Live Blog: ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം; വിധിയെഴുതി 93 മണ്ഡലങ്ങൾ; 64.40 ശതമാനം പോളിങ്ങ്

പോളിങ്ങിൽ അസം മുന്നിൽ ഉത്തർപ്രദേശ് പിന്നിൽ മത്സരംഗത്തുള്ളത്
Live Blog:  ലോക്‌സഭാ തിരഞ്ഞെടുപ്പ്  മൂന്നാം ഘട്ടം; വിധിയെഴുതി 93 മണ്ഡലങ്ങൾ;  64.40 ശതമാനം പോളിങ്ങ്

 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് തുടക്കം

പത്ത് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്ര ഭരണ പ്രദേശത്തെയും 93 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. രാവിലെ ഏഴ് മുതലാണ് പോളിംഗ് ആരംഭിക്കുക. 1300 ലേറെ സ്ഥാനാര്‍ത്ഥികളാണ് മത്സരംഗത്തുള്ളത്. ഗുജറാത്ത്, കര്‍ണാടക, സംസ്ഥാനങ്ങളാണ് മൂന്നാംഘട്ടത്തിലെ ശ്രദ്ധകേന്ദ്രങ്ങള്‍. ഗുജറാത്തിലെ 25 സീറ്റുകള്‍, കര്‍ണാടകയില്‍ ബാക്കിയുള്ള 14 സീറ്റുകള്‍, മഹാരാഷ്ട്രയിലെ 11, ഉത്തര്‍പ്രദേശിലെ 10 സീറ്റുകളിലുമാണ് മൂന്നാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കൂടാതെ അസം - 4, ഛത്തീസ്ഗഡ് -7, ബിഹാര്‍ അഞ്ച്, മധ്യപ്രദേശ് 9, പശ്ചിമ ബംഗാള്‍ നാല്, ഗോവ, ദാദ്ര നാഗര്‍ ഹവേലി എന്നിവിടങ്ങളിലെ രണ്ട് വീതം സീറ്റുകളിലുമാണ് ഇന്ന് വോട്ടെടുപ്പ്.

മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്ന പ്രമുഖർ

  • അമിത് ഷാ (ബിജെപി) - ഗാന്ധിനഗർ, ഗുജറാത്ത്

  • ശിവരാജ് സിങ് ചൗഹാന്‍ -(ബിജെപി)- വിധിഷ, മധ്യപ്രദേശ്

  • ജ്യോതിരാദിത്യ സിന്ധ്യ BJP)- (ബിജെപി)- മധ്യപ്രദേശ്

  • പ്രഹ്ളാദ് ജോഷി -(ബിജെപി)- ധാർവാഡ്, കർണാടക

  • ബസവരാജ് ബൊമ്മ-(ബിജെപി)- ഹാവേരി, കർണാടക

  • ബദറുദീൻ അജ്മൽ (എഐയുഡിഎഫ്) -ധുർബി -അസാം

  • ഡിംപിൾ യാദവ് -(എസ്പി) - മെയിൻപുരി, ഉത്തർപ്രദേശ്

  • അധീർ രഞ്ജൻ ചൗധരി-(കോൺഗ്രസ്)- ബെർഹാംപൂർ, പശ്ചിമ ബംഗാൾ

  • ദിഗ്വിജയ് സിങ് -(കോൺഗ്രസ്)- രാജ്ഘട്ട്, മധ്യപ്രദേശ്

  • സുപ്രിയ സുലെ (എൻസിപി-എസ്.പി), ബാരാമതി, മഹാരാഷ്ട്ര

  • സുനേത്ര പവാർ-(എൻസിപി)- ബാരാമതി മഹാരാഷ്ട്ര

ആസാം 4/14

മണ്ഡലങ്ങൾ 2019ലെ പോളിങ്ങ്

  • കൊക്രജാർ 83.3%

  • ധുബ്രി 90.66%

  • ബാർപേട്ട 86.57%

  • ഗുവാഹത്തി 80.87%

ബീഹാർ - 5/40

മണ്ഡലങ്ങൾ 2019ലെ പോളിങ്ങ്

  • ജഞ്ജർപൂർ- 57.35%

  • സുപോൾ 65.72%

  • അരാരിയ 64.79%

  • മധേപുര 60.89%

  • ഖഗാരിയ 57.71%

ഛത്തീസ്ഗഡ് 7/11

മണ്ഡലങ്ങൾ 2019ലെ പോളിങ്ങ്

  • സർഗുജ 77.4%

  • ജാൻജ്ഗിർ-ചമ്പ 65.81%

  • കോർബ 75.38%

  • ബിലാസ്പൂർ 64.48%

  • ദുർഗ് 71.78%

  • റായ്പൂർ 66.16%

  • റായ്ഗഡ് 77.91%

ഇന്ന് വോട്ടെടുപ്പ് ബിജെപി ശക്തി കേന്ദ്രങ്ങളിൽ

ഇന്ന് വോട്ടെടുപ്പ് നടക്കുന്ന 93 മണ്ഡലങ്ങളില്‍ 72ലും 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നു. ഗുജറാത്തിലെ തിരഞ്ഞെടുപ്പ് നടക്കുന്ന 26 സീറ്റിലും 2019ല്‍ വിജയിച്ചത് ബിജെപിയായിരുന്നു.

ദാദ്ര നഗർ ഹവേലി & ദാമൻ ദിയു 2/2

മണ്ഡലം 2019ലെ പോളിങ്ങ്

  • ദാദ്ര നഗർ ഹവേലി 79.58%

  • ദാമൻ ദിയു 71.85%

അമിത് ഷാ വോട്ട് രേഖപ്പെടുത്താനെത്തി

കേന്ദ്ര ആഭ്യന്ത്ര മന്ത്രി ഗുജറാത്തിലെ നിഷാൻ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്യാനെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചെയ്യാനെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി 

അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കൻഡറി സ്കൂളിലെത്തിയാണ് പ്രധാമന്ത്രി വോട്ട് രേഖപ്പെടുത്തിയത്

ഗാന്ധി നഗറിലെ വോട്ടർമാരോട് ശക്തമായ സർക്കാരിന് വേണ്ടി വോട്ട് ചെയ്യാൻ അമിത്ഷാ

ശക്തമായ സർക്കാരിന് വേണ്ടി വോട്ട് ചെയ്യാൻ ഗാന്ധി നഗറിലെ വോട്ടർമാരോട് അഭ്യർത്ഥിച്ച് അമിത്ഷാ. എക്സിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ അഭ്യർത്ഥന

“ഗാന്ധിനഗർ ലോക്‌സഭയിലെ എൻ്റെ പ്രിയ സഹോദരങ്ങളോടും സഹോദരിമാരോടും യുവസുഹൃത്തുക്കളോടും നിങ്ങളുടെ ഒരു വോട്ടിന് വലിയ ശക്തിയുണ്ടെന്ന് പ്രത്യേകം പറയാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ ഒരു വോട്ടിന് ഗാന്ധിനഗറിനെ ഇന്ത്യയിലെ ഏറ്റവും വികസിത പ്രദേശമാക്കി മാറ്റാൻ കഴിയും. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യയെ മാറ്റാനാവും. രാജ്യത്തെ ശത്രുതയോടെ കാണുന്നവരുടെ വീട്ടിൽ കയറി അവരെ തുടച്ചു നീക്കാൻ അധികാരമുള്ള സർക്കാർ രൂപീകരിക്കാൻ കഴിയും. ലോകോത്തര ഹൈവേകൾ, റെയിൽവേ, വിമാനത്താവളങ്ങൾ എന്നിവ നൽകുന്ന ഒരു സർക്കാർ സൃഷ്ടിക്കാനാവും. അതിനാൽ നിങ്ങളുടെ വോട്ടിൻ്റെ ശക്തി തിരിച്ചറിയുകയും വോട്ട് ചെയ്യുകയും മറ്റുള്ളവരെയും വോട്ടുചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുക,” ഷാ ഒരു എക്‌സ് പോസ്റ്റിൽ കുറിച്ചു.

ജനങ്ങളോട് വോട്ടുചെയ്യാൻ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

അഹമ്മദാബാദിലെ നിഷാൻ ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മൂന്നാംഘട്ടത്തിൽ വോട്ട് രേഖപ്പെടുത്തേണ്ടവരോടുള്ള പ്രധാമന്ത്രിയുടെ ആഹ്വാനം.

ഗുജറാത്ത് 26/26

മണ്ഡലങ്ങൾ 2019ലെ പോളിങ്ങ്

  • കച്ച് 58.71%

  • ബനസ്കന്ത 65.03%

  • പടാൻ 62.45%

  • മഹേസന 65.78%

  • സബർകാന്ത 67.77%

  • ഗാന്ധിനഗർ 66.08%

  • അഹമ്മദാബാദ് ഈസ്റ്റ് 61.76%

  • അഹമ്മദാബാദ് വെസ്റ്റ് 60.81%

  • സുരേന്ദ്രനഗർ 58.41%

  • രാജ്കോട്ട് 63.49%

  • പോർബന്തർ 57.2%

  • ജാംനഗർ 61.03%

  • ജുനാഗഡ് 61.3%

  • അമ്റേലി 55.97%

  • ഭാവ്നഗർ 59.05%

  • ആനന്ദ് 67.04%

  • ഖേദ 61.04%

  • പഞ്ച്മഹൽ 62.23%

  • ദാഹോദ് 66.57%

  • വഡോദര 68.18%

  • ഛോട്ടാ ഉദയ്പൂർ 73.9%

  • ബറൂച്ച് 73.55%

  • ബർദോലി 73.89%

  • നവസാരി 66.4%

  • വത്സ 75.48%

  • സൂറത്ത് 64.58%

വിവാഹ ക്ഷണക്കത്തിൻ്റെ മാതൃകയിൽ വോട്ടർമാരെ വോട്ട് രേഖപ്പെടുത്താൻ ക്ഷണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ വോട്ട് ചെയ്തു

അഹമ്മദാബാദിലെ ഷിലാജ് പ്രൈമറി സ്‌കൂളിലെത്തിയാണ് ആനന്ദി ബെന്‍ പട്ടേല്‍ വോട്ടു രേഖപ്പെടുത്തിയത്

സ്വന്തം ഛായാചിത്രത്തില്‍ ഒപ്പ് രേഖപ്പെടുത്തി പ്രധാനമന്ത്രി

അഹമ്മദാബാദിലെ നിഷാൻ ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷമാണ് നരേന്ദ്ര മോദി സ്വന്തം ഛായാചിത്രത്തിൽ ഒപ്പിട്ടത്

അജിത് പവാര്‍ വോട്ട് രേഖപ്പെടുത്തി

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ബാരാമതിയില്‍ വോട്ട് രേഖപ്പെടുത്തി. ഭാര്യയും ബാരാമതിയിലെ സ്ഥാനാര്‍ത്ഥിയുമായ സുനേത്ര, അജിത് പവാറിന്റെ അമ്മ എന്നിവരും ബാരാമതിയിലെ കത്തേവാഡിയിലെ പോളിങ്ങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

ഇന്ത്യന്‍ പൊതുതിരഞ്ഞെടുപ്പ് പരിചയപ്പെടാന്‍ ശ്രീലങ്കയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നും എത്തിച്ചേര്‍ന്ന അന്താരാഷ്ട്ര സംഘം മധ്യപ്രദേശില്‍

മൂന്നാംഘട്ട വോട്ടെടുപ്പ് ആവേശകരമായി പുരോഗമിക്കുന്നു.

എന്‍സിപി നേതാവ് രോഹിത് പവാര്‍ വോട്ടു രേഖപ്പെടുത്തി

മഹാരാഷ്ട്രയിലെ എന്‍സിപി ശരദ് പവാര്‍ വിഭാഗം നേതാവ് രോഹിത് പവാര്‍ ബാരാമതിയിലെ പിമ്പ്‌ളിയിലാണ് വോട്ട് രേഖപ്പെടുത്തിയത്. മാതാപിതാക്കള്‍ക്കും പങ്കാളിയ്ക്കും സഹോദരിക്കും ഒപ്പമെത്തിയാണ് രോഹിത് വോട്ട് രേഖപ്പെടുത്തിയത്

1.85 ലക്ഷം പോളിങ്ങ് ബൂത്തുകൾ, തിരഞ്ഞെടുപ്പ് ചുമതല നിർവ്വഹിക്കാൻ 18.5 ലക്ഷം ഉദ്യോഗസ്ഥർ 

രാജ്യത്ത് 11 സംസ്ഥാനങ്ങളിലെയും 1 കേന്ദ്ര ഭരണപ്രദേശത്തെയും 93 മണ്ഡലങ്ങളില്‍ നടക്കുന്ന മൂന്നാം ഘട്ട വോട്ടെടുപ്പില്‍ ആകെ സജ്ജീകരിച്ചിരിക്കുന്നത് 1.85 ലക്ഷം പോളിങ്ങ് ബൂത്തുകള്‍. 18.5 ലക്ഷം ഉദ്യോഗസ്ഥരെയാണ് മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്

പത്ത് വർഷത്തിന് ശേഷം ബാരാമതിയിൽ വോട്ടു രേഖപ്പെടുത്താനെത്തി ശരദ് പവാര്‍

എന്‍സിപി (എസ്പി) വിഭാഗം നേതാവ് ശരദ് പവാര്‍ ബാരാമതിയിലെ മലേഗോണിലെ പോളിങ്ങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. മകളും ബാരാമതിയിലെ സ്ഥാനാര്‍ത്ഥിയുമായ സുപ്രിയ സുലൈയും ചെറുമകള്‍ രേവതി സുലൈയും പവാറിനൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി. പത്ത് വര്‍ഷമായി മുംബൈയില്‍ വോട്ടു ചെയ്യുന്ന പവാര്‍ ഇത്തവണ വോട്ട് ബാരാമതിയിലേയ്ക്ക് മാറ്റുകയായിരുന്നു.

ജെയ് ഷാ വോട്ടു രേഖപ്പെടുത്തി

അഹമ്മദാബാദിലെ നിഷാൻ ഹയർ സെക്കൻഡറി സ്കൂളിലെ പോളിങ് ബൂത്തിലെത്തിയാണ് പിതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായ്ക്കും മാതാവ് സോണാല്‍ ഷായ്ക്കും ഒപ്പമെത്തിയാണ് ജയ് ഷാ വോട്ട് രേഖപ്പെടുത്തിയത്. പങ്കാളി റിഷിത പട്ടേലും ഒപ്പമുണ്ടായിരുന്നു

പരമ്പരാഗത കുടക് വേഷത്തിൽ പോളിങ്ങ് സ്റ്റേഷനിൽ ആഘോഷിച്ച് വോട്ടർമാർ, രാജാവിനെയും രാഞ്ജിയെയും പോലെ വസ്ത്രം ധരിച്ച് ഉദ്യോഗസ്ഥർ

കര്‍ണാടകയിലെ ഷിമോഗയിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്ത ശേഷം കിരീടം അടക്കമുള്ള കുടുകരുടെ പാരമ്പര്യ വേഷം ധരിച്ച് ആഘോഷവുമായി വോട്ടർമാർ. പോളിംഗ് ജീവനക്കാര്‍ രാജാവിന്റെയും രാജ്ഞിയുടെയും വസ്ത്രം ധരിച്ചിരുന്നതായാണ് റിപ്പോർട്ട്. കര്‍ണാടകയിലെ 14 സീറ്റുകളിലേക്കാണ് ചൊവ്വാഴ്ച മൂന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ഗുജറാത്ത് മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അഹമ്മദാബാദിലെ പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. മറ്റ് വോട്ടര്‍മാര്‍ക്കൊപ്പം ഊഴം കാത്ത് ക്യൂവില്‍ നിന്നാണ് ഭൂപേന്ദ്ര പട്ടേല്‍ വോട്ട് രേഖപ്പെടുത്തിയത്

ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ലെന്ന് ഓര്‍മ്മപ്പെടുത്തി രാഹുല്‍ ഗാന്ധി

അവകാശങ്ങള്‍ സംരക്ഷിക്കാനായി കൂട്ടമായി വന്ന് വോട്ടു രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി. ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ലെന്ന് ഓര്‍മ്മിക്കണം. ഇത് രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണെന്നും രാഹുല്‍ ഗാന്ധില്‍ എക്‌സില്‍ കുറിച്ചു

ആദ്യ രണ്ട് മണിക്കൂറിൽ പോളിംഗ് 10 ശതമാനം പിന്നിട്ടു

  • ആസാം 10.12%

  • ബീഹാർ 10.3%

  • ഛത്തീസ്ഗഡ് 13.24%

  • ദാദ്ര നഗർ ഹവേലി & ദാമൻ ദിയു10.13%

  • ഗോവ 11.83%

  • ഗുജറാത്ത് 9.83%

  • കർണാടക 9.45%

  • മധ്യപ്രദേശ് 14.22%

  • മഹാരാഷ്ട്ര 6.64%

  • ഉത്തർപ്രദേശ് 11.13%

  • പശ്ചിമ ബംഗാൾ 14.60%

അഭിനേത്രി ജനീലിയ ദേശ്മുഖ് വോട്ടു രേഖപ്പെടുത്തി

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായിരുന്ന ജനീലിയ ദേശ്മുഖ് മഹാരാഷ്ട്രയിലെ ലാത്തൂരില്‍ വോട്ട് രേഖപ്പെടുത്തി. ഇതൊരു പ്രധാനപ്പെട്ട ദിവസമാണ് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് താരം വോട്ട് ചെയ്തതിന് ശേഷം പ്രതികരിച്ചു. കോണ്‍ഗ്രസ് നേതാവായിരുന്നു വിലാസ് റാവു ദേശ്മുഖിന്റെ മകനും ബോളിവുഡ് അഭിനേതാവുമായ റിതേഷ് ദേശ്മുഖിന്റെ പങ്കാളിയാണ് ജലീനിയ

വോട്ടെടുപ്പ് സമാധാനപരമായി നടക്കുന്നു എന്ന് ഉറപ്പാക്കാന്‍ ബിഹാറില്‍ നദിയില്‍ പട്രോളിങ് നടത്തുന്ന എസ്ഡിആര്‍എഫ് ടീം

ആദ്യ രണ്ട് മണിക്കൂറില്‍ ബാരാമതിയില്‍ പോളിങ്ങ് മന്ദഗതിയിൽ

വാശിയേറിയ പോരാട്ടം നടക്കുന്ന മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ആദ്യ രണ്ട് മണിക്കൂറില്‍ പോളിങ്ങ് മന്ദഗതിയില്‍. 5.77 ശതമാനമാണ് 9 മണിവരെ ഇവിടെ രേഖപ്പെടുത്തിയ പോളിങ്ങ്. പവാര്‍ കുടുംബത്തിലെ രണ്ട് അതികായര്‍ നേരിട്ട് ഏറ്റുമുട്ടുന്ന ബാരാമതി എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിനും അജിത് പവാര്‍ വിഭാഗത്തിനും അഭിമാന പേരാട്ടമാണ്. എന്‍സിപി ശരദ് പവാര്‍ വിഭാഗത്തിന് വേണ്ടി സുപ്രിയ സുലൈയും അജിത് പവാര്‍ സുനേത്ര പവാറുമാണ് മത്സരിക്കുന്നത്‌

ഉത്തര്‍പ്രദേശിലെ മെയിന്‍പുരിയി‍ൽ  ഭേദപ്പെട്ട പോളിങ്ങ്

എസ് പി നേതാവ് അഖിലേഷ് യാദവിന്റെ പങ്കാളി ഡിമ്പിള്‍ യാദവ് മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ മെയിന്‍പുരി മണ്ഡലത്തില്‍ 9 മണിവരെ 12.34 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. എസ് പിയുടെ സ്വാധീന കേന്ദ്രമായ മെയിന്‍പുരിയിലെ സിറ്റിങ്ങ് എം പിയാണ് ഡിമ്പിള്‍ യാദവ്.

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന വോട്ട് രേഖപ്പെടുത്തി

ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്‌സേന ഗുജറാത്തിലെ അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ പ്രകാശ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഡല്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ കുടുംബ സമേതമെത്തി വോട്ട് രേഖപ്പെടുത്തിയത്.

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വോട്ട് ചെയ്തു

കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ പോളിങ്ങ് ബൂത്തില്‍ വോട്ടുരേഖപ്പെടുത്തി. പങ്കാളി രാധാഭായ് ഖര്‍ഗെയ്‌ക്കൊപ്പം എത്തിയായിരുന്നു കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വോട്ട് രേഖപ്പെടുത്തിയത്. രാധാകൃഷ്ണയാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ഉമേഷ് ജി ജാതവാണ് ബിജെപി സ്ഥാനാര്‍ത്ഥി.

അഖിലേഷ് യാദവും പങ്കാളി ഡിമ്പിള്‍ യാദവും വോട്ട് രേഖപ്പെടുത്തി

മെയിന്‍പുരിയിലെ എസ് പി സ്ഥാനാര്‍ത്ഥി ഡിമ്പിള്‍ യാദവും പങ്കാളിയും കനൗജിലെ എസ് പി സ്ഥാനാര്‍ത്ഥിയുമായ അഖിലേഷ് യാദവും സായിഫായിലെ പോളിങ്ങ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വോട്ടിംഗ് ഡാറ്റയിലെ പൊരുത്തക്കേടുകളും രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കാത്തതും സംബന്ധിച്ച് ഇൻഡ്യ മുന്നണിയിലെ പാർട്ടികളുടെ നേതാക്കൾക്ക് കത്തയച്ച് മല്ലികാർജ്ജുൻ ഖർഗെ. കത്തിൻ്റെ പകർപ്പ് ഖർഗെ എക്സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചു

ബിജെപിക്ക് തിരിച്ചടി നേരിടുമെന്ന് അഖിലേഷ് യാദവ്

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ പരാജയം ഏറ്റുവാങ്ങുമെന്ന് സമാജ്‌വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ്. കര്‍ഷകരും ചെറുപ്പക്കാരും കച്ചവടക്കാരും അടക്കം എല്ലാ വിഭാഗം ജനങ്ങളും ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ അസംതൃപ്തിരാണെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാണിച്ചു

ഛത്തീസ്ഗഡിലെ മാരേയയില്‍ വാദ്യാഘോഷത്തോടെ വോട്ടു ചെയ്യാനെത്തി ജനങ്ങള്‍. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്

ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള വോട്ടുരേഖപ്പെടുത്തി

പങ്കാളി അഡ്വ റീത്ത ശ്രീധരനൊപ്പമെത്തിയാണ് ശ്രീധരന്‍ പിള്ള വോട്ടു രേഖപ്പെടുത്തിയത്. വോട്ടു രേഖപ്പെടുത്താനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്ന് ശ്രീധരന്‍പിള്ള ഗോവയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. കേരളത്തില്‍ നിന്നും ഗോവയിലേയ്ക്ക് വോട്ടുമാറ്റിയതില്‍ സന്തോഷമുണ്ടെന്നും ഗോവ ഗവര്‍ണര്‍ വ്യക്തമാക്കി.

പശ്ചിമബംഗാളിലെ മുര്‍ഷിദാബാദിലെ സംയോജിത കണ്‍ട്രോള്‍ റൂമില്‍ വെബ് കാസ്റ്റിങ്ങ് ജില്ലാ മജിസട്രേറ്റിന്റെയും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്റെയും നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംവിധാനം നിരീക്ഷിക്കുന്നു

കർണാടകയിൽ ഭൂരിപക്ഷം സീറ്റുകളും കോൺഗ്രസ് വിജയിക്കുമെന്ന് മല്ലികാർജ്ജുൻ ഖർഗെ

കഴിഞ്ഞ അമ്പത് വര്‍ഷമായി വോട്ടു  ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം സീറ്റുകളില്‍ വിജയിക്കുമെന്നാണ് ഡി കെ ശിവകുമാറിന്റെ റിപ്പോര്‍ട്ടെന്നും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ വ്യക്തമാക്കി. ബെംഗളൂരു മണ്ഡലത്തില്‍ കുറച്ചു കടുപ്പമാണ് മത്സരം എന്ന സമ്മതിച്ച ഖര്‍ഗെ കൂടുതല്‍ വിവരങ്ങള്‍ കിട്ടുന്നതോടെ കൂടുതല്‍ വ്യക്തത വരുമെന്നും അറിയിച്ചു

പതിനൊന്ന് മണി പൂര്‍ത്തിയാകുമ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കനുസരിച്ച് 25.41 ശതമാനം പോളിങ്ങ്‌

സമഗ്രവും അപ്ഡേറ്റഡുമായ തിരഞ്ഞെടുപ്പ് വാർത്തകൾ റിപ്പോർട്ടറിൽ

മെയിൻപുരി മണ്ഡലത്തിൽ ആക്രമണമെന്ന് ആരോപണം

ഉത്തര്‍പ്രദേശിലെ മെയിന്‍പുരി മണ്ഡലത്തില്‍ അക്രമം ഉണ്ടായതായി ബിജെപി ആരോപണം. മണ്ഡലത്തിലെ കിസ്‌നിയില്‍ തങ്ങളുടെ വാഹനങ്ങള്‍ ആക്രമിച്ചുവെന്നാണ്ബിജെപി നേതാക്കളുടെ ആരോപണം

രാമക്ഷേത്രത്തെക്കുറിച്ചുള്ള രാം ഗോപാൽ യാദവിൻ്റെ പരാമർശം വിവാദത്തിൽ

രാമക്ഷേത്രം ഉപകാരമില്ലാത്തതെന്ന സമാജ് വാദി പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം ഗോപാൽ യാദവിൻ്റെ പരാമർശം വിവാദത്തിൽ. ക്ഷേത്രത്തിന്റെ ഡിസൈനേയും രാം ഗോപാല്‍ യാദവ് വിമര്‍ശിച്ചിരുന്നു. സഫായില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു രാം ഗോപാല്‍ യാദവ്

രാം ഗോപാല്‍ യാദവിനെതിരെ യോഗി ആദിത്യനാഥ് 

രാമക്ഷേത്രത്തെക്കുറിച്ചുള്ള എസ് പി നേതാവ് രാം ഗോപാല്‍ യാദവിന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസും എസ് പിയും ഹിന്ദു വിരുദ്ധരാണെന്ന് യോഗി ആദിത്യനാഥ് പ്രതികരിച്ചു. ഇവര്‍ തന്നെയാണ് രാമഭക്തര്‍ക്ക് നേരെ നിറയൊഴിച്ചതെന്നും രാമന്റെ അസ്ഥിത്വത്തെ നിഷേധിക്കുന്നതെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. രാം ഗോപാല്‍ യാദവിന്റെ പ്രസ്താവന ഇന്‍ഡ്യ സഖ്യത്തിന്റെ യഥാര്‍ത്ഥ നിലപാടാണ് കാണിക്കുന്നത്. വോട്ട് ബാങ്കിന് വേണ്ടി ഇവര്‍ വിശ്വാസം കൊണ്ട് കളിക്കുകയാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി

മെയിൻപുരിയിലെ സംഘർഷം നിഷേധിച്ച് അഖിലേഷ് യാദവ്

മെയിന്‍പുരിയില്‍ ബിജെപി-എസ് പി സംഘര്‍ഷമെന്ന ആരോപണം നിഷേധിച്ച് അഖിലേഷ് യാദവ്. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്നതിന് വേണ്ടിയാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ അഖിലേഷ് യാദവ് ബിജെപിയുടെ ആകുലതയാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നിലെന്നും ചൂണ്ടിക്കാണിച്ചു. ബിജെപിയുടെ പ്രകോപനത്തില്‍ വീഴാതെ വിജയിക്കുമെന്ന ആത്മവിശ്വാസത്തില്‍ എസ് പി പ്രവര്‍ത്തകര്‍ ഉറച്ച് നില്‍ക്കുമെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.

പോളിങ്ങിൽ കുതിച്ച് ബംഗാൾ കിതച്ച് മഹാരാഷ്ട്ര

പതിനൊന്ന് മണി വരെയുള്ള കണക്കുകള്‍ പ്രകാരം വിവിധ സംസ്ഥാനങ്ങളിലെ പോളിങ്ങ് നിരക്ക്

  • പശ്ചിമബംഗാള്‍- 32.82%

  • അസം- 27.34%

  • ബിഹാര്‍- 24.41%

  • ഛത്തീസ്ഗഡ്- 29.90%

  • ദാദ്രാ നഗര്‍ ഹവോലി ആന്‍ഡ് ദാമന്‍ ദിയു- 24.69%

  • ഗോവ- 30.94%

  • ഗുജറാത്ത്- 24.35%

  • കര്‍ണാടക- 24.48%

  • മധ്യപ്രദേശ്- 30.21%

  • മഹാരാഷ്ട്ര- 18.18%

  • ഉത്തര്‍പ്രദേശ്- 26.12%

പ്രജ്ജ്വല്‍ രേവണ്ണയ്‌ക്കെതിരായി ഉയർന്ന ആരോപണത്തിൽ ദുരൂഹത ചൂണ്ടിക്കാണിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി രംഗത്ത് 

പ്രജ്ജ്വൽ രേവണ്ണ വിഷയത്തിൽ സത്യം പുറത്ത് വരുമെന്ന് വ്യക്തമാക്കിയ കുമാരസ്വാമി വിഷയത്തില്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയെന്ന പരോക്ഷ വിമര്‍ശനവും ഉന്നയിച്ചു. രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ച ഏപ്രില്‍ 26ന് കുമാരസ്വാമി താങ്കള്‍ വിജയിക്കില്ലെന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞതും കുമാരസ്വാമി ചൂണ്ടിക്കാണിച്ചു. ഏപ്രില്‍ 26ന് കര്‍ണാടക വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി ശക്തരായ നേതാക്കള്‍ ഇതില്‍ ഉള്‍പ്പെട്ടതായി സൂചിപ്പിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയെന്നും കുമാരസ്വാമി ചൂണ്ടിക്കാണിച്ചു. 28ന് പരാതി ബെംഗളൂരുവിൽ തയ്യാറാക്കി എഫ്‌ഐആര്‍ ഇടാനായി ഹോളിനസരപുരയിലേയ്ക്ക് അയച്ചു. ഇതില്‍ തെറ്റില്ലെന്ന് പറഞ്ഞ കുമാരസ്വാമി മുഖ്യമന്ത്രി തിരക്ക് പിടിച്ച് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതിനെ വിമര്‍ശിച്ചു. പ്രത്യേക അന്വേഷണ സംഘം സ്വതന്ത്രവും നീതിയുക്തവുമായ അന്വേണത്തിന് വേണ്ടിയാണ് താന്‍ കരുതെന്ന് ചൂണ്ടിക്കാണിച്ച കുമാരസ്വാമി പക്ഷെ ഇപ്പോള്‍ രൂപീകരിച്ചിരിക്കുന്നത് സിദ്ധാരാമയ്യയുടെയും ഡി കെ ശിവകുമാറിന്റെയും അന്വേഷണ സംഘമാണെന്നും കുറ്റപ്പെടുത്തി.

ഹാസനിലെ ജെഡിഎസ് സ്ഥാനാര്‍ത്ഥിയായിരുന്ന പ്രജ്ജ്വലിന്റെ തിരഞ്ഞെടുപ്പ് ഏജന്റ് പൂര്‍ണ്ണാനചന്ദ്ര ഏപ്രില്‍ 22ന് ഹാസന്‍ ജില്ലാ കളക്ടര്‍ക്കും പൊലീസിനും പരാതി നല്‍കിയിരുന്നു. ഏപ്രില്‍ 21ന് രാത്രി നവീന്‍ ഗൗഡ എന്ന വ്യക്തി പ്രജ്ജ്വലിന്റെ വീഡിയോ കാണാന്‍ പറഞ്ഞ് ട്വീറ്റ് ചെയ്തതായിരുന്നു പരാതിയിലെ ഉള്ളടക്കം. ആ വീഡിയോയിലെ ഉള്ളടക്കത്തെ ന്യായീകരിക്കുന്നില്ലെന്നും നിയമം അതിന്റേതായ നിലയില്‍ പ്രവര്‍ത്തിക്കണമെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കണമെന്നും കുമാരസ്വാമി അഭിപ്രായപ്പെട്ടു. തെറ്റ് ചെയ്തത് ആരായാലും ആരെയും സംരക്ഷിക്കുന്ന വിഷയം ഉദിക്കുന്നില്ലെന്നും കുമാര സ്വാമി വ്യക്തമാക്കി.

സമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്ത ഒരു കാര്യത്തെക്കുറിച്ച് അഭിസംബോധന ചെയ്യുന്നതിനാണ് വാര്‍ത്താ സമ്മേളനം വിളിച്ചതെന്നും കുമാരസ്വാമി വ്യക്തമാക്കി. ഏപ്രില്‍ 21ന് ഒരു പെന്‍ഡ്രൈവ് സംസ്ഥാനത്ത് ഉടനീളം പ്രചരിക്കപ്പെട്ടു. ഇത് പ്രചരിപ്പിച്ചത് പൊലീസ് ഉദ്യോഗസ്ഥരാണ്. ഇവര്‍ ഇത് ബോധപൂര്‍വ്വം ബെംഗളൂരു റൂറലിലും മാണ്ഡ്യയിലും ഹാസനിലും പ്രചരിച്ചുവെന്നും കുമാരസ്വാമി ആരോപിച്ചു.

ഛത്തീസ്ഗഡില്‍ ഒരു കുടുംബത്തിലെ അഞ്ച് തലമുറ ഒരുമിച്ച് വോട്ട് ചെയ്തു

വോട്ടര്‍മാരെ പോളിങ്ങ് ബൂത്തിലെത്തിക്കാന്‍ പരമ്പാരാഗത വസ്ത്രമണിഞ്ഞ് കര്‍ണാടകയിലെ ഒരു ബൂത്തിലെത്തിയ പോളിങ്ങ് ഉദ്യോഗസ്ഥരുടെ ചിത്രം പങ്കുവെച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

 'കോണ്‍ഗ്രസിന്റെ കൈ പാകിസ്താന് ഒപ്പമാണ്'; നരേന്ദ്ര മോദി 

രാജ്യവിരുദ്ധ കാര്യങ്ങള്‍ പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ മത്സരമാണെന്ന രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടം പിന്നിടുമ്പോഴും പാകിസ്താനോടുള്ള കോണ്‍ഗ്രസിന്റെ ഇഷ്ടം അതിന്റെ കൊടുമുടിയില്‍ എത്തി. അവരുടെ പ്രസ്താവനകള്‍ ഞെട്ടിക്കുന്നതാണ്. നമ്മുടെ സൈന്യമാണ് ഭീകരാക്രമണം നടത്തിയതെന്നും പാകിസ്താന്‍ നിഷകളങ്കരാണെന്നും കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി നേരത്തെ പറഞ്ഞു. ആരെങ്കിലും ഇത്തരം പ്രസ്താവനകള്‍ അംഗീകരിക്കുമോയെന്നും നരേന്ദ്ര മോദി ചോദിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന മറ്റൊരു നേതാവ് പറഞ്ഞത് പാകിസ്താന്‍ മുംബൈ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ്. ആര്‍ക്കെങ്കിലും ഇത് വിശ്വസിക്കാന്‍ കഴിയുമോയെന്നും നരേന്ദ്ര മോദി ചോദിച്ചു. എന്താണ് കോണ്‍ഗ്രസിന്റെ നേതാക്കളുടെ ലക്ഷ്യമെന്ന് കോണ്‍ഗ്രസിന്റെ ഷെഹ്‌സാദെയോട് ചോദിക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ച് മോദി ചോദിച്ചു. 'കോണ്‍ഗ്രസിന്റെ കൈ പാകിസ്താന് ഒപ്പമാണ്. ഇത് ഞാന്‍ പറയുന്നതല്ല നമ്മള്‍ എല്ലാവരും പറയുന്നതാണെന്നും' മോദി വ്യക്തമാക്കി. മൂന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.

പശ്ചിമ ബംഗാളിലും ഗോവയിലും പോളിങ്ങ് 50 ശതമാനത്തോട് അടുക്കുന്നു. കുറവ് മഹാരാഷ്ട്രയിൽ

മൂന്നാം ഘട്ട തെരഞ്ഞെടുപ്പ പുരോഗമിക്കുന്നു. ഒരു മണി വരെ 39.92 ശതമാനം പോളിംഗ്

  • ആസാം- 45.88%

  • ബിഹാർ- 36.69%

  • ഛത്തീസ്ഗഡ്- 46.14%

  • ദാദ്ര നഗർ ഹവേലി & ദാമൻ ദിയു-39.94%

  • ഗോവ- 49.04%

  • ഗുജറാത്ത്- 37.83%

  • കർണാടക- 41.59%

  • മധ്യപ്രദേശ്- 44.67%

  • മഹാരാഷ്ട്ര- 31.55%

  • ഉത്തർപ്രദേശ്- 38.12%

  • പശ്ചിമ ബംഗാൾ- 49.27%

ആര്‍ജെഡി നേതാവ് തേജസ്വി യാദവിന് എംആര്‍ഐ സ്‌കാനിങ്ങ്

പാട്‌നയിലെ ഇന്ദിരാ ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പുറംവേദനയെ തുടര്‍ന്ന് തിങ്കളാഴ്ച തേജസ്വി യാദവിനെ എംആര്‍ഐ സ്‌കാനിങ്ങിന് വിധേയനാക്കിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ തിരക്കിൽ നിന്നാണ് ആർജെഡി നേതാവ് പരിശോധനയ്ക്കായി ഹാജരായത്

ബാരമതിയില്‍ എന്‍സിപി അജിത് പവാര്‍ വിഭാഗം മണിപവറും മസില്‍പവറും ഉപയോഗിക്കുന്നുവെന്ന് ആരോപണം

ബാരമതിയില്‍ എന്‍സിപി അജിത് പവാര്‍ വിഭാഗം മണിപവറും മസില്‍പവറും ഉപയോഗിക്കുന്നുവെന്ന ആരോപിച്ച് എന്‍സിപി ശരദ് പവാര്‍ വിഭാഗം എംഎല്‍എ രോഹിത് പവാര്‍. അജിത് പവാര്‍ വിഭാഗത്തിന്റെ എംഎല്‍എ ദത്താ ബാര്‍നെ സുപ്രിയ സുലൈക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോയും രോഹിത് പങ്കുവെച്ചു. ഇതിനെതിരെ പരാതി നല്‍കുമെന്ന് എന്‍സിപി ശരദ് പവാര്‍ വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്.

ഫിറോസ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

മുന്‍ എം പി ഷേര്‍ സിങ്ങ് ഖൂബയയെയാണ് കോണ്‍ഗ്രസ് ഫിറോസ്പൂരില്‍ മത്സരിപ്പിക്കുന്നത്‌

മൂന്നാം ഘട്ട വോട്ടെടുപ്പ് മൂന്ന് മണി വരെ രേഖപ്പെടുത്തിയത് 50.71 ശതമാനം പോളിങ്ങ്. കൂടുതൽ പോളിംഗ് പശ്ചിമ ബംഗാളിൽ, കുറവ് മഹാരാഷ്ട്രയിൽ

  • അസാം- 63.08%

  • ബിഹാർ- 46.69%

  • ഛത്തീസ്ഗഡ്- 58.19%

  • ദാദ്ര നഗർ ഹവേലി & ദാമൻ ദിയു- 52.43%

  • ഗോവ- 61.39%

  • ഗുജറാത്ത്- 47.03%

  • കർണാടക- 54.20%

  • മധ്യപ്രദേശ്- 54.09%

  • മഹാരാഷ്ട്ര- 42.63%

  • ഉത്തർപ്രദേശ്- 46.78%

  • പശ്ചിമ ബംഗാൾ- 63.11%

കൂടുതൽ പോളിംഗ് പശ്ചിമ ബംഗാളിൽ - 63.11% കുറവ് പോളിംഗ് മഹാരാഷ്ട്രയിൽ - 42.63%

  • അസം, ഗോവ, ബംഗാൾ എന്നിവിടങ്ങളിൽ പോളിംഗ് 60% കടന്നു

  • ബിഹാർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്,ഗുജറാത്ത്, എന്നിവിടങ്ങളിൽ പോളിംഗ് 50% ശതമാനത്തിൽ താഴെ

അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മ്മ വോട്ടു രേഖപ്പെടുത്തി

അസമിലെ ബാര്‍പെട്ട മണ്ഡലത്തിലാണ്‌ മുഖ്യമന്ത്രി വോട്ട്‌ രേഖപ്പെടുത്തിയത്‌

വോട്ടര്‍മാര്‍ക്ക്‌ പണം നല്‍കിയെന്ന എന്‍സിപി (എസ്‌പി) വിഭാഗത്തിന്റെ പരാതിയെ തുടര്‍ന്ന്‌ പൊലീസ്‌ അഞ്ചുപേരെ അറസ്‌റ്റു ചെയ്‌തു

എന്‍സിപി അജിത്‌ പവാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ വോട്ടര്‍മാര്‍ക്ക്‌ പണം നല്‍കിയെന്ന എന്‍സിപി (എസ്‌പി) വിഭാഗത്തിന്റെ പരാതിയെ തുടര്‍ന്ന്‌ പൊലീസ്‌ അഞ്ചുപേരെ അറസ്‌റ്റു ചെയ്‌തു. ബാരാമതി മണ്ഡലത്തിന്റെ ഭാഗമായ ബോറിലാണ്‌ പണം വിതരണം നടന്നതെന്നാണ്‌ പരാതി. വോട്ടര്‍മാര്‍ക്ക്‌ പണം നല്‍കിയതിനെതിരെ എന്‍സിപി ശരദ്‌ പവാര്‍ വിഭാഗം തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കിയിരുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായ അജിത്‌ പവാര്‍ തന്റെ പാര്‍ട്ടിക്കെതിരെ ഉയര്‍ന്ന ആരോപണം നിഷേധിച്ചിട്ടുണ്ട്‌.

നരേന്ദ്ര മോദി ആവശ്യപ്പെടുന്നത്‌ സംവരണം അവസാനിപ്പിക്കാന്‍; ലാലു പ്രസാദ്‌ യാദവ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദി സംവരണം അവസാനിപ്പിക്കാനാണ്‌ ആവശ്യപ്പെടുന്നതെന്ന്‌ ആര്‍ജെഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവ്‌. 'ഞങ്ങള്‍ മണ്ഡല്‍ കമ്മീഷന്‌ പിന്നിലാണ്‌. സംവരണത്തിന്റെ അടിസ്ഥാനം സാമൂഹികമാണ്‌. നരേന്ദ്ര മോദി സംവരണം അവസാനിപ്പാക്കാണ്‌ ആവശ്യപ്പെടുന്നത്‌. മതം സംവരണത്തിന്റെ അടിസ്ഥാനമാകരുത്‌. ഞാന്‍ നരേന്ദ്ര മോദിയെക്കാള്‍ സീനിയറാണ്‌. തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം നന്നായി പുരോഗമിക്കുകയാണ്‌. അത്‌ മഹാഖഡ്‌ബന്ധന്‌ അനുകൂലമാണ്‌. തിരഞ്ഞെടുപ്പ്‌ നടക്കുന്ന അഞ്ച്‌ സീറ്റിലും ഞങ്ങള്‍ മുന്‍പന്തിയി'ലാണെന്നും ലാലു പ്രസാദ്‌ യാദവ്‌ പറഞ്ഞു.

ഇൻഡ്യ മുന്നണിയുടെ എക്‌സ്‌പയറി ഡേറ്റ്‌ ജൂണ്‍ നാലെന്ന് പരിഹസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗോത്ര സംസ്കാരത്തെ അടിസ്ഥാനമാക്കിയുള്ള വോട്ടിങ്ങ് കേന്ദ്രം ശ്രദ്ധേയമാകുന്നു. ഛത്തീസ്ഗഡിലെ ജാഞ്ച്ഗിർ-ചമ്പ ജില്ലയിൽ ബലോഡ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പോളിങ്ങ് ബൂത്താണ് നവഗാവിലെ വോട്ടർമാരുടെ ആകർഷണ കേന്ദ്രമായി മാറിയിരിക്കുന്നത്

ഗാന്ധിനഗറിലെ പോളിംഗ് ബൂത്തിൽ ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നമുള്ള പേനകൾ ഉപയോഗിച്ചതായി ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ശക്തിസിൻഹ് ഗോഹിലിൻ്റെ ആരോപണം

"തെരഞ്ഞെടുപ്പ് ചിഹ്നവുമായി പോളിംഗ് ബൂത്തിനകത്ത് ആർക്കും ഇരിക്കാൻ കഴിയില്ല. ഇതാണ് നിയമം. ഗുജറാത്തിലെ എല്ലാ പോളിംഗ് ബൂത്തിലെയും ബിജെപി പോളിംഗ്/ബൂത്ത് പ്രതിനിധി താമര ചിഹ്നമുള്ള പേനയും ബിജെപിയുടെ ഫോട്ടോയുമായി ബൂത്തിനകത്ത് ഇരിക്കുകയാണ്. ഇതുപോലെയാണോ നിങ്ങള്‍ തിരഞ്ഞെടുപ്പില്‍ നേരിടുന്നത്‌. കോണ്‍ഗ്രസിന്‌ വേണ്ടി നിയമങ്ങളുണ്ട്‌, എന്നാല്‍ ബിജെപിക്ക്‌ നിയമങ്ങളില്ല. ഇതെന്തൊരു സംവിധാനമാണ്‌. ബിജെപി എന്തൊക്കെ തന്ത്രം കാണിച്ചാലും കുഴപ്പമില്ല. ഗുജറാത്തിലെ ജനങ്ങള്‍ ഇത്തവണ ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന്നും ശക്തി സിങ്ങ് ഗോഹിൽ എക്സിൽ കുറിച്ചു.

മൂന്നാംഘട്ട വോട്ടെടുപ്പ്; അഞ്ച് മണി വരെ രേഖപ്പെടുത്തിയത് 60.19 ശതമാനം പോളിങ്ങ് 

  • കൂടുതൽ പോളിംഗ് അസമിൽ- 74.86 %

  • പോളിംഗ് കുറവ് പോളിംഗ് മഹാരാഷ്ട്രയിൽ- 53.40%

  • അസം, ഗോവ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ പോളിംഗ് 70 ശതമാനം കടന്നു

  • ബിഹാർ, മഹാരാഷ്ട്ര, യു പി, ഗുജറാത്ത്, സംസ്ഥാനങ്ങളിൽ പോളിംഗ് 60 ശതമാനത്തിൽ താഴെ

ബിജെപിയെ രൂക്ഷമായി വിമർശിച്ച് സോണിയാ ഗാന്ധി

ഏതു വിധേനയും അധികാരം നേടുക മാത്രമാണ്‌ ബിജെപിയുടെ ലക്ഷ്യമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ സോണിയാ ഗാന്ധി. രാജ്യത്തെ എല്ലാ മുക്കിലും മൂലയിലും യുവജനങ്ങള്‍ തൊഴിലില്ലായ്‌മ അഭിമുഖീകരിക്കുകയാണ്‌. സ്‌ത്രീകള്‍ അതിക്രമങ്ങളെയും ദളിത്‌-ആദിവാസി-പിന്നാക്ക വിഭാഗങ്ങള്‍-ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ ഭയാനകമായ വിവേചനം നേരിടുന്നു. ഇതിന്‌ കാരണം നരേന്ദ്രമോദിയുടെയും ബിജെപിയുടെയും താല്‍പ്പര്യങ്ങളാണെന്നും സോണിയ കുറ്റപ്പെടുത്തി.

'എന്ത്‌ വിലകൊടുത്തും അധികാരം നേടുകയാണ്‌ അവരുടെ ലക്ഷ്യം. നേട്ടത്തിനായി അവര്‍ വിദ്വേഷ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ്‌. കോണ്‍ഗ്രസ്‌ പാര്‍ട്ടിയും ഞാനും എല്ലാവരുടെയും പുരോഗമനത്തിന്‌ വേണ്ടിയാണ്‌ പോരാടുന്നത്‌. കോണ്‍ഗ്രസും ഇന്‍ഡ്യ മുന്നണിയും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്‌. എല്ലാവരുടെയും ശോഭനമായ ഭാവിക്കായി കോണ്‍ഗ്രസിന്‌ വോട്ടുചെയ്യാന്‍ അഭ്യര്‍ത്ഥിച്ച സോണിയ ഗാന്ധി എല്ലാവര്‍ക്കും ചേര്‍ന്ന്‌ ശക്തവും ഐക്യമുള്ളതുമായ ഒരു ഇന്ത്യ നിര്‍മ്മിക്കാമെന്നും പറഞ്ഞു.

മൂന്നാംഘട്ട വോട്ടെടുപ്പ്; അഞ്ച് മണി വരെ രേഖപ്പെടുത്തിയത് 60.19 ശതമാനം പോളിങ്ങ് 

  • അസാം -74.86% 

  • ബിഹാർ - 56.01% 

  • ഛത്തീസ്ഗഡ്- 66.87%   

  • ദാദ്ര നഗർ ഹവേലി & ദാമൻ ദിയു-65.23%

  • ഗോവ-72.52% 

  • ഗുജറാത്ത്-55.22% 

  • കർണാടക-66.05%   

  • മധ്യപ്രദേശ്-62.28% 

  • മഹാരാഷ്ട്ര-53.40% 

  • ഉത്തർപ്രദേശ് -55.13% 

  • പശ്ചിമ ബംഗാൾ-73.93%

മുസ്ലിം സംവരണവുമായി ബന്ധപ്പെട്ട്‌ കര്‍ണ്ണാടക ബിജെപി ഘടകം പോസ്‌റ്റ്‌ ചെയ്‌ത ആനിമേറ്റഡ്‌ വീഡിയോ നീക്കം ചെയ്യാന്‍ എക്‌സ്‌ പ്ലാറ്റ്‌ഫോമിനോട്‌ ആവശ്യപ്പെട്ട്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും മുസ്ലിം വിഭാഗങ്ങള്‍ക്ക് വലിയ ധനവിഹിതം അനുവദിക്കുന്നതായി കാണിക്കുന്ന വീഡിയോ കര്‍ണാടക ബിജെപിയുടെ സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റു ചെയ്തിരുന്നു. ഇതിന് പിന്നാലെ പരാതിയുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കിയെന്ന പരാതിയില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ, ബിജെപി കര്‍ണാടക പ്രസിഡന്റ് ബി വൈ വിജയേന്ദ്ര, ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ എന്നിവര്‍ക്കെതിരെ കേസ് എടുത്തിരുന്നു

ശനിയാഴ്ചയാണ് ബിജെപിയുടെ കര്‍ണാടക ഘടകത്തിന്റെ സോഷ്യല്‍ മീഡിയ പേജില്‍ പതിനേഴ് സെക്കന്റ് ദൈര്‍ഘ്യമുള്ള അനിമേറ്റഡ് വീഡിയോ പോസ്റ്റ് ചെയ്തത്. രാഹുല്‍ ഗാന്ധിയും സിദ്ധാരാമയ്യയും മുസ്ലിം എന്ന് എഴുതിയ മുട്ട പക്ഷിക്കൂടില്‍ ഇടുന്നു. ഈ മുട്ടകള്‍ വിരിയുമ്പോള്‍, മുസ്ലിം എന്നെഴുതിയ മുട്ട വിരിഞ്ഞുണ്ടായ തൊപ്പി ധരിച്ച വലിയ പക്ഷിക്കുഞ്ഞിന് മാത്രം രാഹുല്‍ ഗാന്ധി 'ഫണ്ട്സ്' എന്നെഴുതിയ ഭക്ഷണം നല്‍കുന്നു. ഇത് സിദ്ധരാമയ്യ നോക്കി നില്‍ക്കുന്നു. ഭക്ഷണം ലഭിച്ച് വലുതായ പക്ഷി, ഭക്ഷണം ലഭിക്കാത്ത മറ്റ് മൂന്ന് പക്ഷിക്കുഞ്ഞുങ്ങളേയും കൂട്ടില്‍ നിന്ന് പുറത്താക്കുന്നു. ഇത് കണ്ട് സിദ്ധരാമയ്യ ചിരിക്കുന്നു. ഇതായിരുന്നു വീഡിയോയുടെ ഉള്ളടക്കം. 

മൂന്നാംഘട്ട വോട്ടെടുപ്പ്;  തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം പോളിങ്ങ് ശതമാനം 64.40

  • അസാം -81.61%

  • ബിഹാര്‍ - 58.18%

  • ഛത്തീസ്ഗഡ്- 71.06%

  • ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയു-69.87%

  • ഗോവ-75.20%

  • ഗുജറാത്ത്-58.98%

  • കര്‍ണാടക-70.41%

  • മധ്യപ്രദേശ്-66.05%

  • മഹാരാഷ്ട്ര-61.44%

  • ഉത്തര്‍പ്രദേശ് -57.34%

  • പശ്ചിമ ബംഗാള്‍-75.79%

മൂന്നാംഘട്ട വോട്ടെടുപ്പ്; പോളിങ്ങിൽ അസം മുന്നിൽ ഉത്തർപ്രദേശ് പിന്നിൽ

തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റവും ഒടുവിൽ പുറത്ത് വിട്ട കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പോളിങ്ങ് നടന്നത് അസമിലെ നാല് ലോക്സഭാ മണ്ഡലങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ. അസമിൽ രേഖപ്പെടുത്തിയത് 81.61 ശതമാനം വോട്ടുകളാണ്. ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. ഇവിടെ 57.34 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്.

ഛത്തീസ്ഗഡ്, ഗോവ, കർണ്ണാടക, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ പോളിങ്ങ് ശതമാനം എഴുപതിന് മുകളിലാണ്. ഛത്തീസ്ഗഡ്- 71.06%, ഗോവ-75.20%, കര്‍ണാടക-70.41%, പശ്ചിമ ബംഗാള്‍-75.79% എന്നിങ്ങനെയാണ് ഈ സംസ്ഥാനങ്ങളിലെ പോളിങ്ങ് നിരക്ക്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയുവിലും പോളിങ്ങ് 60 ശതമാനത്തിന് മുകളിലാണ്. മധ്യപ്രദേശ്-66.05%, മഹാരാഷ്ട്ര-61.44%, ദാദ്ര നഗര്‍ ഹവേലി & ദാമന്‍ ദിയു-69.87% എന്നിങ്ങനെയാണ് പോളിങ്ങ്. ഉത്തർപ്രദേശിലും ബിഹാറിലും ഗുജറാത്തിലും പോളിങ്ങ് 60 ശതമാനത്തിന് താഴെയാണ്. ബിഹാര്‍ - 58.18%, ഗുജറാത്ത്-58.98%, ഉത്തര്‍പ്രദേശ് -57.34% എന്നിങ്ങനെയാണ് പോളിങ്ങ് ശതമാനം.

logo
Reporter Live
www.reporterlive.com