2014-ൽ നിരോധിച്ചു; ഉത്തരകാശിയിൽ രക്ഷകരായി; എന്താണ് റാറ്റ് മൈനിങ്?

മറ്റെല്ലാ സംവിധാനങ്ങളും പരാജയപ്പെട്ട സില്‍ക്കാര ദുരന്തത്തില്‍ രക്ഷകരായത് റാറ്റ് മൈനിങ്ങ് തൊഴിലാളികളാണ്.
2014-ൽ നിരോധിച്ചു; ഉത്തരകാശിയിൽ രക്ഷകരായി; എന്താണ് റാറ്റ് മൈനിങ്?

രാജ്യം ഏറെ കാത്തിരുന്ന ആ സന്തോഷവാര്‍ത്തയുടെ അലയൊലികള്‍ അടങ്ങുന്നില്ല. 17 ദിവസത്തിന് ശേഷം സില്‍കാര തുരങ്കത്തിനുള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികള്‍ക്ക് പുതുവെളിച്ചമേകിയതിന്റെ ആശ്വാസം. ആ ആശ്വാസത്തിന് നന്ദി പറയേണ്ടത് റാറ്റ് ഹോള്‍ മൈനേഴ്‌സിന് കൂടിയാണ്. ഞങ്ങളിത് ചെയ്തത് രാജ്യത്തിന് വേണ്ടി. അതില്‍ പ്രതിഫലം ഒന്നും വേണ്ട എന്ന് പറഞ്ഞ് ധീരമായ നിലപാടെടുത്ത ആ 6 പേര്‍. രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച ഈ ഐതിഹാസിക രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറിയ റാറ്റ് മൈനേഴ്‌സ് ആരാണ് ? എന്താണ് ഈ എലിമാള ഖനനം?

ഇടുങ്ങിയ ദ്വാരങ്ങളിലൂടെ കല്‍ക്കരി ഖനനം ചെയ്‌തെടുക്കുന്ന രീതിയാണ് റാറ്റ് ഹോള്‍ മൈനിങ്. ഒരാള്‍ക്ക് കഷ്ടിച്ച് അകത്തേക്ക് കയറാനും കല്‍ക്കരി ഖനനം ചെയ്യാനും മാത്രം സാധിക്കുന്ന വലിപ്പത്തിലുള്ള തുരങ്കം നിര്‍മിക്കുന്ന രീതി.പക്ഷേ 2014-ല്‍ നാഷനല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് റാറ്റ് മൈനിങ്ങ് രീതി നിരോധിച്ചിരുന്നു.

എന്നാല്‍ മറ്റെല്ലാ സംവിധാനങ്ങളും പരാജയപ്പെട്ട സില്‍ക്കാര ദുരന്തത്തില്‍ രക്ഷകരായത് റാറ്റ് മൈനിങ്ങ് തൊഴിലാളികളാണ്. ഉത്തര്‍പ്രദേശിലെ ത്സാന്‍സിയില്‍ നിന്നാണ് റാറ്റ് മൈനിങ് തൊഴിലാളികളായ പ്രസാദി ലോദി, ബാബു ദാമര്‍, ജൈത്രാം രജ്പുത്, രാകേഷ് രാജ്പുത്, സൂര്യ എന്നിവര്‍ ഉത്തരകാശിയിലേക്ക് രക്ഷാദൗത്യത്തിനായി എത്തിയത്.

കയറില്‍ തൂങ്ങിയും ഇഴഞ്ഞുമൊക്കെയാണ് ഇത്തരം ദ്വാരങ്ങളിലേക്ക് തൊഴിലാളികള്‍ കടക്കുക. പിക്ആക്‌സുകള്‍ കൈമഴു തുടങ്ങിയ ഉപകരണങ്ങളാണ് ഇതിനായി ഉപയോഗിക്കുക. കുട്ടികളെ ഉപയോഗിച്ചായിരുന്നു മുമ്പെല്ലാം ഇത്തരം മൈനിങ്ങുകള്‍ നടത്തിയിരുന്നത്. പില്‍ക്കാലത്ത് അത് നിയമപരമായി നിരോധിച്ചു. തീര്‍ത്തും അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി 2014ല്‍ റാറ്റ് മൈനിങ്ങ് പാടെ നിരോധിച്ചു.

യന്ത്രസഹായമില്ലാതെ 100 അടി താഴ്ച്ചയിലേക്ക് വരെ ഇറങ്ങാന്‍ റാറ്റ് മൈനിങ് തൊഴിലാളികള്‍ക്ക് സാധിക്കും. മേഘാലയയിലെ പര്‍വതനിരകളിലാണ് റാറ്റ് മൈനിങ് തൊഴിലാളികളെ കാണാനാകുക. അതി ദരിദ്രരായ മനുഷ്യര്‍. ഇവിടെ അനധികൃതമായി ഇവര്‍ കല്‍ക്കരി ഖനനം നടത്തുകയും തുരങ്കങ്ങളിലിറങ്ങി നിരവധി തൊഴിലാളികള്‍ മരണപ്പെടുകയും ചെയ്തതോടെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. ഇതോടെ നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ റാറ്റ് മൈനിങ്ങ് നിരോധിക്കുകയായിരുന്നു. 2018ല്‍ മേഘാലയയില്‍ നടന്ന ഒരു ഖനി അപകടം വലിയ വാര്‍ത്തയായിരുന്നു. 17 പേരാണ് ഈ അപകടത്തില്‍ മരിച്ചത്. ഇത്തരം ഖനികളില്‍ മരിക്കുന്ന തൊഴിലാളികള്‍ അങ്ങനെത്തന്നെ അടക്കം ചെയ്യപ്പെടുന്നു.

'ഞാന്‍ അവസാനത്തെ പാറയും നീക്കം ചെയ്തപ്പോള്‍ എനിക്ക് അവരെ കാണാനായി. അവര്‍ ഞങ്ങളെ കെട്ടിപ്പിടിച്ച് ഉയര്‍ത്തി. ഒപ്പം പുറത്തെത്തിക്കുന്നതിന് നന്ദിയും പറഞ്ഞു. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. എന്റെ രാജ്യത്തിന് വേണ്ടിയാണ് ഞാനത് ചെയ്തത്'. സംഘത്തിലെ തലവന്‍ ഖുറേഷിയുടെ വാക്കുകള്‍.

അത്യാധുനിക തുരക്കല്‍ യന്ത്രങ്ങളെല്ലാം പരാജയപ്പെട്ടും പണിമുടക്കിയും പത്തി താഴ്ത്തിയതോടെയാണ് മനുഷ്യശക്തി ഉപയോഗിക്കാന്‍ തീരുമാനിക്കുന്നത്. ആറംഗ ടീം മൂന്നുപേര്‍ വീതമുള്ള രണ്ട് ടീമായി തിരിഞ്ഞ് 20 മണിക്കൂര്‍ കൊണ്ട് വിജയവും കണ്ടു. സില്‍ക്യാര പുതുജീവനേകുന്നത് ആ 41 തൊഴിലാളികള്‍ക്ക് മാത്രമല്ല ഈ റാറ്റ് മൈനേഴ്‌സിന് കൂടിയാണ്. ദാരിദ്ര്യമകറ്റാനായി അവര്‍ നടത്തുന്ന സാഹസികതയെ കണ്ടില്ലെന്ന് നടിക്കരുത്. കൃത്യമായ പുനരുജ്ജീവനമാണ് ആവശ്യം. അധികൃതരും സര്‍ക്കാരും അവരെ കൂടെക്കൂട്ടുമെന്നാണ് പ്രതീക്ഷ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com