


 
            റീൽസിലൂടെയും വീഡിയോയിലൂടെയും മലയാളികൾ ഏറെ ആഘോഷമാക്കിയിരുന്നു സുരേശന്റെയും സുമലത ടീച്ചറുടെയും പ്രണയം. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിലൊരുങ്ങിയ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ഒരു ചെറിയ ഭാഗം ഒരു സിനിമയുടെ വലിയ ക്യാൻവാസിലേയ്ക്ക് വളരുമ്പോൾ സംവിധായകന്റെ വെല്ലുവിളി വളരെ വലുതാണ്. അക്കാര്യത്തിൽ രതീഷ് ബാലകൃഷ്ണൻ വിജയിച്ചു എന്നു തന്നെ ഒറ്റവാക്കിൽ പറയാം. പ്രേക്ഷകർ കണ്ട വെറും ഓട്ടോക്കാരൻ സുരേശനല്ല യാഥാർത്ഥത്തിൽ സുരേശനെന്നും ഒരു സാധാരണ അങ്കണവാടി ടീച്ചറല്ല സുമലത ടീച്ചറെന്നും സിനിമ പറയുന്നുണ്ട്.
വളരെ തീവ്രമായ അവരുടെ പ്രണയം മൂന്ന് കാലങ്ങളിൽ (1980s, 2000, 2023) പറഞ്ഞു പോകുമ്പോൾ ടൈംട്രാവലായും കാണികൾക്ക് തോന്നാം. മേക്കിങ്ങിലും സിനിമയുടെ ട്രീറ്റ്മെൻ്റിലും അത്തരത്തിൽ വ്യത്യസ്ത കൊണ്ടുവരാൻ രതീഷ് ബാലകൃഷ്ണ പോതുവാളും സംഘവും നന്നേ പണിയെടുത്തിട്ടുണ്ട് എന്ന് ഈ ഫൈനൽ റിസൾട്ടിലൂടെ മനസിലാകും. രാജേഷ് മാധവനും ചിത്ര നായരും ടൈറ്റിൽ റോളിൽ ഭംഗിയായി നിറഞ്ഞു നിന്നപ്പോൾ മത്സരിച്ചുള്ള പ്രകടനം തന്നെയായിരുന്നു സ്ക്രീനിൽ തുടക്കം മുതൽ ഒടുക്കം വരെ വന്നുപോയവരെല്ലാം കാഴ്ചവച്ചതെന്ന് പറയാതെ വയ്യ. കാസർകോടൻ സംസാര ശൈലിയും സ്വാഭാവികാഭിനയവും എല്ലാ ആർട്ടിസ്റ്റുകളെയും മികവിൻ്റെ ഉയരങ്ങളിലെത്തിച്ചിട്ടുണ്ട് എന്നതിനാൽ തന്നെ താരങ്ങളുടെ പേരെടുത്തു പറയേണ്ടതില്ല.
എന്നിരുന്നാലും നായിക-നായകന്മാരെ മാറ്റി നിർത്തിയൽ സുധീഷിന്റെ പെർഫോമൻസ് എടുത്ത് പറയേണ്ടതാണ്. അഭിനേതാവ് എന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ മികവിനെ ഏതാണ്ട് പൂർണ്ണമായി തന്നെ സംവിധായകൻ ഊറ്റിയെടുത്തു എന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. സുധീഷ് മറ്റൊരു ലെവലിലേയ്ക്ക് അദ്ദേഹത്തിൻ്റെ കഥാപാത്രത്തെ എത്തിച്ചിട്ടുണ്ട്. നാടകം എന്ന കലയെ ഒരു പ്രധാന മാധ്യമമായി സിനിമയിൽ ഉൾച്ചേർത്തിരിക്കുന്നു എന്നത് ഈ ചിത്രത്തിന്റെ മറ്റൊരു വ്യത്യസ്തതയാണ്. നാടകമെന്ന മാധ്യമത്തെ അപ് ലിഫ്റ്റ് ചെയ്യുന്ന തരത്തിൽ ഡോൺ വിൻസന്റിന്റെ ബിജിഎമ്മും പാട്ടുകളും ചേർന്നപ്പോൾ തിയേറ്ററിൽ മികച്ചൊരു അനുഭവം സൃഷ്ടിക്കുകയായിരുന്നു. പാട്ടുകൾക്ക് വരികൾ എഴുതിയ വൈശാഖ് സുഗുണനും പ്രത്യേക കൈയ്യടി അർഹിക്കുന്നുണ്ട്.
സിനിമയിൽ കാത്തിരുന്ന മറ്റൊന്ന് കുഞ്ചാക്കോ ബോബന്റെ കാമിയോ എൻട്രിയാണ്. ന്നാ താൻ കേസ് കൊട് സിനിമയുമായി ബ്ലെൻഡ് ചെയ്യുന്ന തരത്തിൽ തന്നെ സ്പിൻ ഓഫിനെയും കൊഴുമ്മൽ രാജീവനെയും രതീഷ് കൃത്യമായി ചേർത്തുവച്ചു. ചിത്രത്തിൽ തമാശകളും രസകരമായ മുഹൂർത്തങ്ങളിലൂടെ അൽപ്പം സീരിയസായി ജാതീയതയുടെ രാഷ്ട്രീയവും അതേ മോഡിൽ കൊണ്ടുവന്നതിൽ വിജയിച്ചിട്ടുണ്ട്. തിയേറ്റർ വാച്ച് എന്ന രീതിയിൽ ഒരുക്കലും മിസ് ചെയ്യാൻ പാടില്ലാത്ത പ്രേക്ഷകനെ നിരാശപ്പെടുത്താത്ത സിനിമ തന്നെയാണ് ഹൃദയഹാരിയായ പ്രണയകഥ.
'ഫൺ സൂപ്പർ എൻ്റർടെയ്നർ', 'ബേസിൽ - പൃഥ്വി കോംബോയുടെ പീക്ക് അഴിഞ്ഞാട്ടം'; ആദ്യ പ്രതികരണങ്ങൾ ഇങ്ങനെ 
                        
                        