

ബെംഗളൂരുവില്‍ കൂട്ടുകാരുമായി കളിച്ചുകൊണ്ടിരിക്കേ അഞ്ചുവയസുകാരനെ പിറകിലൂടെ വന്ന് ചിവിട്ടിത്തെറിപ്പിച്ച 35കാരനെ പൊലീസ് പിടികൂടി. ഇക്കഴിഞ്ഞ ഡിസംബര്‍ 14ന് ബനാശങ്കരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ത്യാഗരാജ നഗറിലായിരുന്നു സംഭവം. പ്രതി രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മറ്റ് മൂന്നുകുട്ടികള്‍ക്ക് നേരെയും ഇത്തരത്തില്‍ അതിക്രമം കാട്ടിയതായി വ്യക്തമായിട്ടുണ്ട്. ത്യാഗരാജനഗറിലെ താമസക്കാരനായ ഇയാള്‍ക്ക് മാനസികമായ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുമ്പ് ഇയാള്‍ ജിം ട്രെയ്‌നറായി ജോലി നോക്കിയിട്ടുണ്ട്.
സംഭവദിവസം അങ്കിളിന്റെ വീട്ടിലെത്തിയതാണ് അഞ്ചുവയസുകാരന്‍. ഉച്ചയ്ക്ക് 1.40ന് അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം ബാഡ്മിന്‍ഡണ്‍ കളിക്കുകയായിരുന്നു കുട്ടി. ഇതിനിടയില്‍ വീട്ടില്‍ നിന്നും ഇറങ്ങിവന്ന പ്രതി രഞ്ജന്‍, ഓടിവന്ന കുട്ടിയെ ചവിട്ടിവീഴ്ത്തുകയായിരുന്നു. എന്നിട്ട് ഇയാള്‍ അതുവഴി തന്നെ നടന്നുപോയി. കുട്ടിക്ക് നെറ്റിയില്‍ മുറിവേല്‍ക്കുകയും കൈയിലും കാലിലും ചതവുകള്‍ ഉണ്ടാവുകയും ചെയ്തു.
ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് കുട്ടിയുടെ അമ്മ ദീപിക ജെയിന്‍ പൊലീസില്‍ പരാതി നല്‍കി. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളെ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടത്തിയത്. പിന്നാലെ പ്രതിയെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തു. ജാമ്യം ലഭിച്ച ഇയാള്‍ നിലവില്‍ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണ്.
മറ്റ് മൂന്ന് സംഭവങ്ങളില്‍, റോഡില്‍ സൈക്കിള്‍ ഓടിക്കുകയായിരുന്ന ആണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും കൂട്ടുകാരിക്കൊപ്പം നടന്നുപോയ പെണ്‍കുട്ടിയെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കൂടാതെ ഇയാളുടെ ഇരുചക്രവാഹനം ഉപയോഗിച്ച് ഒരു പെണ്‍കുട്ടിയെ ഇടിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയും ഇതില്‍ ഉള്‍പ്പെടും. ഈ സംഭവങ്ങള്‍ ഡിസംബര്‍ 12നും 14നും ഇടയിലാണ് സംഭവിച്ചിരിക്കുന്നത്. മൂന്നു മാസം മുമ്പ് നടന്ന ഒരു വാഹനാപകടത്തിന് ശേഷമാണ് ഇയാള്‍ക്ക് മാനസികമായ ബുദ്ധിമുട്ടുകള്‍ ആരംഭിച്ചതെന്നാണ് വിവരം. കഴിഞ്ഞ മുപ്പത് വര്‍ഷമായി പ്രദേശത്ത് താമസിക്കുന്ന വ്യക്തിയാണ് ഇയാളെന്നാണ് പരിക്കേറ്റ കുട്ടിയുടെ ബന്ധു പൊലീസിനോട് പറയുന്നത്.
Content highlights: 35year old who kicked five year old in Bengaluru