തിര. പ്രചാരണം സർക്കാർ ചെലവിൽ; മോദിയും പിണറായിയും സതീശനും ഫേസ്ബുക്കിന് ചെലവാക്കുന്നത് ഖജനാവിലെ പണം

നരേന്ദ്ര മോദി ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ പങ്കെടുക്കുന്ന ഓരോ റാലിയും ഈ പേജ് വഴി ലൈവായി കാണാം. പ്രൊഫൈലിൽ പ്രധാനമന്ത്രിയെന്ന് എഴുതി വെച്ചിട്ടുമുണ്ട്.

dot image

തിരുവനന്തപുരം: സർക്കാർ ചെലവിലാണ് രാജ്യത്തെ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും മറ്റ് പ്രധാനനേതാക്കളുടെയുമെല്ലാം ഫേസ്ബുക്ക് പേജുകൾ കൈകാര്യം ചെയ്യപ്പെടുന്നത്. തിരഞ്ഞെടുപ്പടുത്തതോടെ ഇത് പ്രചാരണമാധ്യമമായി മാറിയിരിക്കുന്നു, അതിനുള്ള പണവും സർക്കാരിൽ നിന്നാണ് ചെലവഴിക്കുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ഉപയോഗിക്കുന്ന ഫേസ്ബുക്ക് അക്കൌണ്ടിന് നാല് കോടി 90 ലക്ഷം ഫോളേവേഴ്സുണ്ട്. കേന്ദ്രസർക്കാർ പണം കൊടുത്ത് നിർത്തുന്നവരാണ് വർഷങ്ങളായി പേജ് കൈകാര്യം ചെയ്യുന്നത്. ഈ ഫേസ്ബുക്ക് അക്കൌണ്ടിന് വേണ്ടി ചെലവഴിച്ചതെല്ലാം സർക്കാർ പണമാണ്.

എന്നാൽ നരേന്ദ്ര മോദി ബിജെപി സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ പങ്കെടുക്കുന്ന ഓരോ റാലിയും ഈ പേജ് വഴി ലൈവായി കാണാം. പ്രൊഫൈലിൽ പ്രധാനമന്ത്രിയെന്ന് എഴുതി വെച്ചിട്ടുമുണ്ട്. സർക്കാർ പണം സ്ഥാനാർത്ഥികൾ പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന ചട്ടം സാമൂഹിക മാധ്യമങ്ങൾക്ക് ബാധകമാകുന്നില്ല എന്ന് ചുരുക്കം.

മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫേസ്ബുക്ക് പേജും സമാനമാണ്. ഏഴര വർഷമായി സർക്കാർ പണം ഉപയോഗിച്ചാണ് അക്കൌണ്ട് കൈകാര്യം ചെയ്യുന്നത്. പ്രചാരണവും വാർത്താ സമ്മേളനവും പാർട്ടി നിലപാടും എല്ലാം പങ്കുവെക്കുന്നത് ഈ ഫേസ്ബുക്ക് അക്കൌണ്ട് വഴിയാണ്. പ്രൊഫൈലിൽ മുഖ്യമന്ത്രി എന്ന് എഴുതിവെച്ചിട്ടാണ് ഈ വോട്ട് പിടുത്തം.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ഫേസ്ബുക്ക് പേജ് പരിപാലിച്ചതും സർക്കാർ പണം ഉപയോഗിച്ച് തന്നെയാണ്. വിഡി സതീശനും യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള വർത്തമാനം എല്ലാം പറയുന്നത് സർക്കാർ ചെലവിൽ കൈകാര്യം ചെയ്യുന്ന ഈ പേജ് വഴി തന്നെയാണ്.

കേരളത്തിൽ നിന്ന് മൽസരിക്കുന്ന രണ്ട് കേന്ദ്രമന്ത്രിമാരുടെ ഫേസ്ബുക്ക് പേജിന്റെ കാര്യവും വ്യത്യസ്തമല്ല. സർക്കാർ ചെലവിൽ പരിപാലിച്ച പേജ് വഴി തന്നെയാണ് വി മുരളീധരനും രാജീവ് ചന്ദ്രശേഖരനും പ്രചാരണം തകർക്കുന്നത്. രണ്ടു പേരും മന്ത്രിയാണെന്ന് പേജിൽ മറച്ച് വെച്ചിട്ടുമില്ല. സർക്കാർ ചെലവിൽ പോസ്റ്റുകൾ അപ്ഡേറ്റ് ചെയ്യുന്ന സംസ്ഥാന മന്ത്രിമാരുടെ പേജുകളിലും എൽഡിഎഫിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകൾ നിറയുകയാണ്.

dot image
To advertise here,contact us
dot image