ജസ്റ്റിസ് സഞ്ജീവ് ഖന്ന, കെജ്‍രിവാളിന്റെയും എഎപിയുടെയും ഭാവി നിർണയിക്കുന്ന ഭാവി ചീഫ് ജസ്റ്റിസ്!

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇതുവരെ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകൾക്കും ഒരു പൊതുഘടകമുണ്ടായിരുന്നു, ജസ്റ്റിസ് സഞ്ജയ് ഖന്ന. ബെഞ്ചുകൾ മാറി മാറി വന്നെങ്കിലും അതിലെല്ലാം സഞ്ജയ് ഖന്ന ഉൾപ്പെട്ടിരുന്നു.
ജസ്റ്റിസ് സഞ്ജീവ് ഖന്ന, കെജ്‍രിവാളിന്റെയും എഎപിയുടെയും ഭാവി നിർണയിക്കുന്ന ഭാവി ചീഫ് ജസ്റ്റിസ്!

ഡൽഹി: അങ്ങനെ ഒടുവിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നു. ജൂണ്‍ ഒന്നു വരെയാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് കെജ്‍രിവാളിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് 40 ദിവസം കെജ്‍രിവാൾ ജയിലിൽ കഴിഞ്ഞത്. മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഇതുവരെ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകൾക്കും ഒരു പൊതുഘടകമുണ്ടായിരുന്നു, ജസ്റ്റിസ് സഞ്ജയ് ഖന്ന. ബെഞ്ചുകൾ മാറി മാറി വന്നെങ്കിലും അതിലെല്ലാം സഞ്ജയ് ഖന്ന ഉൾപ്പെട്ടിരുന്നു.

സുപ്രീംകോടതിയിലെ രണ്ടാമത്തെ ഏറ്റവും മുതിർന്ന ജഡ്ജായ സഞ്ജയ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസ് ആവേണ്ട വ്യക്തിയാണ്. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ തലവര നിർണയിക്കുന്നതിൽ അദ്ദേഹത്തിന് മുഖ്യപങ്കുണ്ടെന്ന് അക്ഷരാർഥത്തിൽ പറയാം. ആൽക്കഹോൾ വീര്യമുള്ള ചൂടിൽ ആം ആദ്മി പാർട്ടി വെന്തുരുകാൻ തുടങ്ങിയിട്ട് ഒരു വർഷമായി, പാർട്ടിയിലെ മുതിർന്ന നേതാക്കളൊക്കെ അറസ്റ്റിലാകുന്നതും രാജ്യം കണ്ടു. വിവിധ കോടതികൾ, വിവിധ ജഡ്ജിമാർ, നിരവധി തിരിച്ചടികൾ.... പാർട്ടി പൊരുതിക്കൊണ്ടേയിരിക്കുകയാണ്. ഇതിനിടെ പല ഹർജികളും സുപ്രീംകോടതിയിലുമെത്തി. ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ബെഞ്ചിനായിരുന്നു ഈ ഹർജികളെല്ലാം കിട്ടിയത്. സുപ്രീംകോടതി റോസ്റ്റർ അനുസരിച്ചാണ് ഏത് ജഡ്ജാണ് ഓരോ കേസിലും വാദം കേൾക്കേണ്ടത് എന്ന് തീരുമാനിക്കുക. ആ റോസ്റ്റർ നിശ്ചയിക്കുന്നത് മാസ്റ്റർ ഓഫ് ദ റോസ്റ്റർ ആയ സുപ്രീംകോടതി ജസ്റ്റിസ് ആണ്. അരവിന്ദ് കെജ്‍രിവാളുമായും ആം ആദ്മി പാർട്ടിയുമായും ബന്ധപ്പെട്ട കേസുകളെല്ലാം പരി​ഗണിക്കുന്ന ജഡ്ജി എന്ന നിലയിൽ പാർട്ടിയുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന വ്യക്തി എന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ വിശേഷിപ്പിക്കാം.

2023 ഒക്ടോബർ 30ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും എസ്‍വിഎൻ ഭാട്ടിയും അടങ്ങിയ ബെഞ്ചാണ് ദില്ലി ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയക്ക് മദ്യനയ അഴിമതിക്കേസിൽ ജാമ്യം നിഷേധിച്ചത്. സിസോദിയക്ക് ജാമ്യം നിഷേധിച്ചെങ്കിലും വിചാരണ നീളുകയാണെങ്കിൽ ജാമ്യം തേടി കീഴ്ക്കോടതിയെ സമീപിക്കാമെന്ന് സുപ്രീംകോടതി ബെഞ്ച് അദ്ദേഹത്തോട് പറഞ്ഞിരുന്നു. ഇതേ കേസിൽ 2023 ഡിസംബറിൽ മദ്യക്കമ്പനിഭീമന്മാരായ പെർനോഡ് റിക്കാർഡിന്റെ എക്സിക്യൂട്ടീവ് ബിനോയി ബാബുവിന് ജാമ്യം അനുവദിച്ചതും സഞ്ജീവ് ഖന്നയും എസ്‍വിഎൻ ഭാട്ടിയും അടങ്ങിയ ബെഞ്ചാണ്.

മാസങ്ങൾക്ക് ശേഷം 2024 മാർച്ച് 22ന്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ അറസ്റ്റിലായതിനു തൊട്ടടുത്ത ദിവസം ബിആർഎസ് നേതാവ് കെ കവിതയ്ക്ക് ഇതേ കേസിൽ ജാമ്യം നിഷേധിച്ചത് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദരേശ്, ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചായിരുന്നു. രണ്ടാഴ്ച കഴിയും മുമ്പേ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, പി ബി വരാലെ എന്നിവരടങ്ങിയ മറ്റൊരു ബെഞ്ച് ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിം​ഗിന് ജാമ്യം അനുവദിച്ചു. മദ്യനയ അഴിമതിക്കേസിലാണ് ഇഡി സഞ്ജയ് സിം​ഗിനെയും അറസ്റ്റ് ചെയ്തിരുന്നത്. ജാമ്യാപേക്ഷയെ എതിർത്ത ഇഡി വാദം അവ​ഗണിച്ച് കോടതി സഞ്ജയ് സിം​ഗിന് ജാമ്യം അനുവദിക്കുകയായിരുന്നു. ഇപ്പോഴിതാ ഇഡിയുടെ ശക്തമായ എതിർവാദങ്ങളെല്ലാം തള്ളിക്കൊണ്ട് അരവിന്ദ് കെജ്‍രിവാളിന് ജാമ്യം അനുവദിച്ചതും ജസ്റ്റിസ് സഞ്ജയ് ഖന്നയുൾപ്പെട്ട ബെഞ്ച് തന്നെ​!

Related Stories

No stories found.
logo
Reporter Live
www.reporterlive.com