തിരിച്ചടിച്ച് ഇന്ത്യ: മുതി‍ർന്ന കനേഡിയൻ നയതന്ത്ര ഉദ്യോ​ഗസ്ഥനെ പുറത്താക്കി

ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ശേഷമാണ് ഇന്ത്യയുടെ നടപടി
തിരിച്ചടിച്ച് ഇന്ത്യ: മുതി‍ർന്ന കനേഡിയൻ നയതന്ത്ര ഉദ്യോ​ഗസ്ഥനെ പുറത്താക്കി

ഡൽഹി: മുതി‍ർന്ന കനേഡിയൻ നയതന്ത്ര ഉദ്യോ​ഗസ്ഥനെ പുറത്താക്കി ഇന്ത്യ. ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച ശേഷമാണ് ഇന്ത്യയുടെ നടപടി. അഞ്ച് ദിവസത്തിനകം ഇന്ത്യ വിട്ടുപോകണമെന്നും അറിയിച്ചു. ഇന്ത്യൻ നയതന്ത്ര പ്രതിനിധി പവന്‍ കുമാര്‍ റായിയെ കാനഡ പുറത്താക്കിയതിന് പിന്നാലെയാണ് തീരുമാനം. ഇന്ത്യ- കാനഡ ബന്ധം വഷളാകുന്നതായാണ് വിലയിരുത്തൽ.

കനേഡിയന്‍ പൗരനായ ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാണെന്ന് ആരോപിച്ചാണ് കാനഡ, ഇന്ത്യൻ നയതന്ത്രപ്രതിനിധിയെ പുറത്താക്കിയത്. കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയാകാമെന്ന് നിലപാട് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി സ്വീകരിച്ചിരുന്നു. നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്ന നിലപാട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ആരോപിച്ചിരുന്നു.

എന്നാൽ നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവുമെന്നും വിദേശകാര്യ മന്ത്രാലയം ശക്തമായി തിരിച്ചടിച്ചു. ഖാലിസ്ഥാന്‍ അനുകൂലികള്‍ക്ക് കാനഡയില്‍ അഭയം നല്‍കുന്നുവെന്ന് ചൂണ്ടിക്കാണിച്ച വിദേശകാര്യ മന്ത്രാലയം കാനഡയുടെ ശ്രമം ഇന്ത്യ അറിയിച്ച ആശങ്കകളില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണെന്നും കുറ്റപ്പെടുത്തി. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നതെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. ആരോപണം പൂര്‍ണ്ണമായി തള്ളിക്കളയുന്നുവെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com