
മുംബൈ: ഉത്തർപ്രദേശിലെ അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനത്തിന് ശേഷം 'ഗോധ്ര' പോലുള്ള ഗൂഢാലോചനയ്ക്ക് സാധ്യതയെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേനാ നേതാവുമായ ഉദ്ധവ് താക്കറെ. ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനെത്തുന്നവരുടെ മടക്കയാത്രയിൽ അത്തരം സംഭവങ്ങൾ ഉണ്ടാകാമെന്നാണ് താക്കറെ പറഞ്ഞത്.
2002 ഫെബ്രുവരിയിൽ ഗുജറാത്തിലെ ഗോധ്രയിൽ ട്രെയിൻ കത്തി 59 കർസേവകർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് സംസ്ഥാനത്തുടനീളം വൻതോതിൽ കലാപങ്ങളുണ്ടായി. ഈ സംഭവമാണ് താക്കറെ പരാമർശിച്ചത്. ജൽഗാവിലെ ഒരു പൊതുപരിപാടിക്കിടെയായിരുന്നു ഉദ്ധവ് താക്കറെയുടെ പരാമർശം.
'രാമക്ഷേത്രം ഉദ്ഘാടനത്തിന് ബസുകളിലും ട്രക്കുകളിലും സർക്കാർ ആയിരകണക്കിന് ഹിന്ദുക്കളെ എത്തിക്കും. അവർ തിരിച്ചുപോകുമ്പോൾ ഗോധ്ര പോലൊരു സംഭവം ഉണ്ടായേക്കാം. ചിലയിടത്ത് അവർ ബസിന് തീവെക്കും, വാഹനങ്ങൾക്ക് നേരെ കല്ലെറിയും. കൂട്ടക്കൊലകൾ നടക്കും. രാജ്യം വീണ്ടും കത്തും. ആ തീയിൽ അവർ രാഷ്ട്രീയത്തിന്റെ അപ്പം ചുട്ടെടുക്കും,' താക്കറെ പറഞ്ഞു.
ബിജെപിക്കും ആർഎസ്എസിനും അവകാശപ്പെടാൻ സ്വന്തമായി നേട്ടങ്ങൾ ഒന്നുമില്ല. അതിനാൽ അവർ സർദാർ പട്ടേലിനെയും സുഭാഷ് ചന്ദ്ര ബോസിനെയുമെല്ലാം സ്വന്തമാക്കാൻ ശ്രമിക്കുകയാണ് എന്നും താക്കറെ വിമർശിച്ചു. തന്റെ പിതാവായ ബാൽതാക്കറെയുടെ പാരമ്പര്യത്തിലും ബിജെപിയും ആർഎസ്എസും അവകാശം ഉന്നയിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ധവ് താക്കറെയുടെ ആരോപണത്തിനെതിരെ വിമർശനവുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. രാമക്ഷേത്ര മുന്നേറ്റത്തെ ശിവസേനാ സ്ഥാപകൻ ബാലാസാഹെബ് താക്കറെ ആശിർവദിച്ചിട്ടുണ്ടെന്ന് ഓർക്കണമെന്നാണ് മുതിർന്ന ബിജെപി നേതാവ് രവി ശങ്കർ പ്രസാദ് പറഞ്ഞത്. താക്കറെയുടെ പരാമർശത്തെ കേന്ദ്രമന്ത്രി അനുരാഗ് താക്കൂറും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും വിമർശിച്ചു.