്രം കുടിച്ചു, സൂര്യോദയം കണ്ടു; ധ്യാനത്തിലലിഞ്ഞ് മോദി

കന്യാകുമാരി: തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കുകളിൽ നിന്ന് മാറി കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ ധ്യാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ കന്യാകുമാരിയിൽ വന്നിറങ്ങിയ മോദി കന്യാകുമാരി ദേവിയെ തൊഴുത ശേഷം നേവിയുടെ ബോട്ടിലാണ് വിവേകാനന്ദപ്പാറയിലേക്ക് പോയത്. വെള്ളവസ്ത്രം ധരിച്ചെത്തിയ പ്രധാനമന്ത്രി കാവിയുടുത്താണ് ധ്യാനത്തിലിരിക്കുന്നത്. 45 മണിക്കൂർ നീളുന്ന ധ്യാനം ഇന്നലെ രാത്രി ഏഴരയോടെ ആരംഭിച്ചു. ജൂണ്‍ ഒന്നുവരെ ധ്യാനത്തിലിരിക്കും.

ധ്യാനം ആരംഭിച്ചതോടെ രാത്രിയിൽ ചൂടുവെള്ളം മാത്രമാണ് പ്രധാനമന്ത്രി കുടിച്ചത്. പ്രധാനമന്ത്രിക്കായി പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോ​ഗിച്ചില്ല. ധ്യാനമണ്ഡപത്തിൽ നിലത്താണ് അദ്ദേഹം വിശ്രമിച്ചത്. തുടർച്ചയായ ധ്യാനത്തിലല്ല പ്രധാനമന്ത്രി, പകരം ഇന്ന് പുലർ‌ച്ചെ സൂര്യോദയം കാണാൻ അദ്ദേഹം പുറത്തിറങ്ങിയിരുന്നു. സ്വാമി വിവേകാനന്ദന്‍ ധ്യാനമിരുന്ന അതേയിടത്താണ് മോദിയും ധ്യാനമിരിക്കുന്നത്.

അതീവ സുരക്ഷയാണ് കന്യാകുമാരിയിൽ ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി 2000 ലേറെ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. വിവേകാനന്ദ സ്മാരത്തിലേക്ക് സന്ദർശകർക്ക് പ്രവേശന വിലക്കും ഏർ‌പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രിയെ പൂജാരിമാർ പൂർണകുംഭം നൽകി‌യാണ് സ്വീകരിച്ചത്. കന്യാകുമാരി ദേവിയുടെ ചില്ലിട്ട ചിത്രവും മോദിക്ക് സമ്മാനിച്ചിരുന്നു. ഇന്നലെ വിവേകാനന്ദപ്പാറയിലെത്തിയ പ്രധാനമന്ത്രി തിരുവള്ളൂർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തിരുന്നു. നാളെ ഉച്ചയോ​ടെ ധ്യാനം അവസാനിപ്പിച്ച് അദ്ദേഹം ഡൽഹിക്ക് മടങ്ങും.

പ്രധാനമന്ത്രിയുടെ തിരഞ്ഞെടുപ്പ് സ്റ്റണ്ടാണ് ധ്യാനമെന്ന് പ്രതിപക്ഷം ആരോപിക്കുന്നതിനിടെയാണ് സംഭവങ്ങളെല്ലാം. അവസാനഘട്ട തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള തന്ത്രമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ വിമർശനം. ധ്യാനത്തിന് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ വിലക്കേർപ്പെടുത്തണമെന്ന പ്രതിപക്ഷ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ധ്യാനമിരിക്കുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാണാനാവില്ലെന്നാണ് കമ്മീഷന്റെ നിലപാട്. മോദിയുടെ ധ്യാനം പെരുമാറ്റച്ചട്ട ലംഘനമല്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടിയിരുന്നു.

രാത്രി മുഴുവൻ ധ്യാനമണ്ഡപത്തിൽ, ചൂടുവെള്ളം മാത്രം കുടിച്ചു, സൂര്യോദയം കണ്ടു; ധ്യാനത്തിലലിഞ്ഞ് മോദി
വാഹനങ്ങളുടെ കാലപ്പഴക്കം; കേന്ദ്ര നിയമം കേരളത്തിന് വെല്ലുവിളി, കടുത്ത വണ്ടി ക്ഷാമത്തിലേക്ക് സർക്കാർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com