'രാജ്യത്തെ നിറത്തിന്റെ പേരില്‍ വേർതിരിക്കുന്നു, രാഹുല്‍ മറുപടി പറയണം'; പിട്രോഡയുടെ പരാമർശത്തിൽ മോദി

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിൻ്റെ സ്ഥാനാർഥിത്വത്തെ കോൺഗ്രസ് എതിർത്തത് എന്തുകൊണ്ടാണെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു, എന്നാൽ അന്ന് എനിക്ക് അതിന്റെ കാരണം മനസ്സിലായില്ല. എന്നാൽ ഇപ്പോൾ മനസ്സിലായിയെന്നും മോദി
'രാജ്യത്തെ നിറത്തിന്റെ പേരില്‍ വേർതിരിക്കുന്നു, രാഹുല്‍ മറുപടി പറയണം'; പിട്രോഡയുടെ പരാമർശത്തിൽ മോദി

വാറംഗല്‍: രാജ്യത്തിൻ്റെ വൈവിധ്യം സൂചിപ്പിക്കാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സാം പിട്രോഡ നടത്തിയ വിവാദപരാമര്‍ശത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ നിറത്തിന്റെ പേരില്‍ വേർതിരിക്കുന്നതും അപമാനിക്കുന്നതും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിന് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

'രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിൻ്റെ സ്ഥാനാർഥിത്വത്തെ കോൺഗ്രസ് എതിർത്തത് എന്തുകൊണ്ടാണെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു, അന്ന് എനിക്ക് അതിന്റെ കാരണം മനസ്സിലായില്ല. എന്നാൽ ഇപ്പോൾ എനിക്കു മനസ്സിലായി എന്തുകൊണ്ടാണ് ദ്രൗപതി മുർമു എന്ന ആദിവാസിയെ അവർ തോൽപ്പിക്കാൻ ശ്രമിച്ചതെന്ന്. കോണ്‍ഗ്രസിന്റെ 'രാജകുമാരന്‍റെ' അമ്മാവൻ യുഎസിലാണ് താമസിക്കുന്നത്. ഈ അമ്മാവനാണ് അദ്ദേഹത്തിന്റെ തത്വചിന്തകനും വഴികാട്ടിയും. കറുത്ത ചർമ്മമുള്ളവർ ആഫ്രിക്കയിൽ നിന്നുള്ളവരാണെന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ എനിക്ക് മനസ്സിലായി, ദ്രൗപതി മുർമു ആഫ്രിക്കക്കാരിയാണെന്നാണ് അവര്‍ കരുതിയിരുന്നത്. ദ്രൗപതി മുർമുവിന്റെ ചർമ്മം ഇരുണ്ടതാണ് അതിനാൽ അവരെ പരാജയപ്പെടുത്തണമെന്ന് കോൺ​ഗ്രസ് കരുതി'. രാഹുല്‍ ഗാന്ധിയെ വിമർശിച്ചുകൊണ്ട് നരേന്ദ്ര മോദി പറഞ്ഞു.

മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ദി സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തിനിടെ പിട്രോഡ നടത്തിയ പ്രസ്താവനയാണ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയത്. ഇന്ത്യയുടെ വൈവിധ്യങ്ങൾക്കിടയിലും ജനങ്ങൾ ഒന്നാണെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു പിട്രോഡ.

ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെപോലെയും, പടിഞ്ഞാറ് ഭാഗത്തുള്ളവർ അറബികളെപോലെയും, വടക്ക് ഭാഗത്തുള്ളവർ വെള്ളക്കാരെപോലെയും, തെക്ക് ഭാഗത്തുള്ളവർ ആഫ്രിക്കക്കാരെ പോലെയുമാണ് എന്ന പരാമർശമാണ് വിവാദമായത്. വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യ എത്ര നന്നായാണ് ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതെന്ന് വിവരിക്കുന്നതിനിടെയാണ് പിട്രോഡ ഇങ്ങനെ പറഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com