'പുരുഷന്മാർ അത് തട്ടിയെടുക്കും': സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വാഗ്ദാനത്തിൽ രാഹുൽ ഗാന്ധിയുടെ പരിഹാസം

ഇൻഡ്യ സംഘം അധികാരത്തിൽ വന്നാൽ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്തുന്നതിന് ആദിവാസി, ദളിത്, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള ദരിദ്രരുടെ പട്ടിക തയ്യാറാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു
'പുരുഷന്മാർ അത് തട്ടിയെടുക്കും': സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വാഗ്ദാനത്തിൽ രാഹുൽ ഗാന്ധിയുടെ പരിഹാസം

ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ പാവപ്പെട്ട സ്ത്രീകൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്ന പാർട്ടിയുടെ വാ​ഗ്ദാനം ആവർത്തിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. എന്നാൽ അവരുടെ കുടുംബത്തിലെ പുരുഷന്മാർ ആ പണം തട്ടിയെടുക്കുമെന്ന് തനിക്കറിയാമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. 21-ാം നൂറ്റാണ്ടിൽ, സത്രീകളും പുരുഷ‌ന്മാരും പുറത്ത് ജോലിപോകുന്നവരാണ്. ദിവസവും 8 മുതൽ 10വരെ പണിയെടുക്കുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷം സ്ത്രീകൾ വീണ്ടും എട്ടുമണിക്കൂറോളം പണിയെടുക്കുന്നു. പുരുഷന്മാർ എട്ട് മുതൽ 10 മണിക്കൂർവരെയാണ് ജോലിചെയ്യുന്നത്. 21-ാം നൂറ്റാണ്ടിൽ ആദിവാസി സ്ത്രീകൾ 16-18 മണിക്കൂർവരെ പണിയെടുക്കുന്നുവെന്നും ജാർഖണ്ഡിലെ ചൈബാസയിൽ‌ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടയിൽ രാഹുൽ ​ഗാന്ധി പറഞ്ഞു.

താൻ പറയുന്നത് പുരുഷന്മാർക്ക് ഇഷ്ടപ്പെടില്ലായിരിക്കാം, പക്ഷേ ഇത് ഒരു വസ്തുതയാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. അതുകൊണ്ടാണ് കോൺ​ഗ്രസ് ഒരു ലക്ഷം രൂപ സ്ത്രീകളുടെ അക്കൗണ്ടിൽ ഇടാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കോൺ​ഗ്രസ് പാർട്ടിയുടെ 'നാരിന്യായ്' പദ്ധതിയെക്കുറിച്ചായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. ആ പണത്തിൽ നിന്ന് കുറച്ച് നൽകാൻ പുരുഷന്മാർ‌ സ്ത്രീകളിൽ സമ്മർദ്ദം ചെലുത്തുമെന്നുമെന്ന് അറിയാം. ഇത് പറയേണ്ട വസ്തുതയാണെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

ഇൻഡ്യ സംഘം അധികാരത്തിൽ വന്നാൽ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്തുന്നതിന് ആദിവാസി, ദളിത്, ഒബിസി വിഭാഗങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള ദരിദ്രരുടെ പട്ടിക തയ്യാറാക്കുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. രാജ്യത്ത് തങ്ങളുടെ സർക്കാർ രൂപീകരിച്ചാൽ ഒരു കുടുംബം ദാരിദ്ര്യരേഖ കടക്കുന്ന ദിവസം വരെ രാജ്യത്തെ ഏറ്റവും ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ ഓരോ വർഷവും ഒരു ലക്ഷം രൂപ നിക്ഷേപിക്കുമെന്നാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇന്‍ഡ്യ അധികാരത്തിലെത്തിയാൽ, തൊഴിലില്ലാത്ത ബിരുദധാരികൾക്കും ഡിപ്ലോമ ഹോൾഡർമാർക്കും അപ്രൻ്റീസ്ഷിപ്പ് അവസരങ്ങൾ നൽകുമെന്നും പ്രതിമാസം 8,000 രൂപ നൽകുമെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com