
ന്യൂഡല്ഹി: ഓണ്ലൈന് മാധ്യമസ്ഥാപനമായ ന്യൂസ്ക്ലിക്കിന്റെ ഡൽഹിയിലെ ഓഫീസ് പൊലീസ് സീൽ ചെയ്തു. ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനകൾക്ക് ശേഷമാണ് ദേശീയ തലസ്ഥാനത്തെ ഓഫീസ് സീൽ ചെയ്തത്. ന്യൂസ്ക്ലിക്ക് എഡിറ്റര് ഇന് ചീഫ് പ്രബിര് പുരകയസ്തയെ സ്പെഷ്യൽ സെൽ കകസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു റെയ്ഡ്.
ചൊവ്വാഴ്ച പുലർച്ചെയാണ് സ്പെഷ്യൽ സെൽ പരിശോധന ആരംഭിച്ചത്. യുഎപിഎ പ്രകാരവും ഐപിസിയിലെ 153 എ, 120 ബി എന്നിവയുൾപ്പെടെയുള്ള മറ്റ് വകുപ്പുകൾ പ്രകാരവും ഓഗസ്റ്റ് 17ന് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് 30 ലധികം കേന്ദ്രങ്ങളിലായാണ് റെയ്ഡ് നടന്നത്.
ചൊവ്വാഴ്ച പുലർച്ചെ പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെ വീടുകളിൽ എത്തിയിരുന്നു. ഡൽഹി, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊർമിളേഷ്, പ്രബിർ പുരകയസ്ത, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. ഇവരുടെ പക്കൽ നിന്ന് ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വസതിയിലും ചൊവ്വാഴ്ച രാവിലെ പൊലീസ് സംഘമെത്തി. യെച്ചൂരിയുടെ ജീവനക്കാരനായ ശ്രീനാരായണിന്റെ മകന് സുന്മീത് കുമാറിനെ ചോദ്യംചെയ്യാനായാണ് പൊലീസ് സംഘം ഇവിടെ എത്തിയത്. റെയ്ഡില് പ്രതിഷേധം അറിയിച്ച് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. ന്യൂസ് ക്ലിക്കിനെതിരായ റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം പറഞ്ഞു.
ഡൽഹിക്ക് പുറമെ മുംബൈയിലും ചൊവ്വാഴ്ച പരിശോധന നടന്നു. ആക്ടിവിസ്റ്റായ തീസ്ത സെതൽവാദിന്റെ വസതിയിലാണ് മുംബൈയിൽ റെയ്ഡ് നടന്നത്. ഡൽഹി പൊലീസും ഇവിടെ റെയ്ഡിൽ പങ്കെടുത്തിരുന്നു.
അമേരിക്കന് കോടീശ്വരനായ നെവില് റോയ് സിംഘത്തില്നിന്ന് ന്യൂസ് ക്ലിക്കിനും ഫണ്ടിങ് ലഭിച്ചതായി നേരത്തെ ന്യൂയോര്ക്ക് ടൈംസ് റിപ്പോര്ട്ട് ചെയ്തിരുന്നു. ചൈനീസ് അനുകൂല വാര്ത്തകള് നൽകുന്നതിനായാണ് നെവിൽ പണം മുടക്കിയതെന്നും ആരോപണങ്ങളുണ്ടായിരുന്നു. തുടർന്ന് സ്ഥാപനത്തിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക