
ന്യൂഡൽഹി: ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയും എച്ച്ആർ മാനേജർ അമിത് ചക്രവർത്തിയും പൊലീസ് കസ്റ്റഡിയിൽ. ഏഴ് ദിവസത്തേക്ക് ആണ് കസ്റ്റഡിയിൽ വിട്ടത്. ചൈനീസ് ബന്ധം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവര്ത്തകര് താമസിക്കുന്ന മുപ്പതോളം ഇടങ്ങളിലാണ് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ ബുധനാഴ്ച പരിശോധന നടത്തിയത്. ന്യൂസ് ക്ലിക്കിനെതിരെ യുഎപിഎ ആക്ട് പ്രകാരമാണ് കേസ് എടുത്തിട്ടുളളത്.
ഇതിനിടെ ദില്ലി പോലിസ് നടപടിക്കെതിരെ ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയെ സമീപിക്കും. വിഷയം അടിയന്തരമായി പരിഗണിക്കണം എന്ന് ആവശ്യപ്പെടും. ന്യൂസ് ക്ലിക്കിന് എതിരായ നടപടിയിൽ പ്രതിഷേധിച്ച് മാധ്യമപ്രവർത്തകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകിയിട്ടുണ്ട്.
നേരത്തെ ഡൽഹി പൊലീസ് പരിശോധനയില് ലാപ്ടോപ്, മൊബൈല് ഫോണ്, ഹാര്ഡ് ഡിസ്ക് അടക്കമുള്ളവ പിടിച്ചെടുത്തു. മൂന്ന് വര്ഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയതായാണ് ന്യൂസ് ക്ലിക്കിനെതിരെയുള്ള ഇഡി കേസ്. എഫ്സിആര്എ ആക്ട് ലംഘിച്ച് ന്യൂസ് ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്ന കണ്ടെത്തലില് എന്ഫോഴ്സ്മെന്റ് കേസെടുത്തിരുന്നു. ദേശവിരുദ്ധ പ്രവര്ത്തനങ്ങള്ക്കാണ് ന്യൂസ് ക്ലിക്ക് ഈ ഫണ്ട് ഉപയോഗിച്ചിരുന്നതെന്നും ഇ ഡി ആരോപിക്കുന്നു.
മാധ്യമപ്രവർത്തകരുടെ വസതിയിൽ റെയ്ഡ് നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. എൻഎജെ, ഡിയുജെ, കെയുഡബ്ല്യുജെ ഡൽഹി ഘടകം എന്നീ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മാധ്യമ പ്രവർത്തകരുടെ വസതിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിയാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്രം മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നുവെന്നും സംഘടനകൾ ആരോപിച്ചിരുന്നു.
ബിജെപി സർക്കാർ മാധ്യമങ്ങളെ ബോധപൂർവം അടിച്ചമർത്തുകയാണെന്ന് ഇൻഡ്യ മുന്നണിയും ആരോപിച്ചു. സത്യം പറയുന്ന മാധ്യമ സ്ഥാപനങ്ങൾക്കും പ്രവർത്തകർക്കുമെതിരെ മാത്രമാണ് സർക്കാരിന്റെ നടപടി. മാധ്യമങ്ങളെ മുഖപത്രമാക്കി മാറ്റാൻ ശ്രമമെന്നും ഇൻഡ്യ മുന്നണി ആരോപിച്ചിരുന്നു. ന്യൂസ് ക്ലിക്കിന് എതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് ദില്ലി പോലീസ് ശ്രമം. പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ശാസ്ത്രീയ പരിശോധന നടത്തും. കൂടുതൽ ഇടങ്ങളിൽ പരിശോധനകൾക്കും സാധ്യതയുണ്ട്. ന്യൂസ് ക്ലിക്ക് മനഃപൂർവം ഫണ്ട് സ്വീകരിച്ച് വിദേശ അജണ്ട നടപ്പാക്കുന്നു എന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ വിമർശിച്ചു. ന്യൂസ് ക്ലിക്കിനെ കേന്ദ്ര സർക്കാർ നിരന്തരമായി ആക്രമിക്കുന്നു സിപിഎം പിബി അംഗം എം എ ബേബി പറഞ്ഞു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക