'തുറന്നത് വെറുപ്പിന്റെ മെഗാ മാൾ, രാഹുൽ ​ഗാന്ധി ലൈസൻസ് നൽകി'; 'ഇൻഡ്യ'ക്കെതിരെ അനുരാ​ഗ് താക്കൂർ

'സനാതന ധർമ്മം തുടച്ചുനീക്കണമെന്നാണ് ഇൻഡ്യ നേതാക്കളുടെ ആ​വശ്യം, രാഹുൽ ​ഗാന്ധി അവർക്ക് വെറുപ്പിന്റെ കട തുറക്കാൻ ലൈസൻസ് നൽകിയിരിക്കുകയാണെന്ന് വ്യക്തം'.
'തുറന്നത് വെറുപ്പിന്റെ മെഗാ മാൾ, രാഹുൽ ​ഗാന്ധി ലൈസൻസ് നൽകി'; 'ഇൻഡ്യ'ക്കെതിരെ അനുരാ​ഗ് താക്കൂർ

ഡൽ‌ഹി: തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധർമ്മ പരാമർശം സൃഷ്ടിച്ച വിവാദം തുടരുന്നതിനിടെ പ്രതിപക്ഷ മുന്നണി ഇൻഡ്യക്കെതിരെ അത് ആയുധമാക്കി കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂർ. സനാതന ധര്‍മം തുടച്ചുനീക്കാൻ ആഗ്രഹിക്കുന്നു എന്ന് പറയുന്ന 'ഇൻഡ്യ നേതാക്കള്‍ക്ക് വെറുപ്പിന്റെ കട തുറക്കാനുള്ള ലൈസന്‍സ് നല്‍കിയിരിക്കുകയാണ് രാഹുല്‍ ഗാന്ധിയെന്ന് അനുരാഗ് താക്കൂര്‍ വിമർശിച്ചു.

"ചില നേതാക്കൾ പറയുന്നത് അവർക്ക് സനാതന ധർമ്മം ഇല്ലായ്മ ചെയ്യണമെന്നാണ്. അത്തരക്കാർ വെറുപ്പിന്റെ കട തുറന്നിരിക്കുകയാണ്. എനിക്ക് സ്നേഹത്തിന്റെ കടയെക്കുറിച്ച് അറിയില്ല, പക്ഷേ ചിലർ ഉറപ്പായിട്ടും വെറുപ്പിന്റെ കട തുറന്നിട്ടുണ്ട്. സനാതന ധർമ്മം തുടച്ചുനീക്കണമെന്നാണ് ഇൻഡ്യ നേതാക്കളുടെ ആ​വശ്യം, രാഹുൽ ​ഗാന്ധി അവർക്ക് വെറുപ്പിന്റെ കട തുറക്കാൻ ലൈസൻസ് നൽകിയിരിക്കുകയാണെന്ന് വ്യക്തം". അനുരാ​ഗ് താക്കൂർ പറഞ്ഞു.

സനാതന ധര്‍മം സാമൂഹിക നീതിക്കെതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നും ഡിഎംകെ നേതാവും എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്‍ പറഞ്ഞതാണ് വിവാദങ്ങൾക്ക് വഴിവട്ടത്. ഡിഎംകെ നേതാവ് എ രാജയും സനാതന ധര്‍മത്തെ വിമര്‍ശിച്ചിരുന്നു. ഇൻഡ്യ സഖ്യത്തിന്റെ ഭാ​ഗമാണ് ഡിഎംകെ. ഈ പശ്ചാത്തലത്തിലാണ് ഇൻഡ്യ സഖ്യത്തെ ലക്ഷ്യംവെച്ചുള്ള അനുരാ​ഗ് താക്കൂറിന്റെ വിമര്‍ശനം.

‘ഡെങ്കിപ്പനി, കൊതുകുകൾ, മലേറിയ, കൊറോണ വൈറസ് എന്നിവ പോലെയാണ് സനാതന ധർമവും, അതിനെ ഉന്മൂലനം ചെയ്യണം’ എന്നായിരുന്നു ഉദയനിധിയുടെ വാക്കുകൾ. തമിഴ്‌നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ആർട്ടിസ്‌റ്റ് അസോസിയേഷൻ സമ്മേളനത്തിലായിരുന്നു ഉദയനിധിയുടെ പരാമർശം. പിന്നാലെ ഉദയനിധിക്കെതിരെ വ്യാപക പ്രതിഷേധവുമായി ബിജെപി, സംഘപരിവാർ സംഘടനകൾ രംഗത്തെത്തി. മന്ത്രിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണർ ആർ എൻ രവിക്ക് ബിജെപി കത്തയച്ചു. ഉത്തർപ്രദേശിൽനിന്നുള്ള സംഘപരിവാർ അനുയായി പരമഹംസ ആചാര്യ, ഉദയനിധിയെ വധിക്കുന്നവർക്ക് 10 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ താൻ ഒരു മതത്തിനെതിരെയും പരാമർശം നടത്തിയിട്ടില്ലെന്നും ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ അടിച്ചമർത്തുന്നതിനെയും വേർതിരിക്കുന്നതിനെയുമാണു ചോദ്യം ചെയ്തതെന്നും ഉദയനിധി വിശദീകരിച്ചു. ഭീഷണികൊണ്ടൊന്നും തളരില്ല. പ്രത്യാഘാതം നേരിടാൻ തയ്യാറാണ്. കോൺഗ്രസ് മുക്ത ഭാരതം എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവായി പറയുന്നതിന്റെ അർഥം എല്ലാ കോൺഗ്രസ് നേതാക്കളെയും കൊല്ലണമെന്നല്ലോ എന്നും ഉദയനിധി പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com