

കഴിഞ്ഞ ദിവസം ഒപ്പുവച്ച യുഎസ്-ബംഗ്ലാദേശ് വ്യാപാര കരാർ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമെന്ന് സൂചന. പ്രധാനമായും ഇന്ത്യയുടെ വസ്ത്ര മേഖലയുടെ നേട്ടം ഈ കരാറിലൂടെ ഇല്ലാതാകുമോ എന്ന ആശങ്കയാണ് വിദഗ്ധർ പങ്കുവെക്കുന്നത്. ഇന്ത്യ, അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന വസ്തുക്കളിൽ 18% താരിഫ് ഉറപ്പാക്കിയെങ്കിലും, പുതിയ കരാർ ബംഗ്ലാദേശിന്, "സീറോ-ഡ്യൂട്ടി" എന്ന സൗകര്യം നൽകുന്നുണ്ട്. അത് യു എസ്-ഇന്ത്യ വ്യാപാര ഉടമ്പടിയിൽ ഇല്ലാത്തതാണ്.

യുഎസ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും ഇനി മുതൽ ബംഗ്ലാദേശിന് പൂജ്യം താരിഫ് അനുവദിക്കുന്ന നയമാണ് ഇന്ത്യക്ക് തിരിച്ചടി ആകുമോ എന്ന ആശങ്ക ഉയർത്തുന്നത്.
എന്താണ് യുഎസ്-ബംഗ്ലാദേശ് കരാർ ?
2026 യുഎസ്-ബംഗ്ലാദേശ് പരസ്പര വ്യാപാര കരാർ ഇരു രാജ്യങ്ങൾക്കും പ്രയോജനകരമാകുന്ന രീതിയിലാണ് വന്നിട്ടുള്ളത്. യുഎസ് വ്യാപാര വകുപ്പിന്റെ കണക്കനുസരിച്ച്, 2024 ൽ ബംഗ്ലാദേശിൽ നിന്നുള്ള യുഎസ് സാധനങ്ങളുടെ ഇറക്കുമതി 8.4 ബില്യൺ ഡോളറായിരുന്നു. ബംഗ്ലാദേശിൽ നിന്നുള്ള യുഎസിന്റെ മൊത്തം ഇറക്കുമതിയുടെ പകുതിയിലധികവും തുണിത്തരങ്ങളാണ്.
ഇന്ത്യയുടെ മൊത്തത്തിലുള്ള താരിഫ് നിരക്ക് ബംഗ്ലാദേശിന്റെ 19 ശതമാനത്തേക്കാൾ നേരിയ കുറവാണെങ്കിലും, ചില വിഭാഗങ്ങൾക്ക് ബംഗ്ലാദേശിന് താരിഫ് രഹിത പ്രവേശനം അമേരിക്കയിൽ ലഭിക്കും. ഇത് ബംഗ്ലാദേശിന് നേട്ടമാകും. ബംഗ്ലാദേശിൽ വേതനം കുറവായതിനാൽ, മൊത്തത്തിലുള്ള ഉൽപ്പാദന ചെലവുകൾ കുറവായിരിക്കും .അതോനോടൊപ്പം തന്നെ 'സീറോ ഡ്യൂട്ടി' വരുന്നതോടെ ഇന്ത്യയേക്കാൾ വിലക്കുറവിൽ ബംഗ്ലാദേശിൽ നിന്നുള്ള വസ്ത്രങ്ങൾ അമേരിക്കയിൽ വിറ്റഴിക്കനാകും.
ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ ?
ഇന്ത്യയുടെ ടെക്സ്റ്റൈൽ ഹബ്ബുകളായ തിരുപ്പൂരിനെയും, പാനിപത്തിനേയും,സൂററ്റിനെയും ഇത് നേരിട്ട് ബാധിക്കാൻ സാധ്യതയുണ്ട് . കൂടാതെ, ഇന്ത്യയിലെ ബ്രാൻഡഡ് വസ്ത്ര വ്യാപാരികളെയും നടപടി നേരിട്ട് ബാധിക്കും. പല ബ്രാൻഡഡ് വസ്ത്ര വ്യാപാരികളും അമേരിക്കയിലേക്ക് വൻതോതിൽ കയറ്റുമതി ചെയ്യുന്നതിനാൽ തന്നെ നടപടി തിരിച്ചടിയായേക്കും.ഇതിനു പുറമെ ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്കുള്ള അസംസ്കൃത വസ്തുക്കളുടെ കയറ്റുമതിയേയും ബാധിക്കും.
ഇന്ത്യൻ പരുത്തിയും, നൂലും വാങ്ങുന്ന പ്രധാന രാജ്യമാണ് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ നൂൽ ഇറക്കുമതിയുടെ ഏകദേശം 70% ഇന്ത്യയിൽ നിന്നാണ്. യുഎസ് സീറോ-ഡ്യൂട്ടി ആനുകൂല്യങ്ങൾക്ക് യോഗ്യത നേടുന്നതിനായി, ബംഗ്ലാദേശ് യുഎസ് പരുത്തി ഇറക്കുമതി ചെയ്യാൻ തുടങ്ങിയാൽ, ഇത് ഇന്ത്യൻ കർഷകരെയും സ്പിന്നിംഗ് മില്ലുകളെയും നേരിട്ട് ബാധിക്കും.

പ്രഖ്യാപനത്തെത്തുടർന്ന്, കയറ്റുമതി കുറയുമെന്ന ആശങ്കകൾ കാരണം പേൾ ഗ്ലോബൽ, ഗോകൽദാസ് എക്‌സ്‌പോർട്ട്‌സ്, അരവിന്ദ്,വർധമാൻ,കിറ്റെക്സ് തുടങ്ങിയ ഇന്ത്യൻ ടെക്‌സ്റ്റൈൽ സ്ഥാപനങ്ങളുടെ ഓഹരികൾ 10% വരെ ഇടിഞ്ഞു.
അമേരിക്കയുടെ ഇരട്ട താപ്പ് നയം
ഓരോ രാജ്യവുമായും വ്യാപാര ഉടമ്പടി ഉണ്ടാക്കുമ്പോൾ ആ രാജ്യത്തിന് ഏറ്റവും നേട്ടം നൽകി എന്ന തോന്നൽ ഉണ്ടാക്കുന്ന അമേരിക്കയുടെ ഇരട്ട താപ്പാണ് നടപടിയിലൂടെ വ്യക്തമാകുന്നത്. 'അമേരിക്കയുമായുള്ള വ്യാപാര ഉടമ്പടി ഇന്ത്യക്ക് ഏറ്റവും നേട്ടമായി' എന്ന് വാർത്തകൾ വരുമ്പോൾ തന്നെ ബംഗ്ലാദേശുവഴി ഇന്ത്യക്ക് തുരങ്കം വെച്ച ഒരു നടപടിയായി ഇതിനെ കാണാം.

ഇന്ത്യയുടെ ടെക്സ്റ്റൈൽ മേഖലയിലെ ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനത്തിന് കരാർ ഭീഷണിയാകുമെന്ന് രാഷ്ട്രീയ നിരീക്ഷകരും വ്യവസായ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. മത്സരശേഷി നഷ്ടപ്പെടുന്നതിനാൽ ഇന്ത്യയിൽ 10 ദശലക്ഷം പേർക്ക് തൊഴിൽ നഷ്ടം ഉണ്ടായേക്കുമെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളും പുറത്തുവരുന്നുണ്ട്.
Content Highlights:The US–Bangladesh deal could put pressure on India’s textile sector, raising concerns over exports, employment, and market competitiveness