ഇലക്ടറൽ ബോണ്ട് വാങ്ങില്ലെങ്കിലും ഫണ്ടുണ്ട്; സിപിഐഎമ്മിനെ പിടിച്ചു നിർത്തുന്നത് കേഡർ സംവിധാനം

കോർപ്പറേറ്റുകളുടെ സംഭാവന പോലുള്ളവ സ്വീകരിക്കില്ല എന്നത് സിപിഐഎം, സിപിഐ, അടക്കമുള്ള ഇടത് പക്ഷത്തിന്റെ എന്നത്തേയും പ്രഖ്യാപിത നയമായിരുന്നു.
ഇലക്ടറൽ ബോണ്ട് വാങ്ങില്ലെങ്കിലും ഫണ്ടുണ്ട്;
സിപിഐഎമ്മിനെ പിടിച്ചു നിർത്തുന്നത് 
കേഡർ സംവിധാനം

രാജ്യത്ത് ഇലക്ടറൽ ബോണ്ട് വിവാദം കൊടുമ്പിരികൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രധാന പാർട്ടികളെല്ലാം ഇലക്ടറൽ ബോണ്ട് വഴി സംഭാവന കൈപറ്റിയിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപിയാണ് ഇലക്ടറൽ ബോണ്ടിലൂടെ ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കിയത്. ഏകദേശം ആറായിരം കോടിക്ക് മുകളിൽ. തൃണമൂൽ കോൺഗ്രസ്സും കോൺഗ്രസും ബിആർഎസും ആയിരം കോടിക്ക് മുകളിൽ നേടി. ഇലക്ടറൽ ബോണ്ട് സംഭാവന സ്വീകരിച്ചവരിൽ യഥാക്രമം ഇവർ രണ്ടും മൂന്നും നാലും സ്ഥാനത്ത് നിൽക്കുന്നു. നവീൻ പട്‌നായിക്കിൻ്റെ ബിജു ജനതാദൾ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് , എൻ ചന്ദ്രബാബു നായിഡുവിൻ്റെ ടിഡിപി, തമിഴ്നാട്ടിലെ ഭരണകക്ഷിയായ ഡിഎംകെ തുടങ്ങി പാർട്ടികൾ വലിയ തുകകൾ ഇലക്ടറൽ ബോണ്ടിലൂടെ സമാഹരിച്ചു.

അഖിലേഷ് യാദവിൻ്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി, ശിരോമണി അകാലിദൾ , എഐഎഡിഎംകെ ,നാഷണൽ കോൺഫറൻസ് തുടങ്ങിയവയും കോടികൾ നേടി. ബഹുജൻ സമാജ് പാർട്ടിയും സിപിഐഎം, സിപിഐ, സിപിഐഎംഎൽ എന്നീ ഇടതുപാർട്ടികളും മാത്രമാണ് ഇലക്ടറൽ ബോണ്ട് വഴി സംഭാവന സ്വീകരിക്കാത്ത പ്രധാന രാഷ്ട്രീയ കക്ഷികൾ.

ഒന്നാം നരേന്ദ്രമോഡി മന്ത്രിസഭയിൽ അരുൺ ജെയ്റ്റ്ലി ഇലക്ടറൽ ബോണ്ട് കൊണ്ടുവരുന്ന സമയം മുതൽ അതിനെ എതിർത്ത പാർട്ടിയാണ് ഇടതുപക്ഷം. 2017 ഇടതുപക്ഷ നേതാവായ സീതാറാം യെച്ചൂരി ഇതിനെതിരെ രാജ്യസഭയിൽ ചോദ്യങ്ങളുന്നയിച്ചിരുന്നു. രാജ്യസഭയെ ബൈപ്പാസ് ചെയ്താണ് അന്ന് ലോകസഭയിൽ മാത്രം അവതരിപ്പിച്ച് ബിൽ എൻഡിഎ മുന്നണി പാസ്സാക്കിയെടുത്തത്.

ബില്ലിന് രാഷ്‌ട്രപതി അംഗീകാരം നൽകിയതോടെ നിയമം ഭരണഘടനാ വിരുദ്ധവും വിവരാവകാശത്തത്തെ ഹനിക്കുന്നതുമാണെന്ന നിലപാട് ഉയർത്തി സിപിഐഎം നിയമ പോരാട്ടത്തിനിറങ്ങി. ഒടുവിൽ നിയമ പോരാട്ടം വിജയം കണ്ടു. ഫെബ്രുവരി 16 ന് ഇലക്ടറൽ ബോണ്ട് വിലക്കിയുള്ള സുപ്രീം കോടതിയുടെ വിധി വന്നു. ഇത് വരെയുള്ള ഇലക്ടറൽ ബോണ്ട് ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധപ്പെടുത്താനും ഉത്തരവിട്ടു. തുടർന്ന് നടന്ന നടപടികൾക്കൊടുവിൽ വിവരങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്ത് വന്നത്. ഇലക്ടറൽ ബോണ്ടിലൂടെ നടന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണെന്നാണ് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ആരോപിക്കുന്നത്. ഇ ഡി നിഴൽ വീണ കമ്പനികളും വ്യക്തികളും വലിയ തുക ഭരണത്തിലുള്ള പാർട്ടിക്ക് സംഭാവന നൽകിയ കണക്കുകൾ പുറത്ത് വന്നതോടെ ഇത്തരം ആരോപണങ്ങൾക്ക് സാധൂകരണമാകുന്നുണ്ട്.

ബോണ്ടില്ലെങ്കിൽ ഫണ്ടെങ്ങനെ

കോർപ്പറേറ്റുകളുടെ സംഭാവന പോലുള്ളവ സ്വീകരിക്കില്ല എന്നത് സിപിഐഎം, സിപിഐ, അടക്കമുള്ള ഇടത് പക്ഷത്തിൻ്റെ എന്നത്തേയും പ്രഖ്യാപിത നയമായിരുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ സുതാര്യത നഷ്ടപ്പെടാനും പക്ഷാപാതത്തിനും കാരണമാകുന്നെന്നാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അപ്പോൾ സ്വാഭാവികകമായും ഉയരുന്ന ചോദ്യമാണ് തിരഞ്ഞെടുപ്പ് പ്രചാരണം അടക്കമുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് സിപിഐഎം എങ്ങനെ പണം കണ്ടെത്തും എന്നത്. കോർപ്പറേറ്റുകളെ ഒഴിവാക്കി ബഹുജന പിരിവിലൂടെ ഫണ്ട് കണ്ടെത്തുന്നതാണ് സിപിഐഎമ്മിൻ്റെയും സിപിഐയുടെയും പ്രധാനരീതി. സിപിഐഎമ്മിന്റെ വളരെ സുശക്തമായ സംഘടിത സംവിധാനത്തിലൂടെയാണ് ഈ പ്രതിസന്ധി അവർ മറി കടക്കുന്നത്. സിപിഐഎമ്മിന് മാത്രമുള്ള ഒരു പ്രത്യേകത കൂടിയാണ് ഇത്. ചിട്ടയായ ധനസമാഹരണമാണ് പാർട്ടിയുടെ കൈ മുതൽ.

ഏകദേശം പത്ത് ലക്ഷത്തോളം അംഗങ്ങളാണ് സിപിഐഎമ്മിനുള്ളത്. പാർട്ടി അംഗങ്ങളിൽ നിന്ന് വരുമാനത്തിന് അനുസൃതമായി നിശ്ചിത സംഖ്യ പാർട്ടി ലെവിയായി ശേഖരിക്കുന്നുണ്ട്. പല തുള്ളി പെരു വെള്ളമെന്ന നിലയിൽ ശേഖരിക്കപ്പെടുന്ന ഈ പണമാണ് പ്രധാനമായും സിപിഐഎമ്മിൻ്റെ വരുമാന മാർഗ്ഗം. പഞ്ചായത്ത് മുതൽ ലോക സഭാവരെയുള്ള ജനപ്രതിനിധികൾ വരുമാനത്തിന്റെ വലിയൊരു ശതമാനം തുക ഈ നിലയിൽ പാർട്ടി ലെവിയായി നൽകുന്നുണ്ട്.

പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ വ്യവസായ വ്യവസായ ശാലകൾ, സേവന മേഖല തുടങ്ങിയ ഇടങ്ങളിലെ പാർട്ടി അംഗത്വമുള്ള തൊഴിലാളിൽ നിന്നും ഈ നിലയിൽ പാർട്ടി ലെവി ശേഖരിക്കും. തൊഴിലാളി യൂണിയനുകളുടെ പ്രവർത്തനം ഏറ്റവും ശക്തമായി നടത്തുന്ന പാർട്ടിയാണ് സിപിഐഎം. കൂടാതെ പാർട്ടി നേരിട്ട് നടത്തുന്ന വിവിധ പ്രസിദ്ധീകരണങ്ങളും മാസികകളും പത്രങ്ങളുമുണ്ട്. ഇത്തരം പ്രസിദ്ധീകരണങ്ങൾ ചിലവഴിക്കാൻ ഓരോ ബ്രാഞ്ചിലും അതാത് നേതാക്കൾക്ക് നിശ്ചിത ടാർഗറ്റ് വരെ പാർട്ടി നൽകുന്നുണ്ട്.

ആസ്തിയും വരുമാനവും

2022 -23 കാലയളവിൽ ആദായ നികുതി വകുപ്പിന് മുന്നിൽ പാർട്ടി നൽകിയ കണക്കുകൾ പരിശോധിക്കാം.

2019-20 ൽ 93 കോടി, 2020 -21 ൽ 44 കോടി, 2021-22 ൽ 65 കോടി, 2022 -23 ൽ 63 കോടി എന്നിങ്ങനെയായിരുന്നു പാർട്ടിക്ക് സംഭവനയായി ലഭിച്ചത്.

2022 -23 കാലയളവിൽ വരിസംഖ്യയായി 41.73 കോടിയും പ്രസിദ്ധീകരണങ്ങളില്‍നിന്ന് 11 കോടി രൂപയും വരുമാനം ലഭിച്ചു. 2022 -23 കാലയളവിൽ നൽകിയ കണക്കുകൾ പ്രകാരം 799 കോടിയുടെ ആസ്തിയാണുള്ളത്. 2014-15-ലെ ആസ്തിയായ 411.51 കോടിയിൽ നിന്ന് 10 വർഷം കൊണ്ട് 387 കോടിയുടെ വർധനവാണ് സിപിഐഎമ്മിനുണ്ടായത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com