ഡല്‍ഹി ക്രൈംബ്രാഞ്ച് വിഭാഗം വീണ്ടും അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെത്തി

കെജ്‌രിവാളിന്റെ ആരോപണത്തിനെതിരെ ഡല്‍ഹി ബിജെപി ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരെ ബിജെപി പണം നല്‍കി വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിനെതിരെ ബിജെപി ഡൽഹി നേതൃത്വം പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയ്ക്ക് പരാതി നല്‍കിയിരുന്നു
ഡല്‍ഹി ക്രൈംബ്രാഞ്ച് വിഭാഗം വീണ്ടും അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെത്തി

ന്യൂഡൽഹി: എഎപി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍ വീണ്ടുമെത്തി ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം. ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരെ ബിജെപി പണം നല്‍കി വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം ഉന്നയിച്ച കേസില്‍ നോട്ടീസ് നല്‍കുന്നതിനാണ് ഡല്‍ഹി ക്രൈംബ്രാഞ്ച് കെജ്‌രിവാളിന്റെ വീട്ടിലെത്തിയത്. കെജ്‌രിവാളിന്റെ ആരോപണത്തിനെതിരെ ഡല്‍ഹി ബിജെപി നേതൃത്വം പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറയ്ക്ക് പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസവും ഡല്‍ഹി ക്രൈംബ്രാഞ്ച് കെജ്‌രിവാളിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ നോട്ടീസ് ഔദ്യോഗികമായി കൈപറ്റാന്‍ വീട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ തയ്യാറായിരുന്നില്ല. എഎപി നേതാവും മന്ത്രിയുമായ അതിഷിയുടെ വീട്ടിലും നോട്ടീസ് നല്‍കുന്നതിനായി ക്രൈംബ്രാഞ്ച് വെള്ളിയാഴ്ച എത്തിയിരുന്നു. എന്നാല്‍ അതിഷി വീട്ടില്‍ ഇല്ലാത്തതിനാല്‍ നോട്ടീസ് നല്‍കാന്‍ സാധിച്ചിരുന്നില്ല.

ക്രൈംബ്രാഞ്ച് നോട്ടീസ് സ്വീകരിക്കാന്‍ കെജ്‌രിവാള്‍ തയ്യാറാകത്തതിനെതിരെ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. കെജ്‌രിവാള്‍ പറഞ്ഞ നുണയുടെ സത്യം തെളിഞ്ഞുവെന്നായിരുന്നു ബിജെപിയുടെ ഡല്‍ഹി പ്രസിഡന്റ് വിരേന്ദ്ര സച്ച്‌ദേവിന്റെ പ്രതികരണം. കെജ്‌രിവാള്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നുവെന്ന് ഞങ്ങള്‍ നേരത്തെ പറഞ്ഞിരുന്നു. നുണപറയാനും എന്നിട്ട് അന്വേഷണത്തില്‍ നിന്ന് ഓടിയൊളിക്കാനും കെജ്‌രിവാളിന് സാധിക്കില്ലെന്നും ബിജെപി നേതാവ് വ്യക്തമാക്കി

ദില്ലിയിലും ഓപ്പറേഷന്‍ താമരയ്ക്ക് ബിജെപി നീക്കം നടത്തുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഏഴ് എംഎല്‍എമാരെ ബിജെപി സമീപിച്ചതായും ഓരോ എംഎൽഎമാർക്കും 25 കോടി രൂപ വാഗ്ദാനം ചെയ്തതായുമായിരുന്നു കെജ്‌രിവാളിൻ്റെ ആരോപണം. ജനാധിപത്യ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്നും ദില്ലി മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ദില്ലി സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി നീക്കമെന്നും കെജ്‌രിവാൾ ആരോപിച്ചിരുന്നു . ഓപ്പറേഷൻ താമരയുടെ ഭാഗമായി ഏഴ് എംഎൽഎമാരെ ബിജെപി സമീപിച്ചു. ഇതിന് തെളിവായി ഫോൺ സംഭാഷണം കൈവശം ഉണ്ടെന്നും ദില്ലി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ദില്ലി മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനെ ഉടൻ അറസ്റ്റ് ചെയ്യും. പിന്നാലെ സർക്കാരിനെ അട്ടിമറിക്കും. ഇതിനോടകം 21 ആം ആദ്മി എംഎൽഎമാർ ബിജെപിയുമായി ധാരണയിൽ എത്തിയെന്നുമാണ് ഫോണിൽ ബന്ധപ്പെട്ടവർ പറഞ്ഞതെന്നാണ് കെജ്‌രിവാൾ വ്യക്തമാക്കിയത്.

ഒരു എംഎൽഎ പോലും ബിജെപിക്ക് ഒപ്പം പോയിട്ടില്ലെന്നും ദില്ലി മുഖ്യമന്ത്രി അത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. തനിക്ക് എതിരായ മദ്യനയ കേസ് അഴിമതിയുടെ ഭാഗമായല്ല, സർക്കാരിനെ മറിച്ചിടാൻ വേണ്ടിയാണെന്നും കെജ്‌രിവാൾ വ്യക്തമാക്കിയുന്നു. തിരഞ്ഞെടുപ്പിൽ വിജയിക്കാത്ത സംസ്ഥാനങ്ങളിൽ ബിജെപി അധികാരം പിടിക്കാൻ ഓപ്പറേഷൻ ലോട്ടസ് തുടരുന്നു എന്നായിരുന്നു എഎപി മന്ത്രി അതിഷി മർലേനയും ആരോപണം. ദില്ലി സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി ഓപ്പറേഷൻ താമരയ്ക്ക് ശ്രമിക്കുന്നു എന്ന് ആം ആദ്മി പാർട്ടിയും ആരോപിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com