Top

'ഓൻ മനസ്സിൽ കണ്ടപ്പോൾ ഞാൻ മട്ടാഞ്ചേരിയിൽ കണ്ട്'; 'ഭീഷ്മപർവ്വം' നൊട്ടോറിയസ് ലിറിക്കല്‍ വീഡിയോ

മമ്മൂട്ടി, അമൽ നീരദ് തുടങ്ങിയവർ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

19 March 2022 2:05 PM GMT
ഫിൽമി റിപ്പോർട്ടർ

ഓൻ മനസ്സിൽ കണ്ടപ്പോൾ ഞാൻ മട്ടാഞ്ചേരിയിൽ കണ്ട്; ഭീഷ്മപർവ്വം നൊട്ടോറിയസ് ലിറിക്കല്‍ വീഡിയോ
X

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രം 'ഭീഷ്മപർവ്വത്തിലെ' ലിറിക്കല്‍ വീഡിയോ പുറത്ത്. ബി നൊട്ടോറിയസ് എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടി, അമൽ നീരദ് തുടങ്ങിയവർ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

സൗബിൻ ഷാഹിർ അവതരിപ്പിച്ച അജാസ് എന്ന കഥാപാത്രത്തിന്റെ ഡയലോഗിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് മമ്മൂട്ടിയുടെ സിനിമയിലെ ഏറ്റവും അധികം കയ്യടി നേടിയ ഡയലോഗുകളുടെ അകമ്പടിയോടെ ഗാനം മുന്നോട്ടു പോകുന്നു. 123 മ്യൂസിക്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം റിലീസ് ചെയ്‌ത സിനിമയുടെ മേക്കിങ്ങ് വീഡിയോയ്ക്ക് സമൂഹ മാധ്യമങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടിയും ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഫർഹാൻ ഫാസിലും അബു സലീമും ഉൾപ്പെടുന്ന റോബോട്ടിക്ക് ക്യാമറയാൽ പകർത്തിയ സംഘട്ടന രംഗമാണിത്. രംഗത്തിനിടയിൽ താരത്തിന്റെ കൈകൾക്ക് പരിക്കേൽക്കുന്നതിനെ തുടർന്ന് ഐസ് വെക്കുന്നതും വീഡിയോയിൽ കാണാം.

അതേസമയം ഭീഷ്മപർവ്വം മികച്ച കളക്ഷനുമായി മുന്നേറുകയാണ്. ആഗോളതലത്തിൽ ചിത്രം ഇതിനികം 80 കോടിയ്ക്ക് മുകളിൽ സ്വന്തമാക്കിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പടെ സിനിമയ്ക്ക് വമ്പൻ വരവേൽപ്പാണ് ലഭിച്ചത്. സൗദി അറേബ്യയിൽ ഏറ്റവും അധികം കളക്ഷൻ നേടുന്ന ഇന്ത്യൻ സിനിമ എന്ന റെക്കോർഡും ചിത്രം സ്വന്തമാക്കിയിരുന്നു.

1980കളിലെ കൊച്ചിയുടെ പശ്ചാത്തലത്തിലാണ് സിനിമ കഥ പറയുന്നത്. അമല്‍ നീരദിന്റെ സംവിധാന മികവ് തന്നെയാണ് സിനിമയുടെ പ്രധാന ഹൈലൈറ്റ്. മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഡ്രാമ വിഭാഗത്തിലുള്ള ചിത്രമാണ് ഭീഷ്മപര്‍വ്വം.

story highlights: mammootty and amal neerad movie bheeeshmaparvam be notorious song lyrical video out

Next Story