

2026ല്‍ ഇന്ത്യയിലെ ജീവനക്കാരുടെ ശമ്പളത്തില്‍ 9.1 ശതമാനം വര്‍ധനവുണ്ടായേക്കുമെന്ന് ഈവൈ റിപ്പോര്‍ട്ട്. രാജ്യം മികച്ച തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിലും തൊഴിലാളി നൈപുണ്യത്തിലും കൃത്യമായ പദ്ധതിയിടല്‍ നടത്തുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും സാധാരണ നിലയിലേക്ക് തന്നെ എത്തിയിരിക്കുകയാണ്. കോവിഡിന് ശേഷം നേരിട്ട സാമ്പത്തിക ഞെരുക്കങ്ങളെ സമ്പദ് വ്യവസ്ഥ മറികടന്നു. മുന്‍ വര്‍ഷങ്ങളില്‍ 10 മുതല്‍ 12% വരെ ഉയര്‍ന്ന ശമ്പള വര്‍ധന ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് സ്ഥിരതയുള്ള നിരക്കായ 9.1 ശതമാനത്തിലെത്തി നില്‍ക്കുകയാണ്. നിയന്ത്രിതമായ വര്‍ധനയാണ് കാണാനാവുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
കമ്പനികള്‍ വരവു ചെലവില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നതായി കാണാനാവുന്നുണ്ട്. തൊഴിലാളികളെ നിയമിക്കുമ്പോഴും ശമ്പളം നിശ്ചയിക്കുമ്പോഴും കമ്പനികള്‍ കൂടുതല്‍ കൃത്യമായ പദ്ധതിയിടല്‍ നടത്തുന്നുവെന്നാണ് കാണാം. അനാവശ്യ റിക്രൂട്ട്മെന്റ് കുറയ്ക്കുകയും ആവശ്യമായ മേഖലകളില്‍ മാത്രം നിയമനം നടത്തുകയും ചെയ്യുന്നതും നല്ല സൂചനയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന മേഖലകള്‍ ഏതൊക്കെ?
2026ല്‍ ശമ്പള വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന മേഖലകളില്‍ ധനകാര്യ സേവനങ്ങള്‍, ഇ-കൊമേഴ്സ്, ലൈഫ് സയന്‍സസ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയാണ് പ്രധാനമായും ഉള്‍പ്പെടുന്നത്. അതേ സമയം എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, ഓട്ടോമോട്ടീവ്, ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലകള്‍ മിതമായ ശമ്പള വര്‍ധനവായിരിക്കും നല്‍കുകയെന്നും കരുതുന്നു. ഈ മേഖലകള്‍ക്ക് നിക്ഷേപ ചെലവുകള്‍, ഫാക്ടറികളിലെ ഉത്പാദന ശേഷി എന്നിവയ്ക്കായി വലിയൊരു നിക്ഷേപം മാറ്റി വയ്ക്കേണ്ടി വരുന്നതാണ് ശമ്പള വര്‍ധനവിനെ ബാധിക്കാനിടയാവുന്നത്.

ഈ മേഖലകളിലെ കമ്പനികള്‍ സുരക്ഷിതവും നിയന്ത്രിതവുമായ സാമ്പത്തിക സമീപനം സ്വീകരിക്കുന്നുവെന്ന് വേണം കരുതാന്‍. ഇത് തൊഴില്‍ വിപണി ദുര്ബലമാണെന്നല്ല, കമ്പനികള്‍ കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ട് പോകുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ മള്‍ട്ടിനാഷണല്‍ കമ്പനികളുടെ ഇന്ത്യയിലെ കേന്ദ്രങ്ങള്‍ ഈ വര്‍ഷം ശമ്പള വര്‍ധനയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് ഇവൈ കരുതുന്നു. പ്രത്യേകിച്ച് ടെക്, ഫിനാന്‍സ്, അനലിറ്റിക്സ് കമ്പനികള്‍ക്കാണ് ഊന്നല്‍. ടെക്നോളജി അടിസ്ഥാനമാക്കിയുള്ള മേഖലകളിലാണ് ഇപ്പോള്‍ കൂടുതല്‍ ശമ്പള വര്‍ധന നടക്കുന്നതെന്ന് ഇവൈ കണക്കാക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തെ തൊഴില്‍ വിപണി നോക്കുകയാണെങ്കില്‍ ഈ കാലയളവില്‍ തൊഴില്‍ ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 2025 അവസാനമായപ്പോഴേക്കും തൊഴില്‍ ഉപേക്ഷിച്ചവര്‍ 16.4 ശതമാനമായി കുറഞ്ഞു. 2024ല്‍ ഇത് 17.5 ശതമാനമായിരുന്നു. ഉയര്‍ന്ന ശമ്പളത്തിനായി മാത്രം ജോലി മാറുന്നതിന് പകരം, സുരക്ഷയും സ്ഥിരതയുമുള്ള തൊഴില്‍ തിരഞ്ഞെടുക്കുന്നതിനും ജീവനക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്കുന്നു. ഇനി ജോലി നഷ്പ്പെടുത്തിയവരുടെ കാര്യമെടുത്താല്‍ ജോലി വിടുന്നവരില്‍ 80% പേര് സ്വമേധയാ ജോലി വിട്ടു പോകുന്നവരാണ്. കമ്പനി പിരിച്ചുവിടലുകളല്ല ഇതിന് കാരണമാവുന്നത്.

മൊത്തം കണക്കെടുത്താല്‍ തൊഴില്‍ വിപണി കൂടുതല്‍ സ്ഥിരതയുള്ള മികച്ച ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇന്ത്യയിലെ തൊഴില്‍ വിപണിയില്‍ വലിയ മാറ്റം സംഭവിക്കുന്നുവെന്നാണ് ഇവൈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. നേരത്തെ തൊഴിലിലെ പദവികള്‍ക്കും സ്ഥാനങ്ങള്ക്കുമനുസരിച്ച് ശമ്പളം തീരുമാനിക്കപ്പെട്ടിരുന്നുവെങ്കില് ഇപ്പോള്‍ തൊഴിലാളികളുടെ നൈപുണ്യമനുസരിച്ചാണ് ശമ്പളം നിശ്ചയിക്കുന്നത്. എഐ, ജനറേറ്റിവ് എഐ, മെഷിന് ലേണിങ്, എഞ്ചിനിയറിങ് എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് സാധാരണ ശമ്പളത്തേക്കാള്‍ 40 ശതമാനം വരെ അധികം ആവശ്യപ്പെടാനാകും.
Content Highlights: An EY report predicts a 9.1% salary hike for employees in India in 2026.