
അമരാവതി: ആന്ധ്രപ്രദേശില് ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാര്ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് ജനസേന പാര്ട്ടി അദ്ധ്യക്ഷനായ നടന് പവന് കല്യാണ്. 371 കോടി രൂപയുടെ അഴിമതിക്കേസില് ചന്ദ്രബാബു നായിഡു ജയിലിലായതിന് പിന്നാലെയാണ് സുപ്രധാനമായ പ്രഖ്യാപനവുമായി പവന് കല്യാണ് രംഗത്തെത്തിയത്.
നായിഡുവിന്റെ മകന് നരാ ലോകേഷ്, ഭാര്യാ സഹോദരനും ഹിന്ദുപൂര് എംഎല്എയുമായ നന്ദമുരി ബാലകൃഷ്ണ എന്നിവരുമായി പവന് കല്യാണ് ചര്ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് സഖ്യ പ്രഖ്യാപനം നടത്തിയത്. നായിഡുവിന്റെ അറസ്റ്റില് സംസ്ഥാന സര്ക്കാരിനെതിരെ രൂക്ഷവിമര്ശനം പവന് കല്യാണ് നടത്തിയിരുന്നു.
വരുന്ന തിരഞ്ഞെടുപ്പില് ജനസേനയും ടിഡിപിയും ഒന്നിച്ചു നില്ക്കുമെന്ന് താന് തീരുമാനമെടുത്തിട്ടുണ്ട്. ഇത് നമ്മുടെ(പാര്ട്ടിയുടെ) രാഷ്ട്രീയ ഭാവിക്കു വേണ്ടിയല്ല. ആന്ധ്രപ്രദേശിന്റെ ഭാവിക്കു വേണ്ടിയാണെന്നും പവന് കല്യാണ് പറഞ്ഞു. വൈഎസ്ആര് കോണ്ഗ്രസ് പാര്ട്ടിയെ ഇനിയും സഹിക്കാനാവില്ലെന്നും പവന് കല്യാണ് പറഞ്ഞു.
'അദ്ദേഹം വാഗ്ദാനങ്ങള് പാലിക്കുന്നു. കൊള്ളയടിക്കുന്നു, മദ്യത്തില് നിന്നും പണം സമ്പാദിക്കുന്നു. ഈ അറസ്റ്റ് തികച്ചും രാഷ്ട്രീയ പകപോക്കലാണ്. വൈഎസ്ആര്സിപിയും ജഗനും കാരണം എനിക്ക് ലോകേഷിനും ബാലകൃഷ്ണയ്ക്കും ഒപ്പം നില്ക്കേണ്ടി വന്നു', പവന് കല്യാണ് പറഞ്ഞു.