രാമക്ഷേത്രചടങ്ങ് പ്രതിപക്ഷ നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് വിഷയമാക്കുന്നു; പരാതിനൽകി സീതാറാം യെച്ചൂരി

'അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ വികാരം ഉണർത്താൻ കാരണമാകും'
രാമക്ഷേത്രചടങ്ങ് പ്രതിപക്ഷ നേതാക്കൾക്കെതിരെ തിരഞ്ഞെടുപ്പ് വിഷയമാക്കുന്നു; പരാതിനൽകി സീതാറാം യെച്ചൂരി

ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വര്‍ഗ്ഗീയ വികാരം ഉണര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കമാണ് നരേന്ദ്ര മോദി നടത്തുന്നതെന്നും യെച്ചൂരി പരാതിയിൽ ആരോപിച്ചു. പ്രതിപക്ഷം രാമക്ഷേത്രത്തിന് എതിരാണ്, രാമനെ അധിക്ഷേപിക്കുന്നു, രാമനവമി ആഘോഷങ്ങള്‍ അനുവദിക്കില്ല തുടങ്ങി പ്രതിപക്ഷത്തെ നേതാക്കളെ ലക്ഷ്യമിട്ട് നരേന്ദ്ര മോദി നടത്തുന്ന പ്രസ്താവനകള്‍ ദൗര്‍ഭാഗ്യകരമാണെന്നും യെച്ചൂരി വ്യക്തമാക്കി. വിഭജനം ഉണ്ടാക്കുന്ന ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ വികാരം ഉണർത്താൻ കാരണമാകുമെന്നും യെച്ചൂരി ചൂണ്ടിക്കാണിച്ചു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ നരേന്ദ്ര മോദി നടത്തിയ നിരവധി പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ശനിയാഴ്ചയാണ് സീതാറാം യെച്ചൂരി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിന് കത്തയച്ചത്. ബിജെപിക്ക് പിന്തുണ സമാഹരിക്കുന്നതിനും പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ വികാരം ഉണര്‍ത്തുന്നതിനും രാമക്ഷേത്രത്തെയോ രാമന്റെ പ്രതിഷ്ഠയെയോ ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജസ്ഥാനിലെ അജ്മീരില്‍ ഏപ്രില്‍ ആറിനും ബിഹാറിലെ നവാഡയില്‍ എപ്രില്‍ 7നും ഉത്തര്‍പ്രദേശിലെ പിലിഭിത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗവും പരാതിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

രാമക്ഷേത്ര പ്രതിഷ്ഠയ്ക്ക് എതിരു നിന്നവര്‍ വരാനിരിക്കുന്ന രാമനവമി ആഘോഷങ്ങള്‍ക്കും എതിരായിരിക്കുമെന്ന് നരേന്ദ്ര മോദി പ്രസംഗത്തില്‍ പറഞ്ഞത് പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ മതപരമായ വൈകാരികത ഉണര്‍ത്താനുള്ള പ്രേരണയാണെന്നാണ് യെച്ചൂരി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മോദിയുടെ ഈ പ്രവര്‍ത്തികള്‍ ഇന്ത്യന്‍ ശിക്ഷാനിമയം സെക്ഷന്‍ 153 എ, ഐപിസി 505ന്റെ (എ), (ബി), എന്നിവ പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 123 പ്രകാരവും കുറ്റകരമാണെന്നും യെച്ചൂരി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും രാജ്യത്തെ നിയമവാഴ്ചയും സംരക്ഷിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതരഹിതമായി ഉടന്‍ ഇടപെടണമെന്നും യെച്ചൂരി ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com