ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ചു; പവൻ കല്യാൺ കരുതൽ തടങ്കലിൽ

ചന്ദ്രബാബു നായിഡുവിനെ ചോദ്യം ചെയ്യൽ പൂര്‍ത്തിയായി, ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും
ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ചു; പവൻ കല്യാൺ കരുതൽ തടങ്കലിൽ

അമരാവതി: തെലുങ്ക് ദേശം പാർട്ടി അദ്ധ്യക്ഷനും ആന്ധ്ര പ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച ജനസേന പാർട്ടി നേതാവും നടനുമായ പവൻ കല്യാണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പവൻ കല്യാണിനൊപ്പം മുതിർന്ന നേതാവ് നദെന്ദ്‌ല മനോഹറിനെയും മുൻകരുതൽ തടങ്കലിൽ എടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. റോഡിൽ കിടന്ന് പ്രതിഷേധിച്ച പവൻ കല്യാണിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ വിജയവാഡയിലേക്ക് മാറ്റുകയാണെന്നും ഇവർക്കെതിരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

'കല്യാണിനെയും മനോഹറിനെയും ഞങ്ങൾ മുൻകരുതൽ കസ്റ്റഡിയിൽ എടുത്തു. ഞങ്ങൾ അവരെ വിജയവാഡയിലേക്ക് കൊണ്ടുപോകുകയാണ്,' നന്ദിഗമ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ജനാർദൻ നായിഡു പറഞ്ഞു. മുൻകരുതൽ തടങ്കലായതിനാൽ ഇരുവരേയും ജഡ്ജിക്ക് മുമ്പിൽ ഹാജരാക്കില്ലെന്നും പൊലീസ് അറിയിച്ചു.

ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിൽ അപലപിച്ച കല്യാൺ അദ്ദേഹത്തിന് പിന്തുണയറിയിക്കാനാണ് വിജയവാഡയിലെത്തിയത്. എന്നാൽ പൊലീസ് പവൻ കല്യാണിന്റെ വാഹനവ്യൂഹം തടഞ്ഞു. തുടർന്ന് മംഗളഗിരിയിലേക്ക് കാൽനടയായി പോവാൻ ഒരുങ്ങി. അനുമാഞ്ചിപ്പള്ളിയിലെത്തിയ കല്യാണിനെ വീണ്ടും തടഞ്ഞതോടെ അദ്ദേഹം റോഡിൽ കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതോടെയാണ് കല്യാണിനെ കസ്റ്റഡിയിലെടുത്തത്.

ചന്ദ്ര ബാബു നായിഡുവിനെതിരായ നടപടി രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കലാണെന്ന് പവന്‍ കല്ല്യാണ്‍ ആരോപിച്ചിരുന്നു. യാതൊരു തെളിവുമില്ലാതെയാണ് ചന്ദ്ര ബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കുന്നത്. ഈ സര്‍ക്കാര്‍ ജനസേന പാര്‍ട്ടിയോട് എന്താണ് ചെയ്തതെന്ന് നിങ്ങള്‍ എല്ലാവരും കണ്ടതാണെന്നും ചന്ദ്ര ബാബു നായിഡുവിന്റെ അറസ്റ്റിനെ അപലപിച്ച് പവന്‍ കല്ല്യാണ്‍ പറഞ്ഞിരുന്നു.

ചന്ദ്രബാബു നായിഡുവിനെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി. പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് സിഐഡി (ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ്) അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കായും പിന്നീട് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ ഓഫീസിലേക്കും മാറ്റിയത്.

371 കോടിയുടെ എപി സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ അഴിമതിക്കേസിലാണ് ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ദ്യാല്‍ പൊലീസാണ് ചന്ദ്ര ബാബു നായിഡുവിനെ അറസ്റ്റ് ചെയ്തത്. നന്ദ്യാല്‍ റേഞ്ച് ഡിഐജി രഘുരാമി റെഡ്ഡിയുടെയും ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെയും (സിഐഡി) നേതൃത്വത്തില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കസ്റ്റഡിയിലെടുക്കാന്‍ അന്വേഷണ സംഘമെത്തുന്നത്. ആര്‍കെ ഫംഗ്ഷന്‍ ഹാളില്‍ സംഘം എത്തുമ്പോള്‍ ചന്ദ്രബാബു നായിഡു അദ്ദേഹത്തിന്റെ കാരവനില്‍ വിശ്രമിക്കുകയായിരുന്നു.

കസ്റ്റഡിയിലെടുക്കുന്നത് തടയാന്‍ വന്‍തോതില്‍ ടിഡിപി പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിയെങ്കിലും ഇതിനെ മറികടന്ന് പൊലീസ് നീങ്ങുകയായിരുന്നു. ഒടുവില്‍ ആറ് മണിയോടെയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് സംബന്ധിച്ച നോട്ടീസും ചന്ദ്രബാബുവിന് കൈമാറി. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com