'ഇൻഡ്യ' ബഹിഷ്കരിച്ച മാധ്യമപ്രവർത്തകരെ പിന്തുണച്ച് നിതീഷ് കുമാർ; പ്രതിപക്ഷ മുന്നണിയിൽ വിള്ളലോ?

ചാനല്‍ അവതാരകരെ ഇൻഡ്യ ബഹിഷ്‌കരിച്ചതിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നെന്നും നിതീഷ് പറഞ്ഞതോടെ പ്രതിപക്ഷമുന്നണിയിൽ വിള്ളൽ എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ ഉയരുന്നത്.
'ഇൻഡ്യ' ബഹിഷ്കരിച്ച മാധ്യമപ്രവർത്തകരെ പിന്തുണച്ച് നിതീഷ് കുമാർ; പ്രതിപക്ഷ മുന്നണിയിൽ വിള്ളലോ?

ഡൽഹി: പതിനാല് മാധ്യമപ്രവർത്തകരെ ബഹിഷ്കരിക്കാനുള്ള ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം പുറത്തു വന്നതിനു പിന്നാലെ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. എല്ലാവർക്കും അവരുടേതായ അഭിപ്രായസ്വാതന്ത്ര്യമുണ്ടല്ലോ എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ചാനല്‍ അവതാരകരെ ഇൻഡ്യ ബഹിഷ്‌കരിച്ചതിനെക്കുറിച്ച് തനിക്കറിയില്ലായിരുന്നെന്നും നിതീഷ് പറഞ്ഞതോടെ പ്രതിപക്ഷമുന്നണിയിൽ വിള്ളൽ എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ ഉയരുന്നത്.

മാധ്യമപ്രവർത്തകരെ ബഹിഷ്കരിച്ച നടപടിയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രതികരണം. 'എനിക്ക് അതേക്കുറിച്ച് അറിയില്ല.ഞാന്‍ മാധ്യമപ്രവര്‍ത്തകരെ പിന്തുണക്കുന്നു. എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടല്ലോ. അപ്പോൾ മാധ്യമപ്രവര്‍ത്തകരും അവര്‍ക്ക് ഇഷ്ടമുള്ളതെന്തോ അതെഴുതും. അവര്‍ നിയന്ത്രിക്കപ്പെടുന്നുണ്ടോ? ഞാനങ്ങനെ എപ്പോഴെങ്കിലും ചെയ്തിട്ടുണ്ടോ? അവര്‍ക്കും അവകാശങ്ങളുണ്ട്. ഞാന്‍ ആര്‍ക്കും എതിരല്ല'- നിതീഷ് പറഞ്ഞു.

കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്നവർ ചില മാധ്യമപ്രവര്‍ത്തകരെ നിയന്ത്രിച്ചിട്ടുണ്ട്. അങ്ങനെയെന്തെങ്കിലും സംഭവിക്കുന്നതായി ഇൻഡ്യ മുന്നണിക്ക് അനുഭവപ്പെട്ടതിനാലാവും മാധ്യമപ്രവർത്തകരെ ബഹിഷ്‌കരിച്ചതെന്നും നിതീഷ് കുമാർ പറഞ്ഞു. തങ്ങൾ ബഹിഷ്‌കരിക്കുന്ന 14 മാധ്യമപ്രവർത്തകരുടെ പട്ടിക ഇൻഡ്യ മുന്നണി നേരത്തെ പുറത്തുവിട്ടിരുന്നു.

രാജ്യത്തെ ഭിന്നിപ്പിക്കുന്ന ടിവി അവതാരകരെയാണ് ബഹിഷ്‌കരിക്കുന്നതെന്നാണ് മുന്നണി അറിയിച്ചത്. അവതാരകരുടെ പേരുകള്‍ സഹിതം ഇന്‍ഡ്യ മുന്നണി പട്ടിക പുറത്തിറക്കുകയായിരുന്നു. അർണബ് ​ഗോസ്വാമി (റിപ്ലബിക് ടിവി), സുധീർ ചൗധരി (ആജ് തക്), അദിതി ത്യാഗി (ഭാരത് എക്‌സ്പ്രസ്), അമന്‍ ചോപ്ര (നെറ്റ്വര്‍ക്ക് 18), അമിഷ് ദേവ്ഗണ്‍ (ന്യൂസ് 18), ആനന്ദ് നരസിംഹന്‍ (സിഎന്‍എന്‍-ന്യൂസ് 18), അശോക് ശ്രീവാസ്തവ് (ഡിഡി ന്യൂസ്), ചിത്ര ത്രിപതി (ആജ്തക്), ഗൗരവ് സാവന്ത് (ആജ്തക്), നാവിക കുമാര്‍ ( ടൈംസ് നൗവ്), പ്രാചി പരാഷര്‍(ഇന്ത്യ ടിവി), റൂബിക ലിയാക്വത്ത് (ഭാരത് 24), ശിവ് അരൂര്‍ (ആജ്തക്), സുഷാന്ത് സിന്‍ഹ( ടൈംസ് നൗവ് ഭാരത്) എന്നിവരാണ് പട്ടികയിലുള്ള അവതാരകര്‍. ഇവർ വര്‍ഗീയവിദ്വേഷം പ്രചരിപ്പിക്കാന്‍ വാര്‍ത്തകളെ ഉപയോഗിക്കുന്നതായും പക്ഷപാതപരമായി അവതരിപ്പിക്കുന്നതായും മുന്നണി ചൂണ്ടിക്കാട്ടി. പൊതുപ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമം നടത്തുന്നതായും മുന്നണി നിരീക്ഷിച്ചു. ഇവരുടെ സമീപനത്തില്‍ മാറ്റമുണ്ടെങ്കില്‍ തീരുമാനം പുന:പരിശോധിക്കുമെന്നും ഇൻഡ്യ അറിയിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com