അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

ജൂണ്‍ നാലിന് ഇന്‍ഡ്യ മുന്നണി അധികാരത്തിലേറുമെന്നും അമിത് ഷാ പ്രധാനമന്ത്രിയാകില്ലെന്നും കെജ്‌രിവാള്‍
അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: വോട്ടെടുപ്പിന്റെ ഓരോ ഘട്ടം പൂര്‍ത്തിയാവുമ്പോഴും ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്‍ഡ്യ മുന്നണി ഒരു സുസ്ഥിര സര്‍ക്കാരിന് രൂപം നല്‍കും. ഓരോ വോട്ടെടുപ്പ് പൂര്‍ത്തിയാവുമ്പോഴും മോദി സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ജൂണ്‍ നാലിന് ഇന്‍ഡ്യ മുന്നണി അധികാരത്തിലേറുമെന്നും അമിത് ഷാ പ്രധാനമന്ത്രിയാകില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്രമോദി നിങ്ങളെ പിന്‍ഗാമിയായി തിരഞ്ഞെടുത്തു. ഇതില്‍ അഭിമാനിക്കുന്ന നിങ്ങള്‍ ജനങ്ങളെ അപമാനിക്കാനും ദീഷണിപ്പെടുത്താനും തുടങ്ങി. പ്രധാനമന്ത്രിയാവുന്നതിന് മുമ്പേ നിങ്ങള്‍ ധിക്കാരിയായി മാറി. നിങ്ങളുടെ അറിവിലേക്ക് ഒരു കാര്യം പറയാം. താങ്കള്‍ പ്രധാനമന്ത്രിയാവില്ല. ജൂണ്‍ നാലിന് ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ തിരഞ്ഞെടുക്കില്ല.' എന്നും കെജ്‌രിവാള്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിക്കും അരവിന്ദ് കെജ്‌രിവാളിനും ഇന്ത്യയിലേക്കാള്‍ പിന്തുണ പാകിസ്ഥാനിലുണ്ടെന്ന് കഴിഞ്ഞ ദിവസം അമിത്ഷാ ആരോപിച്ചിരുന്നു. ഇതിലും കെജ്‌രിവാള്‍ മറുപടി നല്‍കി. ഡല്‍ഹിയില്‍ വന്ന അമിത് ഷാ രാജ്യത്തെ ജനങ്ങളെ അപമാനിച്ചു. ആപിനെ പിന്തുണയ്ക്കുന്നവര്‍ പാക്കിസ്താനികളാണെന്ന് പറഞ്ഞു. എഎപിയെ 62 സീറ്റും 56% വോട്ടും തന്ന് വിജയിപ്പിച്ച ഡല്‍ഹിക്കാര്‍ പാക്കിസ്താനികളാണോയെന്ന് കെജ്‌രിവാള്‍ അമിത്ഷായോട് ചോദിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com