'ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതാണ് ഭേദം'; അധിര്‍ രഞ്ജന്റെ പരാമര്‍ശത്തില്‍ വലഞ്ഞ് കോണ്‍ഗ്രസ്

തൃണമൂലിന് വോട്ട് ചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിയ്ക്ക് വോട്ടുചെയ്യുന്നതാണെന്ന അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശമാണ് തൃണമൂല്‍ വിവാദമാക്കുന്നത്
'ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതാണ് ഭേദം'; അധിര്‍ രഞ്ജന്റെ പരാമര്‍ശത്തില്‍ വലഞ്ഞ് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി. തൃണമൂലിന് വോട്ട് ചെയ്യുന്നതിനേക്കാള്‍ നല്ലത് ബിജെപിയ്ക്ക് വോട്ടുചെയ്യുന്നതാണെന്ന അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശമാണ് തൃണമൂല്‍ വിവാദമാക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള അധിറിന്റെ പ്രസംഗത്തിന്റെ വീഡിയോ തൃണമൂല്‍ തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിലൂടെ പുറത്തുവിടുകയായിരുന്നു.

'ഈ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ജയിക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ മതേതരത്വം തന്നെ ഇല്ലാതാവും. തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുകയെന്നാല്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യുക എന്നാണ്. അതിനാല്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതാണ് ഭേദം', പ്രസംഗത്തില്‍ അദ്ദേഹം പറയുന്നു.

തങ്ങളുടെ പാര്‍ട്ടിയ്‌ക്കെതിരെ തുടര്‍ച്ചയായി ആഞ്ഞടിക്കുന്ന അധിറിന്റെ പ്രസ്താവനകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അസ്വസ്ഥരാണ്. കോണ്‍ഗ്രസുമായി സീറ്റ് പങ്കിടാത്തതിന്റെ കാരണമായി അധിറിന്റെ പ്രസ്താവനകളെ ചൂണ്ടിക്കാട്ടുകയാണ് തൃണമൂല്‍. ബിജെപിയ്ക്ക് വോട്ട് ചെയ്യാന്‍ പറയുന്ന ബി ടീം മെമ്പറെ നോക്കൂ എന്നാണ് തൃണമൂല്‍ നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നത്. ബിജെപിയുടെ കണ്ണും കാതുമായി പ്രവര്‍ത്തിക്കുന്ന അധിര്‍ രഞ്ജന്‍ ചൗധരി ഇപ്പോള്‍ അവരുടെ ശബ്ദമായി പ്രവര്‍ത്തിക്കുന്നുവെന്ന് തൃണമൂല്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപി സാകേത് ഗോഖലെയും അധിറിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. കേന്ദ്രസര്‍ക്കാര്‍ അജണ്ടകള്‍ക്കെതിരെ മമതാ ബാനര്‍ജി ശക്തമായി നിലകൊള്ളുമ്പോള്‍ കോണ്‍ഗ്രസ് ബിജെപിയ്ക്കുവേണ്ടി വോട്ട് ചോദിക്കുകയാണെന്ന് സാകേത് ഗോഖലെ കുറ്റപ്പെടുത്തി. എന്നാല്‍ അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തെക്കുറിച്ച് അറിയില്ലെന്നാണ് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറയുന്നത്. ബിജെപിയുടെ സീറ്റുനില താഴ്ത്തുകയെന്ന ഒറ്റ ലക്ഷ്യമേ കോണ്‍ഗ്രസിനുള്ളൂവെന്നും ജയറാം രമേശ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com