
ഭോപ്പാൽ: മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായി. മധ്യപ്രദേശിൽ വൈകിട്ട് 5 മണി വരെ 71.26% പോളിങ് രേഖപ്പെടുത്തി. ഛത്തീസ്ഗഢിൽ 68.15% പോളിങാണ് രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. മധ്യപ്രദേശിലെ 230 മണ്ഡലങ്ങളിലെ 5.61 കോടി വോട്ടർമാരും ഛത്തിസ്ഗഢിലെ 70 മണ്ഡലങ്ങളിലെ 1.63 കോടി വോട്ടർമാരുമാണ് ഇന്ന് വോട്ട് ചെയ്തത്. നവംബർ ഏഴിന് നടന്ന ഛത്തീസ്ഗഢിലെ 20 സീറ്റുകളിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 78 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
അതേസമയം, ഗരിയബന്ദില് നക്സലേറ്റുകള് നടത്തിയ ബോംബ് ആക്രമണത്തില് ഒരു ഐടിബിപി ജവാൻ കൊല്ലപ്പെട്ടു. ഐഇഡി സ്ഫോടനത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. ഒഡീഷയുമായി അതിർത്തി പങ്കിടുന്ന ഗരിയബന്ദ് നക്സൽ ബാധിത ബസ്തർ മേഖലയോട് അടുത്താണ് സ്ഥിതിചെയ്യുന്നത്.
മധ്യപ്രദേശിലെ മൊറേന ജില്ലയിലെ ദിമാനി അസംബ്ലി മണ്ഡലത്തിൽ വെള്ളിയാഴ്ച രാവിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ കല്ലേറുണ്ടായി. ഒരാൾക്ക് പരിക്കേറ്റതായി പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു .