ലക്ഷദ്വീപിൽ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ മാംസം ഒഴിവാക്കിയ നടപടി; ഇടപെടാനില്ലെന്ന് സുപ്രീംകോടതി

ഭരണകൂടത്തിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയത്തില്‍ ഇടപെടാന്‍ മതിയായ കാരണങ്ങളില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ലക്ഷദ്വീപിൽ സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ മാംസം ഒഴിവാക്കിയ നടപടി; ഇടപെടാനില്ലെന്ന് സുപ്രീംകോടതി

ഡൽഹി: സ്‌കൂള്‍ ഉച്ചഭക്ഷണത്തില്‍ നിന്ന് മാംസം ഒഴിവാക്കിയ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം ശരിവെച്ച് സുപ്രീംകോടതി. ഭരണകൂടത്തിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയത്തില്‍ ഇടപെടാന്‍ മതിയായ കാരണങ്ങളില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ഭരണകൂട തീരുമാനത്തിലെ നിയമലംഘനം എന്തെന്ന് കണ്ടെത്താനായില്ല. നയപരമായ തീരുമാനം കോടതിയുടെ പരിഗണനാ വിഷയമല്ല. വിഷയത്തില്‍ കോടതിയുടെ പരിശോധന ആവശ്യമില്ല. എന്ത് വിതരണം ചെയ്യണമെന്ന കാര്യത്തില്‍ മാത്രമാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ തീരുമാനം. ആരുടെയും ഭക്ഷണ സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നതല്ല നടപടിയെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബെല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

മാസഭക്ഷണം ലക്ഷദ്വീപ് ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമാണെന്നായിരുന്നു ഹര്‍ജിക്കാരനായ കവരത്തി സ്വദേശി അജ്മല്‍ അഹമ്മദിന്റെ വാദം. ഹര്‍ജി തള്ളിയ കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അജ്മല്‍ അഹമ്മദ് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. മാംസാഹാരം സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍നിന്ന് ഒഴിവാക്കാന്‍ സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചത് വിദഗ്‌ധോപദേശം ഇല്ലാതെയാണെന്ന് ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ഐ എച്ച് സയ്യിദ് വാദിച്ചു. ദേശീയ ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കുന്നതിനും മുമ്പേ, 1950 മുതല്‍ ദ്വീപില്‍ സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തിയിരുന്നുവെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ 2013ലെ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ചുള്ള പോഷക മൂല്യം ഉച്ചഭക്ഷണത്തില്‍ നിലനിര്‍ത്തുന്നുണ്ടെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നഡരാജ് വാദിച്ചു. കുട്ടികള്‍ക്ക് ഭക്ഷണത്തോടൊപ്പം മുട്ട, മത്സ്യം എന്നിവ നല്‍കുന്ന കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു വാദം.

മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ ലക്ഷദ്വീപിലുള്ള എല്ലാ ഡയറി ഫാമുകളും അടച്ചുപൂട്ടാനുള്ള ഉത്തരവിൽ ഇടപെടാനും സുപ്രീംകോടതി വിസമ്മതിച്ചു. ദ്വീപിലെ ഡയറി ഫാമുകള്‍ പൊതുപണം ചോര്‍ത്തുകയാണ്. സാമ്പത്തികമായി ഇവ നഷ്ടത്തിലാണെന്നും ഫാമുകള്‍ അടച്ചുപൂട്ടിയ ലക്ഷദ്വീപ് ഭരണകൂട ഉത്തരവിനെ ന്യായീകരിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ബെഞ്ചിനെ അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com