ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎ പിന്‍വലിക്കും; കോണ്‍ഗ്രസ്

അസം കഴിഞ്ഞ കുറച്ചു നാളായി ജനാധിപത്യ രാജ്യമല്ല. അതൊരു പൊലീസ് സംസ്ഥാനമായി മാറി കഴിഞ്ഞുവെന്നും ഗൗരവ് പറഞ്ഞു.
ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎ പിന്‍വലിക്കും; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 2024ല്‍ ഇന്‍ഡ്യ മുന്നണി അധികാരത്തിലെത്തിയാല്‍ സിഎഎ പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്. വെള്ളിയാഴ്ച കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയില്‍ സിഎഎയെ കുറിച്ച് കോണ്‍ഗ്രസ് നേരിട്ട് പരാമര്‍ശിക്കാത്തത് ചര്‍ച്ചയായിരുന്നു. സാമൂഹ്യ നീതി, യുവജന, വനിതാ, കര്‍ഷക, ഭരണഘടന, സാമ്പത്തിക, ഫെഡറലിസം, ദേശീയ സുരക്ഷാ വിഷയങ്ങളാണ് പ്രകടന പത്രികയില്‍ ഇടം നേടിയിരുന്നത്.

സിഎഎ പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് 2019ല്‍ തന്നെ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയതാണെന്ന് ഗൗരവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'ഇന്‍ഡ്യ മുന്നണി സര്‍ക്കാരിന്റെ ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ സിഎഎ പിന്‍വലിച്ച് ഞങ്ങളുടെ വാഗ്ദാനം ഞങ്ങള്‍ പാലിക്കും', ഗൗരവ് പറഞ്ഞു.

2019ല്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചതാണ് സിഎഎ പിന്‍വലിക്കുമെന്ന്. അതേ നിലപാടാണ് തങ്ങള്‍ക്ക് ഇപ്പോഴും ഉള്ളത്. ആ നിലപാടിനോട് പ്രതിജ്ഞാബദ്ധവുമാണ്. സിഎഎക്കെതിരെ പ്രക്ഷോഭം നയിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ബിജെപി സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണ്. പൊലീസ് പുറത്തുനില്‍ക്കുന്നതിനാല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസുകളില്‍ തന്നെ തുടരേണ്ടി വരുന്നു. ഒരു ജനാധിപത്യ രാജ്യത്തിനകത്ത് എല്ലാവര്‍ക്കും ജനാധിപത്യപരമായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ട്. പക്ഷെ അസം കഴിഞ്ഞ കുറച്ചു നാളായി ജനാധിപത്യ രാജ്യമല്ല. അതൊരു പൊലീസ് സംസ്ഥാനമായി മാറി കഴിഞ്ഞുവെന്നും ഗൗരവ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com