ഭരണഘടന തിരുത്താൻ വോട്ടഭ്യർത്ഥിച്ചു, വിവാദമായി; ആറ് തവണ എംപിയായ ഹെഗ്ഡെയ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപി

നിരന്തരമായി വിവാദ പരാ‍മ‍ർശങ്ങൾ നടത്തി ബിജെപിയെ പ്രതിരോധത്തിലാക്കുന്ന ഹെ​ഗ്ഡെയ്ക്ക് പകരം മണ്ഡലത്തിൽ വിശ്വേശ്വർ ഹെ​ഗ്ഡെ ക​ഗേരി മത്സരിക്കും.
ഭരണഘടന തിരുത്താൻ വോട്ടഭ്യർത്ഥിച്ചു, വിവാദമായി; ആറ് തവണ എംപിയായ ഹെഗ്ഡെയ്ക്ക് സീറ്റ് നിഷേധിച്ച് ബിജെപി

ബെംഗളുരു: ഭരണഘടന തിരുത്തിയെഴുതാന്‍ വോട്ടഭ്യര്‍ത്ഥിച്ച് വിവാദത്തിലായ ബിജെപി എംപിക്ക് കർണാടകയിൽ സീറ്റില്ല. ഭരണഘടനയെ തിരുത്താൻ ആ​ഹ്വാനം ചെയ്ത് പ്രസം​ഗിച്ച ആനന്ദ് കുമാർ ഹെ​ഗ്ഡെയ്ക്കാണ് ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചിരിക്കുന്നത്. ആറ് തവണ എംപിയായ ആനന്ദ് കുമാർ ഹെ​ഗ്ഡെ ഭരണഘടന തിരുത്തിയെഴുതാന്‍ പാര്‍ലമെന്റിലെ ഇരു സഭകളിലും ബിജെപിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നും ഇതിനായി വോട്ട് ചെയ്യണമെന്നും അഭ്യ‍ർത്ഥിച്ചിരുന്നു. ഈ വിവാദ പരാമ‍ർശത്തെ തള്ളി വൈകാതെ ബിജെപി രം​ഗത്തെത്തുകയും ചെയ്തിരുന്നു. ഉത്തര കന്നട ലോക്സഭാ സീറ്റിൽ നിന്ന് ആറ് തവണ ജയിച്ച നേതാവാണ് ആനന്ദ് കുമാ‍ർ ഹെ​ഗ്ഡെ. നിരന്തരമായി വിവാദ പരാ‍മ‍ർശങ്ങൾ നടത്തി ബിജെപിയെ പ്രതിരോധത്തിലാക്കുന്ന ഹെ​ഗ്ഡെയ്ക്ക് പകരം മണ്ഡലത്തിൽ വിശ്വേശ്വർ ഹെ​ഗ്ഡെ ക​ഗേരി മത്സരിക്കും.

ബിജെപിക്ക് 400ൽ അധികം സീറ്റ് ഉറപ്പാക്കണമെന്നായിരുന്നു ആനന്ദ് കുമാർ ഹെഗ്ഡെയുടെ ആവശ്യം. കോൺഗ്രസ് ഭരണഘടനയില്‍ വരുത്തിയ വളച്ചൊടിക്കലുകളും അനാവശ്യമായ കൂട്ടിച്ചേർക്കലുകളും ശരിയാക്കേണ്ടതുണ്ടെന്നും ഹെഗ്ഡെ പറഞ്ഞിരുന്നു. ആറ് തവണ കര്‍ണാടകയില്‍ നിന്ന് പാര്‍ലമെന്റിലെത്തിയ ഹെഗ്ഡെ സംസ്ഥാനത്തെ പ്രാദേശിക യോഗത്തിൽ സംസാരിക്കവെയാണ് വിവാദ പരാമര്‍ശം നടത്തിയത്. ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് മതേതരത്വമെന്ന വാക്ക് എടുത്തുകളയുമെന്ന് ആറുവര്‍ഷം മുമ്പ് ഹെഗ്ഡെ പ്രഖ്യാപിച്ചിരുന്നു.

ഭരണഘടന തിരുത്താന്‍ പാര്‍ട്ടി 20 ലേറെ സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തേണ്ടതുണ്ട്. കോണ്‍ഗ്രസ് ഭരണഘടനയില്‍ അനാവശ്യമായ കൂട്ടിച്ചേര്‍ക്കലുകളും വളച്ചൊടിക്കലുകളും നടത്തിയിട്ടുണ്ട്. പ്രത്യേകിച്ച് ഹിന്ദു സമൂഹത്തെ അടിച്ചമര്‍ത്തുക ലക്ഷ്യമിട്ടുള്ള നിയമങ്ങള്‍ കൊണ്ടുവന്നു. ഇതെല്ലാം മാറ്റുന്നത് നിലവിലെ ഭൂരിപക്ഷത്തില്‍ സാധ്യമല്ല. ലോക്സഭയില്‍ കോണ്‍ഗ്രസ് ഇല്ലാതിരിക്കുകയോ മോദിക്ക് ലോക്സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുകയോ ചെയ്തതുകൊണ്ട് മാത്രം ഇത് സാധ്യമാകുമെന്ന് കരുതിയെങ്കില്‍ തെറ്റി. ആകെ സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ടിലും ബിജെപിക്ക് അധികാരം ലഭിക്കണം എന്നും ഹെഗ്ഡെ വോട്ടഭ്യർത്ഥിച്ചുകൊണ്ട് പറഞ്ഞിരുന്നു.

ഹെഗ്ഡെയുടെ വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഭരണഘടനയെ തിരുത്തി എഴുതുക, നശിപ്പിക്കുക എന്നതാണ് ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും രഹസ്യ അജണ്ടയെന്നാണ് കോൺഗ്രസ് തിരിച്ചടിച്ചത്. സംഘപരിവാറിന്റെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും രഹസ്യ താത്പര്യം വെളിവാക്കുന്നതാണ് ബിജെപി എംപിയുടെ പൊതു പ്രഖ്യാപനമെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും മോദി- ആര്‍എസ്എസ് സംഘത്തിന്റെ അജണ്ട പുറത്തുവന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും പറഞ്ഞിരുന്നു. രാജ്യത്ത് ഏകാദിപത്യം നടപ്പിലാക്കുക എന്ന അജണ്ടയാണ് മോദി സര്‍ക്കാരിന്റെയും ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയുമെന്നും ഖർഗെ ആരോപിച്ചിരുന്നു.

ഇത്തവണത്തെ സ്ഥാനാ‍ർത്ഥി നിർണയത്തിൽ കൃത്യമായ സന്ദേശമാണ് ബിജെപി നൽകുന്നത്. വിവാദ പരാമ‍ർശവും പാർട്ടിക്ക് നേരെ വിമർശനവും ഉന്നയിച്ച നേതാക്കൾക്കും സിറ്റിങ് എംപിമാർക്കും സീറ്റ് നൽകിയിട്ടില്ല. വിവാദ പരാമർ‌ശങ്ങളിലൂടെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്ന പ്ര​ഗ്യാസിങ് താക്കൂറിനും ബിജെപി സീറ്റ് നിഷേധിച്ചിട്ടുണ്ട്. കേന്ദ്രനേതൃത്വത്തെ നിശിതമായി വിമർശിക്കുന്ന പിലിഭത്ത് സിറ്റിങ് എംപി വരുൺ ​ഗാന്ധിക്കും സീറ്റില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com