വിനീതും കൂട്ടുകാരും പൊളി;കോടമ്പാക്കം ഓർമ്മകളിൽ'വർഷങ്ങൾക്കു ശേഷം'മുങ്ങി നിവർന്ന് മലയാള സിനിമ,റിവ്യു

വിനീതും കൂട്ടുകാരും പൊളി;കോടമ്പാക്കം ഓർമ്മകളിൽ'വർഷങ്ങൾക്കു ശേഷം'മുങ്ങി നിവർന്ന് മലയാള സിനിമ,റിവ്യു

ഒരു ഫീല്‍ ഗുഡ് സിനിമ എന്നതിനപ്പുറം സിനിമയില്‍ എത്തപ്പെടുക, വിജയിക്കുക, നിലനില്‍ക്കുക എന്നത് ഇന്ന് കാണുന്നത്ര സിംപിളല്ല എന്ന ഓര്‍മ്മിപ്പിക്കല്‍ കൂടിയാകുന്നുണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം

സിനിമ സ്വപ്നം കണ്ട് മദിരാശിക്ക് വണ്ടി കയറിയ, ആരോരും അറിയാതെ സിനിമയുടെ പുറമ്പോക്കില്‍ ജീവിച്ചവര്‍ക്കും ആരോരുമറിയാതെ മൺമറഞ്ഞ് പോയവർക്കും വേണ്ടിയുള്ള ഒരു ട്രിബ്യൂട്ടാണ് 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന സിനിമ. ഒരു ഫീല്‍ ഗുഡ് സിനിമ എന്നതിനപ്പുറം സിനിമയില്‍ എത്തപ്പെടുക, വിജയിക്കുക, നിലനില്‍ക്കുക എന്നത് ഇന്ന് കാണുന്നത്ര സിംപിളല്ല എന്ന ഓര്‍മ്മിപ്പിക്കല്‍ കൂടിയാകുന്നുണ്ട് 'വര്‍ഷങ്ങള്‍ക്കു ശേഷം'. ഹൃദയം എന്ന സിനിമയുടെ വിജയത്തിന് ശേഷം വിനീത് ശ്രീനിവാസനും കൂട്ടുകാരും ഒരുക്കിയ വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ ഒരു ഹൃദയം മിക്‌സ് ഉണ്ടാകുമോ എന്ന് ട്രെയ്‌ലര്‍ കണ്ട് ആശങ്കപ്പെട്ടവരുണ്ട്. എന്നാല്‍ വിനീത് ടച്ച് ഒട്ടും വിടാതെ മറ്റൊരു സിനിമ തന്നെയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്.

അഭിമുഖങ്ങളിലെ ഹൈപ്പില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് സിനിമ. സിനിമ മോഹവുമായി കേരളത്തെ നാട്ടില്‍ നിന്ന് കോടമ്പാക്കത്തേക്ക് തീവണ്ടി കയറുന്ന സുഹൃത്തുക്കളായ വേണു, മുരളി എന്നിവരോടൊപ്പമാണ് സിനിമ സഞ്ചരിക്കുന്നത്. സ്വപ്നങ്ങളെ നെഞ്ചിലേറ്റി ഏതു വാതിലിലും ഒരവസരത്തിനായി മുട്ടാന്‍ തയാറായവര്‍ക്കു മുന്നില്‍ വീണു കിട്ടുന്ന ഭാഗ്യ പരീക്ഷണങ്ങളും അതിനിടയിലെ വെല്ലുവിളികളുമൊക്കെ സിനിമ സംസാരിക്കുന്നു. 1970 കാലഘട്ടത്തിലെ സിനിമയും സംഗീതവും വര്‍ത്തമാനകാലത്ത് വീണ്ടും കണ്ടുമുട്ടുന്നത് വേണുവിന്റെയും മുരളിയുടെയും യൗവനത്തിലൂടെയും വാര്‍ധക്യത്തിലൂടെയും ദൃശ്യവത്കരിക്കുമ്പോള്‍ ഈ സിനിമ നമുക്കറിയാവുന്നതും അറിയാത്തവരുമായ പലരെയും കണക്ട് ചെയ്യുന്നുണ്ട്.

കാണികളെ സംബന്ധിച്ചിടത്തോളം തിയേറ്ററില്‍ കാണുന്ന ഫൈനല്‍ പ്രൊഡക്ട് മാത്രമാണ് ഒരു സിനിമ. എന്നാല്‍ ഒരു സിനിമയുടെ ജോലികള്‍ തുടങ്ങുന്നതിനും അവസാനിക്കുന്നതിനുമിടയില്‍ സംവിധായകനും അഭിനേതാക്കളും നിര്‍മ്മാതാക്കളും അടക്കം മുഴുവന്‍ പേരും കടന്നു പോകുന്ന വഴികള്‍ വളരെ ഭംഗിയായി അടയാളപ്പെടുത്താന്‍ വിനീതിലെ സംവിധായകന് സാധിച്ചിട്ടുണ്ട്. റിയലിസ്റ്റിക് മോഡിനൊപ്പം നാടകീയമായി പതിയെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ ആദ്യ പകുതിയില്‍ നിന്ന് പ്രേക്ഷകരെ വളരെ ആവേശഭരിതരാക്കുന്ന ചിരിപ്പിക്കുന്ന നിമിഷങ്ങളാണ് സെക്കന്‍ഡ് ഹാഫില്‍. അതിന് നിവിന്‍ പോളിയുടെ കഥാപാത്രം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്.

പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സിനിമകളിലെ പെര്‍ഫോമന്‍സിനോട് നിരാശ പ്രകടിപ്പിച്ച പ്രേക്ഷകര്‍ ഹൃദയത്തിലൂടെയുള്ള താരത്തിന്റെ മാറ്റങ്ങള്‍ അംഗീകരിച്ചിരുന്നു. എന്നാല്‍ ഈ സിനിമയില്‍ പല ഭാഗങ്ങളിലും പ്രണവ് തന്റെ കഥാപാത്രവുമായി ചേരാതെ നില്‍ക്കുന്നുണ്ട്. പ്രണവ് പലപ്പോഴും സ്‌ക്രീനില്‍ മോഹന്‍ലാല്‍ പ്രസന്‍സ് അനുസ്മരിപ്പിക്കുന്നത് കല്ലുകടിയാകുന്നുണ്ട്. അതേസമയം, ഈ കാണുന്നതല്ല, മനസ് വെച്ചാല്‍ തനിക്ക് എന്തും സാധിക്കും എന്ന് തെളിയിക്കുന്നതായിരുന്നു ധ്യാന്‍ ശ്രീനിവാസന്റെ പ്രകടനം. കഥാപാത്രത്തിനായി താരം ശാരീരികമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു എന്നു റിലീസിന് മുന്നേ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ടെങ്കിലും സിനിമയില്‍ അത് പ്രകടമാണ്. മാത്രമല്ല, താന്‍ മനസില്‍ കണ്ട വേണുവിനെ ധ്യാനിലൂടെ പുറത്തെടുക്കുന്നതില്‍ വിനീത് പൂര്‍ണമായും വിജയിച്ചിട്ടുണ്ട്.

പ്രണവും ധ്യാനും സിനിമയെ മുന്‍പോട്ട് നയിച്ചപ്പോള്‍ പിന്നില്‍ നിന്നുള്ള വലിയ പിന്തുണ നല്‍കിയത് സഹതാരങ്ങളാണ്. അജു വര്‍ഗീസും ബേസില്‍ ജോസഫും കല്യാണിയും തുടങ്ങി കാസ്റ്റിങ്ങില്‍ ഒരു വീഴ്ചയും വരുത്താതെ വിനീത് തന്റെ സുഹൃത്തുക്കളെ ചിത്രത്തില്‍ കൂട്ടിയിണക്കിയിട്ടുണ്ട്. സിനിമയുടെ ഷോ സ്റ്റീലറെന്നോ സെക്കന്‍ഡ് ഹാഫിനെ എന്‍ഗേജ്ഡാക്കിയ കഥാപാത്രമെന്നോ വിശേഷിപ്പിക്കാം നിവിന്‍ പോളിയെ. മലയാള സിനിമയില്‍ നിവിന്‍ പോളിയെവിടെ എന്ന് ചോദിച്ചവര്‍ക്ക് ഞാന്‍ എങ്ങും പോയിട്ടില്ല, ഇവിടെ തന്നെയുണ്ട്, ഇവിടെയൊക്കെ തന്നെയുണ്ടാകും എന്ന് 'ഒറ്റയ്ക്ക് വഴി വെട്ടി വന്നവനെ' പോലെ നിവിന്‍ തെളിയിച്ചിട്ടുണ്ട്. ഹ്യൂമര്‍ കണ്ടന്റാണ് നിവിന്റെ കഥാപാത്രത്തിനുള്ളതെങ്കിലും തനിക്ക് പറയാനുള്ള പൊളിറ്റിക്‌സ്, സിനിമയിലെ ഫേവറൈറ്റിസം മുതല്‍ നെപ്പോട്ടിസം വരെ ആക്ഷേപ ഹാസ്യത്തിലൂടെ തന്നെ നിവിന്റെ കഥപാത്രം തുറന്നു പറയുന്നു എന്നതാണ് സെക്കന്‍ഡ് ഹാഫിന്റെ ഹൈലൈറ്റ്.

സിനിമ പ്രെഡിക്ടബിളാണെന്ന് വിചാരിച്ചിരിക്കുന്ന സമയത്ത്, എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി എന്ന് കാണിക്കുന്ന ഭാഗങ്ങള്‍ വിനീത് ടച്ചോടെ അവതരിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം, കൈയ്യടി നിമിഷങ്ങള്‍ ഇവിടെയാണെന്ന് പറയാതെ പറയുന്നതിലും ചിത്രം വിജയിച്ചു. തന്റെ അച്ഛനില്‍ നിന്നും അച്ഛന്റെ സഹപ്രവര്‍ത്തകരില്‍ നിന്നും വിനീത് കേട്ടിട്ടുള്ള കോടമ്പാക്കം സിനിമാ ജീവിതത്തിന്റെ ഒരു ഏടാണ് ഈ സിനിമ എന്ന് അദ്ദേഹം പറഞ്ഞത് വെറുതെ അല്ല എന്ന് 'വര്‍ഷങ്ങള്‍ക്കു ശേഷം' കാണുമ്പോള്‍ വ്യക്തമാകും.

ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് സംഗീതമാണ്. ധ്യാനിന്റെ കഥാപാത്രം വേണു സിനിമ സംവിധായകനാകാന്‍ മോഹിച്ചപ്പോള്‍ പ്രണവിന്റെ കഥാപാത്രമായ മുരളിയുടെ ജീവനും ജീവിതവുമെല്ലാം സംഗീതമാണ്. അമൃത് രാംനാഥിന്റെ സംഗീതം മൂഡ് ക്രിയേറ്ററാണ് എന്ന് റിലീസിന് മുന്‍പ് സിനിമയിലെ പാട്ടുകള്‍ക്ക് ലഭിച്ച സ്വീകാര്യത തെളിയിക്കുന്നു, സിനിമയുടെ ആസ്വാദനത്തിലും ആ സംഗീതം പ്രധാനതാരമാകുന്നുണ്ട്. പഴയ കോടമ്പാക്കം സിനിമയില്‍ തത്മയത്വത്തോടെ ജീവന്‍ വെച്ചപ്പോള്‍ ശ്രദ്ധേയമായത് സിനിമയുടെ ആര്‍ട്ട് വര്‍ക്കാണ്. ധ്യാനിന്റെയും പ്രണവിന്റെയും നിവിന്‍ പോളിയുടെയുമടക്കം മേക്കോവറിനും അഭിനന്ദമര്‍ഹിക്കുന്നു.

റിയലിസ്റ്റിക്ക് മൂഡിനൊപ്പം അല്‍പ്പം ഡ്രാമയും കൂടി കൂട്ടിച്ചേര്‍ത്താണ് വിനീത് 'വര്‍ഷങ്ങള്‍ക്കു ശേഷം' എന്ന കഥ ഒരുക്കിയിരിക്കുന്നത്. ഒരുപാട് നല്ല നിമിഷങ്ങളും നിര്‍ണായക മുഹൂര്‍ത്തങ്ങളും പ്രതീക്ഷക്കാതെ വരുന്ന തമാശകളുമൊക്കെയായി ഒരു കംപ്ലീറ്റ് പാക്കേജ് ആണ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രേക്ഷകര്‍ക്കായി ഒരുക്കി വെച്ചിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com