
മധ്യപ്രദേശിലെ പട്ടൗഡി രാജകുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്ത് 'ശത്രു സ്വത്ത്' ആയി പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ബോളിവുഡ് താരവും സ്വത്തിന്‍റെ പിന്തുടര്‍ച്ചാവകാശിയുമായിരുന്ന സെയ്ഫ് അലിഖാന്‍ നല്‍കിയ ഹര്‍ജി മധ്യപ്രദേശ് ഹെെക്കോടതി തള്ളി. സ്വത്തിന്‍റെ അവകാശം സെയ്ഫ് അലിഖാനും കുടുംബവും ഒറ്റയ്ക്ക് എറ്റെടുത്തെന്നും തങ്ങള്‍ക്കും സ്വത്തില്‍ അവകാശമുണ്ടെന്നും കാണിച്ച് പട്ടൗഡി രാജകുടുംബത്തിലെ നവാബ് ആയിരുന്ന ഹമീദുള്ള ഖാന്‍റെ പിന്തുടര്‍ച്ചാവകാശികള്‍ നല്‍കിയ ഹർജിയെ തുടര്‍ന്നാണ് സെയ്ഫ് അലി ഖാന്‍റെയും കുടുംബത്തിന്‍റെയും ഹർജി തള്ളിയത്.
നേരത്തെ പട്ടൗഡി രാജകുടുംബത്തിന്റെ 15,000 കോടി രൂപയുടെ സ്വത്തിന്‍റെ അവകാശികളായി സെയ്ഫ് അലി ഖാന്‍, സഹോദരിമാരായ സോഹ, സാബ, അമ്മ ഷര്‍മിള ടാഗോര്‍ എന്നിവരെ വിചാരണ കോടതി അംഗീകരിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പട്ടൗഡി കുടുംബത്തിലെ മറ്റുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ് സ്വത്തുക്കള്‍ ശത്രു സ്വത്ത് ആയി സർക്കാരിലേക്ക് ഏറ്റെടുക്കാന്‍ തീരുമാനിച്ചു. സ്വാതന്ത്ര്യാനന്തരം പാക്കിസ്താനിലേക്ക് പോയവരുടെ സ്വത്തുക്കള്‍ ആണ് 'ശത്രു സ്വത്ത്'( Enemy Property) ആയി കണക്കാക്കി സര്‍ക്കാര്‍ പിടിച്ചെടുക്കുക.
ഇന്ത്യ ബ്രിട്ടനില്‍ നിന്ന് സ്വതന്ത്ര്യമാകുന്ന കാലത്ത് ഭോപ്പാല്‍ ഒരു നാട്ടുരാജ്യമായിരുന്നു. അതിന്റെ അവസാനത്തെ നവാബ് ഹമീദുള്ള ഖാന്‍ ആയിരുന്നു. നവാബ് ഹമീദുള്ള ഖാന് മൂന്ന് പെണ്‍മക്കളുണ്ടായിരുന്നു, അതില്‍ മൂത്തമകള്‍ അബിദ സുല്‍ത്താന്‍ 1950-ല്‍ പാകിസ്ഥാനിലേക്ക് കുടിയേറി. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകള്‍ സാജിദ സുല്‍ത്താന്‍ ഇന്ത്യയില്‍ തന്നെ തുടരുകയും ചെയ്തു. പിന്നീട് സെയ്ഫ് അലി ഖാന്റെ മുത്തച്ഛനായ നവാബ് ഇഫ്തിക്കര്‍ അലി ഖാന്‍ പട്ടൗഡിയെ സാജിദ വിവാഹം കഴിക്കുകയും സ്വത്തുക്കളുടെ നിയമപരമായ അവകാശിയായി മാറുകയും ചെയ്തിരുന്നു.
2019-ല്‍ ആണ് കോടതി സാജിദ സുല്‍ത്താനെ നിയമപരമായ അവകാശിയായി അംഗീകരിക്കുകയും അവരുടെ ചെറുമകനായ സെയ്ഫ് അലി ഖാന് അടക്കമുള്ളവര്‍ക്ക് സ്വത്തവകാശം നല്‍കുകയും ചെയ്തത്. എന്നാല്, അബിദ സുല്‍ത്താനയുടെ പാകിസ്ഥാനിലേക്കുള്ള കുടിയേറ്റം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സ്വത്തുക്കള്‍ എനിമി പ്രോപ്പര്‍ട്ടിയായി ഏറ്റെടുക്കാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ മുസ്ലിം വ്യക്തി നിയമ പ്രകാരം സ്വത്തുക്കള്‍ക്ക് തങ്ങളാണ് അവകാശികള്‍ എന്നാണ് പട്ടൗഡി കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ വാദിക്കുന്നത്. കൊഹെഫിസയുടെ ഫ്‌ലാഗ് ഹൗസ്, അഹമ്മദാബാദ് കൊട്ടാരം, റായ്സണിലെ ചിക്ലോഡിലുള്ള കോത്തി നൂര്‍-ഇ-സബ, ഫ്‌ലാഗ് ഹൗസ്, ദാര്‍-ഉസ്-സലാം, ഫോര്‍ ക്വാര്‍ട്ടേഴ്സ്, ന്യൂ ക്വാര്‍ട്ടേഴ്സ്, ഫാര്‍സ് ഖാന, എന്നിവയുള്‍പ്പെടെയുള്ള സ്വത്തുക്കള്‍ തങ്ങളുടേതാണെന്നാണ് കുടുംബത്തിന്‍റെ വാദം.
Content Highlights: saif ali khan 15000 crore inheritance case