ഫെഡറലിസം മുറുകെ പിടിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പ്രഖ്യാപിക്കുന്ന പ്രകടനപത്രികയുമായി ഡിഎംകെ

ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി
ഫെഡറലിസം മുറുകെ പിടിച്ച്
സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പ്രഖ്യാപിക്കുന്ന പ്രകടനപത്രികയുമായി ഡിഎംകെ

ചെന്നൈ: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി ഡിഎംകെ. രാജ്യത്ത് ചര്‍ച്ചാ വിഷയമായ ഒട്ടനവധി വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നയം വ്യക്തമാക്കുന്ന ഡിഎംകെയുടെ പ്രകടന പത്രിക തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പുറത്തിറക്കിയത്. ഗവര്‍ണറെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നല്‍കും. പുതുച്ചേരിക്ക് സംസ്ഥാന പദവി തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രിക മുന്നോട്ടുവെക്കുന്നത്. നിരവധി വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രിക കനിമൊഴി കരുണാനിധിയാണ് തയ്യാറാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്തിറക്കി.

നീറ്റ് പരീക്ഷാ നിരോധിക്കുമെന്ന് പത്രികയില്‍ പറയുന്നു.‌‌‌ പൗരത്വ നിയമ ഭേദഗതി പിൻവലിക്കും, ഗവർണർക്ക് അധികാരം നൽകുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 361 റദ്ദാക്കും, സ്ത്രീകൾക്ക് 33 % സംവരണം നടപ്പിലാക്കും, സംസ്ഥാനങ്ങൾക്ക് ഫെഡറൽ അവകാശങ്ങൾ നൽകുന്നതിനായി ഇന്ത്യൻ ഭരണഘടനയിൽ മാറ്റം വരുത്തും എന്നിങ്ങനെയുള്ള വിഷയങ്ങളിൽ പാർട്ടി നയം വെളിപ്പെടുത്തുന്നതാണ് ഡിഎംകെയുടെ പ്രകടന പത്രിക. ഇത് ഡിഎംകെയുടെ മാത്രം പ്രകടന പത്രികയല്ല ജനങ്ങളുടേത് കൂടിയാണെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു.

ജനപ്രിയ നയങ്ങളും പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ വനിതകൾക്ക് 1000 രൂപ പ്രതിമാസം നൽകും. സ്കൂളുകളിൽ കുട്ടികൾക്കായി പ്രഭാത ഭക്ഷണ പദ്ധതി നടപ്പിലാക്കും, വിദ്യാഭ്യാസ ലോണുകൾ ഒഴിവാക്കും പുതിയ ഐഐടി, ഐഐഎം, ഐഐഎസ്സി ഐഐഎആർഐ സ്ഥാപിക്കും എന്നിവയാണ് ഡിഎംകെയുടെ പ്രകടന പത്രികയിൽ ഉൾപ്പെട്ടിരിക്കുന്നത്. അതോടൊപ്പം പെട്രോളിന് 75 രൂപയും ഡീസലിന് 65 രൂപയും എല്‍പിജി ഗ്യാസിന് 500 രൂപയാക്കുമെന്നും വാഗ്ദാനം ചെയ്യുന്നു.

പ്രകടന പത്രിക മുന്നോട്ടുവെക്കുന്ന കാര്യങ്ങൾ നടപ്പിലാക്കും. അതാണ് നേതാക്കൾ പഠിപ്പിച്ചതെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി. ദ്രവീഡിയന്‍ മാതൃകയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ തമിഴ്നാടിന്റെ പുരോഗതി ഇന്ത്യയിലുടനീളം കൊണ്ടെത്തിക്കാന്‍ സഹായിക്കും എന്നും സ്റ്റാലിന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com