കേന്ദ്ര സർക്കാരിനെതിരെ റാലി, ജാതി സെൻസസ് വിഷയം ഏറ്റെടുക്കും; തയ്യാറെടുപ്പുമായി ഇൻഡ്യ

കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രചാരണം ആരംഭിക്കാനാണ് നീക്കം
കേന്ദ്ര സർക്കാരിനെതിരെ റാലി, ജാതി സെൻസസ് വിഷയം ഏറ്റെടുക്കും; തയ്യാറെടുപ്പുമായി ഇൻഡ്യ

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലെ ഭോപ്പാലിൽ കേന്ദ്ര സർക്കാരിനെതിരെ റാലി നടത്താനൊരുങ്ങി ഇൻഡ്യ മുന്നണി. സീറ്റ് വിഭജന ചർച്ചകൾ ഉടൻ ആരംഭിക്കും. കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രചാരണം ആരംഭിക്കാനാണ് നീക്കം. വിലക്കയറ്റം, തൊഴില്ലായ്മ, അഴിമതി അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ഒക്ടോബർ ആദ്യവാരത്തിൽ റാലി നടത്തും. ജാതി സെൻസസ് എന്ന ആവശ്യം ശക്തമായി ഉയർത്തുകയും ഇതുമായി ബന്ധപെട്ട വിഷയങ്ങൾ ഏറ്റെടുക്കാനും തീരുമാനമായെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ പറഞ്ഞു. ഡൽഹിയിൽ ചേർന്ന ഇൻഡ്യ മുന്നണി കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

തൃണമൂൽ കോൺ​ഗ്രസ് പ്രതിനിധി അഭിഷേക് ബാനർജിക്ക് അധ്യാപക നിയമന അഴിമതി കേസിലെ ഇ ഡി ചോദ്യം ചെയ്യലിനെ തുടർന്ന് യോഗത്തിനെത്താനായില്ല. 14 അംഗ കമ്മിറ്റിയിലെ അം​ഗമാണ് അദ്ദേഹം. അഭിഷേക് ബാനർജിയെ ഇഡി വിളിപ്പിച്ചത് രാഷ്ട്രീയമായി വേട്ടയാടലിന്റെ ഭാഗമായാണെന്നും യോഗം ആരോപിച്ചു.

മാധ്യമ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കാൻ ഒരു സബ് കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്. ഏതൊക്കെ അവതാരകരുടെ ഷോകളിൽ ഇൻഡ്യ പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ലെന്ന് സബ് കമ്മിറ്റി തീരുമാനിക്കും. കെ സി വേണുഗോപാല്‍ (കോണ്‍ഗ്രസ്), ശരദ് പവാര്‍ (എന്‍സിപി), ടി ആര്‍ ബാല (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആര്‍ജെഡി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), രാഘവ് ചദ്ദ (ആംആദ്മി പാര്‍ട്ടി), ജാവേദ് അലി ഖാന്‍ (സമാജ്വാദി പാര്‍ട്ടി), ലലന്‍ സിംഗ് (ജെഡിയു), ഹേമന്ദ് സോറന്‍ (ജെഎംഎം), ഡി രാജ (സിപിഐ), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹ്ബൂബ മുഫ്തി (പിഡിപി) എന്നിവരാണ് ഇൻഡ്യയുടെ ഏകോപന സമിതിയിലുള്ളത്.

അതേസമയം പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച കേന്ദ്ര സർക്കാർ സർവ്വകക്ഷി യോഗം വിളിച്ചു. വൈകിട്ട് 4.30നാണ് യോഗം. പ്രധാനമന്ത്രിയുടെ ജന്മദിനം കൂടിയായ സെപ്റ്റംബർ 17ന് പുതിയ പാർലമെന്റ് മന്ദിരത്തിൽ വലിയ ദേശീയ പതാക ഉയർത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com