'കവിതയുമായി ഡീൽ ഉറപ്പിച്ചിരുന്നു', മൊഴി നൽകിയെന്ന് ഇഡി; കെജ്‍രിവാളിന് നൽകാൻ ആവശ്യപ്പെട്ടത് 50 കോടി

കെജ്‍രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോ​ദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം.
'കവിതയുമായി ഡീൽ ഉറപ്പിച്ചിരുന്നു', മൊഴി നൽകിയെന്ന് ഇഡി; കെജ്‍രിവാളിന് നൽകാൻ ആവശ്യപ്പെട്ടത് 50 കോടി

ഡൽഹി: മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും തമ്മിൽ ഇടപാട് നടന്നു എന്നതിന് തെളിവുണ്ടെന്ന് ഇഡി. കെ കവിതയും മഗുണ്ട റെഡ്ഡിയും ഇടപാടിനായി പണം നല്‍കിയെന്ന് ഇഡി പറയുന്നു. കവിതയുമായി ഡീല്‍ ഉറപ്പിച്ചെന്ന് കെജ്‍രിവാള്‍ പറഞ്ഞതായുള്ള മഗുണ്ട റെഡ്ഡിയുടെ മൊഴി ഇഡി കോടതിയിൽ ഹാജരാക്കി. കെജ്‍രിവാളിന് നല്‍കാന്‍ കവിത 50 കോടി ആവശ്യപ്പെട്ടുവെന്നും റിമാൻഡ് അപേക്ഷയിൽ പരാമർശമുണ്ട്.

കസ്റ്റഡിയിലുള്ള അരവിന്ദ് കെജ്‍രിവാളിനെ ഇഡി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ആറുദിവസത്തെ കസ്റ്റഡിയിലാണ് നിലവിൽ കെജ്‍രിവാളുള്ളത്. മദ്യനയ അഴിമതിയിൽ കെജ്‍രിവാളിന് എതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താനാകും ഇഡിയുടെ ശ്രമം. അതിനായി കെജ്‍രിവാളിനെ വിശ​ദമായി ഇന്ന് ചോദ്യം ചെയ്യും. ഇതേ കേസിൽ അറസ്റ്റിലായ, തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകളായ കെ കവിതയും ഇഡി കസ്റ്റഡിയിലാണ്. കെജ്‍രിവാളിനെയും കവിതയേയും ഒരുമിച്ചിരുത്തി ചോ​ദ്യം ചെയ്യും എന്നാണ് പുറത്ത് വരുന്ന വിവരം. കവിതയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വീണ്ടും കവിതയെ കസ്റ്റഡിയിൽ വേണം എന്ന് ഇഡി റോസ് അവന്യു കോടതിയിൽ ആവശ്യപ്പെടും.

അതേസമയം, കെജ്‍രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നാണ് ഏറ്റവുമൊടുവിലായി പുറത്തുവരുന്ന വിവരം. എഎപി ദേശീയ കൺവീനര്‍ സ്ഥാനവും അദ്ദേഹം രാജിവെക്കില്ല. ജയിലിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിക്കാനാണ് തീരുമാനം. ഭരണനിർവ്വഹണ ചുമതല മന്ത്രിമാരിൽ ആർക്കെങ്കിലും നൽകുമെന്നും സൂചനയുണ്ട്. ഇഡി കേസും നടപടിയും പ്രചാരണ വിഷയമാക്കിയാകും എഎപി ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com