
മിനിമം ബാലൻസിന് പിഴ ഒഴിവാക്കി പൊതുമേഖല ബാങ്കുകൾ. സേവിങ്‌സ് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ പിഴ ഈടാക്കും എന്ന നിബന്ധന ഒഴിവാക്കാനൊരുങ്ങുകയാണ് നാല് പൊതുമേഖല ബാങ്കുകൾ. നിലവിൽ പലിശ നിരക്കുകൾ കുറയുന്ന സാഹചര്യത്തിലാണ് മിനിമം ബാലൻസ് ഇല്ലാത്തതിനുള്ള പിഴ ബാങ്കുകൾ ഒഴിവാക്കുന്നത്.
രണ്ടുമാസത്തിനിടെ നാല് പൊതുമോഖലാ ബാങ്കുകളാണ് മിനിമം ബാലൻസിനുള്ള നിബന്ധന ഒഴിവാക്കിയത്. മിനിമം ബാലൻസില്ലാത്തതിനുള്ള പിഴ ആദ്യം ഒഴിവാക്കുന്നത് കനറ ബാങ്കാണ്. അക്കൗണ്ടിൽ കുറഞ്ഞത് ഒരു നിശ്ചിത തുകയെങ്കിലും ഉണ്ടായിരിക്കണം എന്ന നിബന്ധന ജൂൺ ഒന്ന് മുതല്‍ കനറ ഒഴിവാക്കിയിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കും, ബാങ്ക് ഓഫ് ബറോഡയും ജൂലൈ ഒന്ന് മുതൽ മിനിമം ബാലൻസിനുള്ള പിഴ ഒഴിവാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ബാങ്കും ഇപ്പോൾ തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂലൈ ഏഴ് മുതലായിരിക്കും ഇന്ത്യൻ ബാങ്കിൽ തീരുമാനം നടപ്പിലാവുക. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ 2020 മുതൽ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലൻസ് നിബന്ധനകള്‍ ഒഴിവാക്കിയിരുന്നു.
വർഷം ശരാശരി 1,700 കോടി രൂപയോളമാണ് മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന്റെ പേരിൽ ബാങ്കുകള്‍ പിഴ ഈടാക്കുന്നത്. 2024 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം അഞ്ച് വർഷത്തെ കണക്കിൽ 8,495 കോടി രൂപയായിരുന്നു പിഴ ഇനത്തിൽ ബാങ്കുകൾക്ക് ലഭിച്ചത്. കേന്ദ്രധനമന്ത്രാലയം പാർലമെന്റിനെ അറിയിച്ച കണക്കുകളാണ് ഇത്.
Content Highlight: Banks Eliminate Minimum Balance Requirement for Accounts