ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരാണോ; സന്ദേശ്ഖാലി അക്രമത്തില്‍ മമത സർക്കാരിനെതിരെ ഹൈക്കോടതി

താന്‍ പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിച്ച് സ്ത്രീകളോട് സംസാരിച്ചെന്നും സത്യവാങ്മൂലം തെറ്റാണെന്ന് തെളിയിച്ചാല്‍ എന്നെന്നേക്കുമായി കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും പൊതു താല്‍പര്യഹര്‍ജി സമര്‍പ്പിച്ച അഭിഭാഷക പ്രിയങ്ക ടിബ്രേവാള്‍ പറഞ്ഞു
ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരാണോ; സന്ദേശ്ഖാലി അക്രമത്തില്‍ മമത സർക്കാരിനെതിരെ ഹൈക്കോടതി

കൊല്‍ക്കത്ത: സന്ദേശ്ഖാലി അക്രമത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരായ ലൈംഗികാതിക്രമം, ഭൂമി തട്ടിയെടുക്കല്‍ കേസുകളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു വിമര്‍ശനം. സത്യവാങ്മൂലം ശരിയാണെങ്കില്‍ അത് ലജ്ജാകരമാണെന്ന് ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം ജസ്റ്റിസ് ഹിരണ്‍മയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിമര്‍ശിച്ചു.

'ഹര്‍ജിയില്‍ ഒരു ശതമാനം ശരിയുണ്ടെങ്കില്‍ ഇത് തീര്‍ത്തും നാണക്കേടാണ്. പശ്ചിമ ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരാണോ?, എന്നാല്‍ ഒരു സത്യവാങ്മൂലം ശരിയാണെന്ന് തെളിഞ്ഞാല്‍ പോലും വാദങ്ങള്‍ പൊളിയും. ജില്ലാ ഭരണകൂടത്തിനും ഭരിക്കുന്ന പാര്‍ട്ടിക്കുമാണ് ഇതിന്റെ നൂറ് ശതമാനം ഉത്തരവാദിത്തം.' കോടതി പറഞ്ഞു.

താന്‍ പ്രശ്‌നബാധിത പ്രദേശം സന്ദര്‍ശിച്ച് സ്ത്രീകളോട് സംസാരിച്ചെന്നും സത്യവാങ്മൂലം തെറ്റാണെന്ന് തെളിയിച്ചാല്‍ എന്നന്നേക്കുമായി കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നത് അവസാനിപ്പിക്കുമെന്നും പൊതു താല്‍പര്യഹര്‍ജി സമര്‍പ്പിച്ച അഭിഭാഷക പ്രിയങ്ക ടിബ്രേവാള്‍ പറഞ്ഞു. പൊലീസിനെയും പ്രത്യാഘാതങ്ങളെയും ഭയന്നാണ് സ്ത്രീകള്‍ കഴിയുന്നത്. എങ്കില്‍ പോലും ഷാജഹാനെതിരെ ശബ്ദമുയര്‍ത്താന്‍ അവര്‍ ആഗ്രഹിക്കുന്നുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി.

തോക്ക് കാട്ടി ഭീഷണിപ്പെടുത്തി സ്ത്രീകളെ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന ആരോപണത്തില്‍ ഫെബ്രുവരിയിലായിരുന്നു സന്ദേശ്ഖാലി കേസില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഒളിവിലായിരുന്ന ഷാജഹാനെ രണ്ട് മാസമെടുത്തായിരുന്നു അറസ്റ്റ് ചെയ്തത്. ഷാജഹാന്റെ അറസ്റ്റ് വൈകിയ വേളയിലും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടിയും കോടതി വിമര്‍ശമുയര്‍ത്തി.

'55 ദിവസങ്ങള്‍ നിങ്ങള്‍ ഒളിച്ചുകളിച്ചു. എന്നിട്ടും അവ്യക്തമായ നിലപാടാണ് എടുത്തത്. നിങ്ങള്‍ കണ്ണടച്ചതുകൊണ്ടുമാത്രം ലോകം ഇരുട്ടാവില്ല.' ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com