സ്വന്തം കുഞ്ഞിനെ കൊന്ന കേസിലെ പ്രതി ഭര്‍ത്താവിനോട് ജീവനാംശമായി ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍

ജീവനാംശമായി മാസം 2.5 ലക്ഷം രൂപയാണ് ഇവർ ഭർത്താവിൽ നിന്ന് ആവശ്യപ്പെട്ടത്. ഭർത്താവിന് ഒരു കോടി രൂപ വരുമാനമുണ്ടെന്നാണ് ഇവരുടെ വാദം
സ്വന്തം കുഞ്ഞിനെ കൊന്ന കേസിലെ പ്രതി ഭര്‍ത്താവിനോട് ജീവനാംശമായി ആവശ്യപ്പെട്ടത് ലക്ഷങ്ങള്‍

ബെംഗളുരു: നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവതി ഭർത്താവിനെതിരെ ​ഗാർഹിക പീഡന പരാതി നൽകിയിരുന്നുവെന്ന് റിപ്പോർട്ട്. ബെം​ഗലുരുവിലെ സ്റ്റാർട്ടപ് കമ്പനി സിഇഒയായ സുചന സേത്ത് ആണ് ഭർത്താവ് പി ആർ വെങ്കട്ടരാമനെതിരെ പരാതി നൽകിയിരിക്കുന്നത്. മകനെയും തന്നെയും ഇയാൾ പീഡിപ്പിച്ചിരുന്നുവെന്നാണ് ഇവരുടെ ആരോപണം. ഇരുവ‍ർക്കുമിടയിൽ വിവാഹമോചനക്കേസ് നിലനിൽക്കുന്നതിനിടെയാണ് കുഞ്ഞ് കൊല്ലപ്പെടുന്നതും കേസിൽ സുചന പ്രതിയാകുന്നതും. ജീവനാംശമായി മാസം 2.5 ലക്ഷം രൂപയാണ് ഇവർ ഭർത്താവിൽ നിന്ന് ആവശ്യപ്പെട്ടത്. ഭർത്താവിന് ഒരു കോടി രൂപ വരുമാനമുണ്ടെന്നാണ് ഇവരുടെ വാദം.

തന്റെ ആരോപണം സാധൂകരിക്കുന്നതിനുള്ള മെഡിക്കൽ ഡോക്യുമെന്റുകൾ, ഫോണിലും സോഷ്യൽ മീഡിയയിലുമുള്ള ചാറ്റുകൾ, ചിത്രങ്ങൾ എന്നിവ സുചന കോടതിയിൽ ഹാജരാക്കി. കുഞ്ഞ് മരിക്കുമ്പോൾ പിതാവ് വെങ്കട്ടരാമൻ ഇന്തോനേഷ്യയിലായിരുന്നു. തനിക്കെതിരായ ഗാർഹിക പീഡന പരാതി ഇയാൾ നിഷേധിച്ചു. വിവാഹമോചനക്കേസിന്റെ ഭാ​ഗമായി രാമന്‍ കുഞ്ഞിനെയോ ഭാര്യയെയോ കാണാൻ വീട്ടിൽ പ്രവേശിക്കാനോ ഫോണിലൂടെ പോലും ബന്ധപ്പെടാനോ പാടില്ലെന്ന് കോടതി ഉത്തരവുണ്ട്. ‌ഞായറാഴ്ചകളില്‍ മാത്രമാണ് കുഞ്ഞിനെ കാണാൻ അനുവാദമുള്ളത്. ഇത് സുചനയെ അസ്വസ്ഥയാക്കിയിരുന്നു. ഈ കോടതിയുത്തരവാകാം കുഞ്ഞിനെ കൊല്ലാൻ സുചനയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം. 2010 നവംബറിലാണ് സുചനയും രാമനും വിവാഹിതരായത്. 2019 ൽ ഇവർക്ക് കു‍ഞ്ഞ് ജനിച്ചു.

2021 മുതൽ ഇരുവരും രണ്ടിടത്തായാണ് താമസം. കുഞ്ഞിന്റെ മൃതദേഹം ബാ​ഗിലാക്കി കൊണ്ടുപോകുന്നതിനിടെയാണ് സുചന പിടിയിലായത്. കർണാടകയിലെ ചിത്രദുർ​ഗയിൽ നിന്നാണ് ഇവർ പിടിയിലായത്. സുചന മകനുമൊത്ത് ​ഗോവയിൽ താമസിച്ച അപ്പാർട്ട്മെന്റിലെ ടൗവലിൽ രക്തക്കറ കണ്ട് സംശയം തോന്നിയ ജീവനക്കാ‍ർ പൊലീസിനെ അറിയിക്കുകയായിരുന്നു. ബെം​ഗളുരുവിലേക്ക് പോകാൻ സുചന ഉപയോ​ഗിച്ച കാറിന്റെ ഡ്രൈവറുമായി പൊലീസ് ബന്ധപ്പെട്ട് നേരെ അടുത്ത പൊലീസ് സ്റ്റേഷനിലേക്ക് വാഹനം കൊണ്ടുപോകാൻ ആവശ്യപ്പെട്ടു.

എന്നാൽ കുഞ്ഞ് എങ്ങനെയാണ് മരിച്ചതെന്ന് അറിയില്ലെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലിൽ സുചന പറഞ്ഞത്. നിലവിൽ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് സുചന. ടൗവ്വലിലെ രക്തക്കറ ആർത്തവത്തിന്റേതാണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇത് വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കഫ് സിറപ്പിന്റെ ഒഴിഞ്ഞ കുപ്പി ഇവർ താമസിച്ച അപാർട്ട്മെന്റിൽ നിന്ന് ലഭിച്ചിട്ടുണ്ട്. വലിയ അളവിൽ കഫ് സിറപ്പ് കുഞ്ഞിന് നൽകിയിട്ടുണ്ടാകാമെന്നും തുട‍ർന്ന് മയങ്ങിയ കുഞ്ഞിനെ തലയണ ഉപയോ​ഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നതാകാമെന്നുമാണ് പൊലീസ് അനുമാനം. കുഞ്ഞ് ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കുഞ്ഞിനെ കൊന്ന ശേഷം ആത്മഹത്യ ചെയ്യാമെന്നും സുചന കരുതിയിട്ടുണ്ടാകാമെന്ന് പൊലീസ് അനുമാനിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com