ഡല്‍ഹി മുന്‍ പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി ബിജെപിയില്‍

കോണ്‍ഗ്രസ് -ആം ആദ്മി സഖ്യത്തിലെ അസ്വാരസ്യങ്ങളും ഡല്‍ഹി സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയുമായിരുന്നു ലവ്‌ലിയുടെ രാജിയില്‍ കലാശിച്ചത്.
ഡല്‍ഹി മുന്‍ പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി ബിജെപിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ പിസിസി അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ നേതൃത്വത്തില്‍ നാല് മുന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍ അവസരം തന്നതിന് ലവ്‌ലി പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ഡല്‍ഹിയിലെ ജനങ്ങളെ രക്ഷിക്കാന്‍ ബിജെപിക്കൊപ്പം പ്രയത്‌നിക്കും. തങ്ങളെകൊണ്ട് കഴിയുന്നത് ചെയ്യുമെന്നും ലവ്‌ലി പറഞ്ഞു.

കോണ്‍ഗ്രസ് -ആം ആദ്മി സഖ്യത്തിലെ അസ്വാരസ്യങ്ങളും ഡല്‍ഹി സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തിയുമായിരുന്നു ലവ്‌ലിയുടെ രാജിയില്‍ കലാശിച്ചത്. അനുനയ നീക്കവുമായി കോണ്‍ഗ്രസ് നേതാക്കള്‍ അരവിന്ദ് സിംഗ് ലൗലിയെ വസതിയില്‍ സന്ദര്‍ശിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നാലെ പാര്‍ട്ടി ചുമതലകളില്‍ നിന്ന് മാത്രമാണ് രാജിവെക്കുന്നത് മറിച്ച് കോണ്‍ഗ്രസില്‍ നിന്നല്ലെന്നും ലവ്‌ലി പ്രതികരിച്ചിരുന്നു.

ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം വരെയുള്ള വിഷയങ്ങളില്‍ പിസിസിയുടെ താല്പര്യം പരിഗണിച്ചില്ല എന്ന് ലവ്‌ലി ആരോപിച്ചിരുന്നു. കനയ്യ കുമാറിന്റെയും ഉദിത് രാജിന്റെയും സ്ഥാനാര്‍ഥിത്വത്തിലെ അതൃപ്തി രാജിക്കത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ ലോക്സഭ സ്ഥാനാര്‍ഥി നിര്‍ണയത്തിലും അരവിന്ദറെ നേതൃത്വം പരിഗണിച്ചിരുന്നില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com