നല്ല ഒഴുക്കോടെ ഹിന്ദി ഈസിയായി പറഞ്ഞ് യുഎസ് ഉദ്യോഗസ്ഥ; ശ്രദ്ധേയയായി ജി20യിലെ മാർഗരറ്റ് മക്‌ലിയോ‍ഡ്

ഹിന്ദി, ഉറുദു ഭാഷകൾ സംസാരിക്കാനും എഴുതാനും വായിക്കാനും മാർഗരറ്റിനറിയാം
നല്ല ഒഴുക്കോടെ ഹിന്ദി ഈസിയായി പറഞ്ഞ് യുഎസ് ഉദ്യോഗസ്ഥ; ശ്രദ്ധേയയായി ജി20യിലെ മാർഗരറ്റ് മക്‌ലിയോ‍ഡ്

ന്യൂഡൽഹി: ജി20 ഉച്ചകോടിക്കിടെ നല്ല ഒഴുക്കോടെ ഹിന്ദി സംസാരിക്കുന്ന യുഎസ് വനിതയുടെ വീഡിയോ ശ്രദ്ധേയം. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 'ഹിന്ദുസ്ഥാനി' വക്താവ് മാർഗരറ്റ് മക്‌ലിയോ‍ഡാണ് യുഎസ്-ഇന്ത്യ ബന്ധത്തെക്കുറിച്ചും സഹകരണത്തെക്കുറിച്ചും മാധ്യമങ്ങളോട് സംസാരിച്ചത്. ഹിന്ദിയിൽ ചോദ്യങ്ങൾ ചോദിച്ച മാധ്യമപ്രവർത്തകനോട് ഹിന്ദിയിൽ തന്നെ മാർഗരറ്റ് മറുപടി നൽകി.

ഇന്ത്യയും യുഎസും വിവിധ മേഖലകളിൽ വളരെയധികം സഹകരണത്തോടെ പ്രവർത്തിക്കുന്ന രാജ്യങ്ങളാണെന്ന് അവർ ഹിന്ദിയിൽ പറഞ്ഞു. വിവരസാങ്കേതിക രംഗത്ത് ആശയവിനിമയവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്നു. ഇലക്ട്രോണിക് വാഹന രംഗത്തും വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിൽ സഹകരിച്ചു പ്രവർത്തിക്കുകയാണെന്ന് മാർഗരറ്റ് പറഞ്ഞു.

ഇന്ത്യ, പാക്കിസ്ഥാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ യുഎസിന്റെ വിവിധ പദ്ധതികളുടെ ഭാഗമാണ് മാർഗരറ്റ്. ജോർജ്ജ്ടൗൺ സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ ഇക്കണോമിക്‌സിൽ ബിരുദവും കൊളംബിയ സർവകലാശാലയിൽ നിന്ന് സുസ്ഥിര വികസനത്തിൽ ഡോക്ടറേറ്റും നേടിയ മാർഗരറ്റ് ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ റോട്ടറി സ്കോളറാണ്. ഹിന്ദി, ഉറുദു ഭാഷകൾ സംസാരിക്കാനും എഴുതാനും വായിക്കാനും മാർഗരറ്റിനറിയാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com